ഹരിപ്പാട്: വിദ്യാര്‍ത്ഥിക്ക് കഞ്ചാവ് കൈമാറിയ ടിപ്പര്‍ ലോറി ഡ്രൈവറേയും സഹായിയേയും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. റാന്നി ചെറുകോല്‍ കാട്ടൂര്‍ കിഴക്കേകാലായില്‍ രാജീവ് (31), സഹായി എരുമേലി ആന്തൂര്‍ സനോജ് (32) എന്നിവരെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
തീരദേശ മേഖല കേന്ദ്രീകരിച്ച് കഞ്ചാവും മദ്യവും വ്യാപകമായി വില്‍പ്പന നടത്തുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. റോഡ് പുനര്‍നിര്‍മ്മാണത്തിനായി മെറ്റലുമായി തൃക്കുന്നപ്പുഴ മതുക്കല്‍ ഭാഗത്ത് ടിപ്പറിലെത്തിയ രാജീവ് സമീപത്തെ പുലിമുട്ടിലിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ചെറുപൊതിയില്‍ കഞ്ചാവ് നല്‍കുന്നത് അയല്‍വാസിയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇവരെ തടഞ്ഞുവച്ച് പോലീസിനെ അറിയിക്കുകയായിരുന്നു.
ഒരാഴ്ചമുമ്പ് മതുക്കല്‍ ഭാഗത്തെ പുലിമുട്ടിലിരുന്ന വിദ്യാര്‍ത്ഥിക്ക് കഞ്ചാവ് നിറച്ച സിഗരറ്റ് രാജീവ് വലിക്കാന്‍ നല്‍കിയിരുന്നു. പതിവായി വിദ്യാര്‍ത്ഥി ഇവരുമായി അടുത്ത് ഇടപഴകുന്നതില്‍ സംശയം തോന്നിയ നാട്ടുകാരില്‍ ചിലര്‍ നടത്തിയ നിരീക്ഷണത്തിനിടയിലാണ് കഞ്ചാവ് പൊതി നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പോലീസ് പിടിയിലായ രാജീവ്, സനോജ് എന്നിവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
റാന്നി, എരുമേലി പോലീസ് സ്റ്റേഷനുകളില്‍ നിന്നും ഇവരെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ബന്ധപ്പെട്ടിട്ടുണ്ട്. തീരദേശ മേഖല കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവും മയക്കുമരുന്നും എത്തിച്ചുകൊടുക്കുന്ന നിരവധി സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. ഒരുമാസം മുമ്പ് തമിഴ്നാട്ടില്‍ നിന്ന് കഞ്ചാവ് എത്തിച്ച് വില്പന നടത്തിയ വിദ്യാര്‍ത്ഥിയടക്കം നാലുപേരെ പോലീസ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: