മട്ടാഞ്ചേരി: കൊച്ചി കോര്പ്പറേഷന് ഇലക്ട്രോണിക് മാലിന്യമുക്തമാക്കാന്‍ കരാര്‍ ഒപ്പിട്ടു. ക്ലീന്‍ കേരള കമ്പനിയാണ് കൊച്ചി നഗരപരിധിയിലുള്ള ഇ-മാലിന്യം ശേഖരിക്കുന്നത്. ജൂണില്‍ ഇ-മാലിന്യ ശേഖരണത്തിന് തുടക്കമാകും. കിലോയ്ക്ക് അഞ്ച് രൂപ നിരക്കിലാണ് കമ്പനി ഇ-മാലിന്യ ശേഖരണം നടത്തുക. ശാസ്ത്രീയമായി സംസ്കരിച്ച് തുടര്‍ ഉപയോഗത്തിനുള്ള സംവിധാനവുമൊരുക്കുന്ന ലക്ഷ്യവുമായാണ് ഇ മാലിന്യ ശേഖരണം നടത്തുക. കൊച്ചി കോര്‍പ്പറേഷനിലെ വിവിധ ദേശങ്ങളില്‍ കമ്പനി ഇ മാലിന്യ ശേഖരണത്തിന് കേന്ദ്രങ്ങളൊരുക്കും. നിശ്ചിത ദിനങ്ങളില്‍ മുന്‍കൂട്ടി അറിയിപ്പ് നല്‍കിയാണ് ആദ്യഘട്ടത്തില്‍ ഇ-മാലിന്യ ശേഖരണം നടപ്പിലാക്കുന്നത്.
ട്യൂബ് ലൈറ്റുകള്‍, ബാറ്ററികള്‍, ഫാനുകള്‍, യുപിഎസ്, സിഎഫ്എല്‍ ബള്‍ബുകള്‍, സിഡികള്‍ തുടങ്ങി പരിസ്ഥിതിക്ക് വെല്ലുവിളിയും ഏറെ രാസപ്രക്രിയ നടത്തി ഗുരുതര രോഗങ്ങള്‍ക്കിടയാക്കുന്ന മാലിന്യമാണ് ആദ്യഘട്ടത്തില്‍ ശേഖരിക്കുന്നത്. തുടര്‍ന്ന് എല്ലാവിധ ഇ-മാലിന്യവും ശേഖരിക്കും. കോര്‍പ്പറേഷന്റെ വിവിധ കേന്ദ്രങ്ങളില്‍ ശേഖരിക്കുന്ന ഇ-മാലിന്യങ്ങള്‍ ഹൈദരാബാദിലെ എര്‍ത്ത് സെന്‍സ് റീ സൈക്ലിംഗ് കമ്പനിയിലേക്ക് നീക്കം ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്.
ക്ലീന്‍ കേരള കമ്പനിയുമായി മാലിന്യശേഖരണത്തിന് കരാര്‍ ഒപ്പിട്ട കൊച്ചി കോര്പ്പറേഷന് ജനകീയ സഹകരണവുമായാണ് മുന്നേറാന്‍ ലക്ഷ്യമിടുന്നത്. ഇ-മാലിന്യ ശേഖരണത്തിനായി റസിഡന്റ്സ് അസോസിയേഷനുകള്‍, കമ്പനികള്‍, സ്വകാര്യ ഏജന്‍സികള്‍, ഭവന യൂണിറ്റുകള്‍ തുടങ്ങിയവരുടെ സഹകരണം തേടുവാനും ഉദ്ദേശിക്കുന്നുണ്ട്. കൂടാതെ ഇ-മാലിന്യ ശേഖരണ മൊബൈല്‍ യൂണിറ്റിന്റെ മൊബൈല്‍ നമ്പര്‍, ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍, ഇ-മെയില്‍ ഐഡി തുടങ്ങിയ ആധുനിക സംവിധാനങ്ങളും പ്രയോജനപ്പെടുത്തും.
കൊച്ചി കോര്പ്പറേഷന് ഇ-മാലിന്യ ശേഖരണ കരാറിലൂടെ വലിയൊരു വെല്ലുവിളിയാണ് തരണം ചെയ്യുകയെന്ന് കോര്പ്പറേഷന് ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്മാന് ടി.കെ. അഷറഫ് പറഞ്ഞു. നിലവില്‍ നഗരപരിധിയില്‍ നിക്ഷേപിക്കുന്നു. ഉപയോഗശൂന്യമായ ഇ-മാലിന്യങ്ങള്‍ ബ്രഹ്മപുരത്ത് മാലിന്യസംസ്കരണ കേന്ദ്രത്തിന് സമീപമാണ് സൂക്ഷിക്കുന്നത്. പ്രതിമാസം ശരാശരി 400 ടണ്‍ വരെ ഇ-മാലിന്യം കൊച്ചിയിലുണ്ടാകുന്നതായാണ് ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: