കൊച്ചി: അണ്ടര്‍-17 ലോകകപ്പിനുള്ള പ്രധാനവേദികളിലൊന്നായ കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ഒരുക്കങ്ങളില്‍ പൂര്‍ണ സംതൃപ്തിയെന്ന് ഫിഫ സമിതി. മത്സരം നടക്കുന്ന ഇന്ത്യയിലെ അഞ്ച് വേദികളിലൊന്നാണ് കൊച്ചി. അടുത്ത വര്‍ഷം സെപ്തംബറില്‍ കൊച്ചിവേദി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ ജാവിയര്‍ സെപ്പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊച്ചിയിലെ ഒരുക്കങ്ങളെയും സൗകര്യങ്ങളെയും സംബന്ധിച്ച് സമിതിക്ക് സംതൃപ്തിയും ശുഭാപ്തി വിശ്വാസവുമുണ്ട്. 27 മാസത്തിനുള്ളില്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം ഫിഫ നിലവാരത്തിലേക്കുകയരും. ഇതിന് സര്‍ക്കാരിന്റെയും ഗ്രൗണ്ട് കൈകാര്യംചെയ്യുന്നവരുടെയും ഇടപെടലുണ്ടാകണമെന്നും ജാവിയര്‍ പറഞ്ഞു. ഒരുക്കങ്ങള്‍ ഇടവിട്ട് പരിശോധിക്കും. ലോകകപ്പിന് ആറുമാസം മുമ്പ് സ്റ്റേഡിയം പൂര്‍ണമായും ഫുട്ബോളിന് വിട്ട് നല്‍കേണ്ടതുണ്ട്. ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് മറ്റ് രാജ്യങ്ങളിലെ ഫെഡറേഷനുകളുമായി ചര്‍ച്ച നടത്തുകയും കരാറിലേര്‍പ്പെടുകയും ചെയ്തിട്ടുണ്ട്.
കൊച്ചിയില്‍ നാലു പരിശീലന ഗ്രൗണ്ടുകളാണ് കണ്ടെത്തിയിരിക്കുന്നത്. മഹാരാജാസ് കോളേജ് ഗ്രൗണ്ട്, ഫോര്‍ട്ട്കൊച്ചി വെളി ഗ്രൗണ്ട്, പനമ്പിള്ളിനഗര്‍ ഗവ. എച്ച്എസ് ഗ്രൗണ്ട്, പനങ്ങാട് ഫിഷറീസ് സര്‍വകലാശാല ഗ്രൗണ്ട് എന്നിവയാണ് പരിശീലനത്തിനായി ഉപയോഗിക്കുക. ഇതില്‍ ഫിഷറീസ് സര്‍വകലാശാല ഗ്രൗണ്ട് ഒഴിച്ചുള്ള മൂന്ന് ഗ്രൗണ്ടുകളും ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റിക്ക് കൈമാറുന്നതിനുള്ള കരാര്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ ജാവിയര്‍ സെപ്പി, പ്രൊജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ എന്നിവര്‍ മേയര്‍ ടോണി ചമ്മണി, കളക്ടര്‍ എം ജി രാജമാണിക്യം എന്നിവരില്‍ നിന്നും ഏറ്റുവാങ്ങി. പനങ്ങാട് ഗ്രൗണ്ട് സംബന്ധിച്ച് ചില സാങ്കേതിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കരാര്‍ കൈമാറിയിട്ടില്ല. പ്രശ്നങ്ങള്‍ പരിഹരിച്ച് അടുത്ത ആഴ്ചതന്നെ ഗ്രൗണ്ട് കൈമാറും.
പ്രൊവിഷണല്‍ സെലക്ഷന് കരാര്‍ അണ്ടര്‍-17 ലോകകപ്പ് നോഡല്‍ ഓഫീസര്‍ എംപിഎം മുഹമ്മദ് ഹനീഷിനും കെഎഫ്എ പ്രസിഡന്റ് കെഎംഐ മേത്തര്‍ക്കും ടൂര്‍ണമെന്റ് ഡയറക്ടര്‍ ജാവിയര്‍ സെപ്പി കൈമാറി. ലോകകപ്പിന് തയ്യാറാകുന്നതിനായി 2016 സെപ്തംബര്‍ വരെയാണ് കൊച്ചിക്ക് സമയം അനുവദിച്ചിരിക്കുന്നത്. ഇതിനിടയില്‍ പ്രധാന വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും നാലു പരിശീലന സ്റ്റേഡിയങ്ങളും പൂര്‍ണ സജ്ജമാക്കി ഫിഫക്ക് കൈമാറണം.മത്സര വേദിയായ കലൂര്‍ രാജ്യാന്തര സ്റ്റേഡിയം സംബന്ധിച്ച കരാര്‍ കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യന്‍ ഫുഡ്ബോള്‍ ഫെഡറേഷന് കൈമാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: