ആലപ്പുഴ: നഗരത്തില്‍ ഗതാഗത പരിഷ്കാരം തോന്നിയ പോലെ. പോലീസ് മേലധികാരികള്‍ക്ക് ഓരോ ദിവസവും അവര്‍ക്ക് തോന്നുന്നത് പോലെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. യാത്രക്കാര്‍ നഗരത്തിലെത്തുമ്പോഴാണ് പലപ്പോഴും ഗതാഗതം വഴിതിരിച്ചു വിടുന്നതായി അറിയുന്നത്.
പത്രമാധ്യമങ്ങളിലൂടെ ഗതാഗത പരിഷ്ക്കാരങ്ങളെ കുറിച്ച് മുന്‍കൂട്ടി അറിയിക്കാനുള്ള മര്യാദ പോലും അധികൃതര്‍ കാട്ടില്ല. മുല്ലയ്ക്കല് റോഡിലാണ് പോലീസ് ഓരോ ദിവസവും പുത്തന്‍ പരിഷ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്നത്. മുല്ലയ്ക്കലില്‍ വണ്‍വേ നിരോധനത്തിന്റെ ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നു ഒഴിവാക്കിയെങ്കിലും കഴിഞ്ഞദിവസം മുതല്‍ പോലീസ് വണ്‍വേ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച വരെ ജില്ലാ കോടതി പാലം മുതല്‍ മുല്ലയ്ക്കല് ജങ്ഷന് വരെ തെക്കോട്ടാണ് ഗതാഗതം നിരോധിച്ചിരുന്നതെങ്കില്‍ അത് വടക്കോട്ടു നിരോധനമാക്കിയെന്നു മാത്രം.
അടിസ്ഥാനമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ വണ്‍വേ പ്രയോഗിക്കുന്നത് ഇരുട്ടുകൊണ്ട് ഓട്ടയടക്കലാണെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. മൂന്നു പതിറ്റാണ്ടു കാലമായി ഒരു ആവശ്യമില്ലെങ്കില്‍ പോലും അങ്ങോട്ടുമിങ്ങോട്ടും വണ്‍വേ മാറ്റിമാറ്റി പരീക്ഷിച്ച് പരാജയമടയുകയാണ്. എന്തെങ്കിലും നിരോധനം ഉണ്ടെങ്കില്‍ അത് ആ റോഡിലേക്കു തിരിയും മുന്‍പ് ഡ്രൈവര്‍മാര്‍ക്കു മനസിലാകും വിധം, ബോര്‍ഡു കാണത്തക്ക രീതിയില്‍ സ്ഥാപിക്കണമെന്നു ട്രാഫിക് പോലീസിനു അന്നും ഇന്നും അറിയില്ല. ട്രാഫിക് നിയന്ത്രണ ബോര്‍ഡുകള്‍ റോഡിന്റെ ഇടതുവശമാണ് സ്ഥാപിക്കേണ്ടത് എന്ന സാമാന്യബോധം പോലും കാണിക്കാറില്ല.
എന്തു ബോര്‍ഡു സ്ഥാപിച്ചാലും ഏതെങ്കിലും സ്ഥാപനത്തിന്റെ പരസ്യവും അതില്‍ക്കാണും. എന്തൊക്കെയോ എന്തിനോവേണ്ടി കാട്ടിക്കൂട്ടുന്നു. പിന്നെ അതു ശ്രദ്ധയില്‍പ്പെടാതെ പോകുന്നവരെ പിടികൂടി അധികാരം ബോധ്യപ്പെടുത്തുന്നു. ജില്ലാ കോടതി പാലം-മുല്ലയ്ക്കല്-സീറോ ജങ്ഷന് റോഡില്‍ പല പ്രാവശ്യം വണ്‍വേ അങ്ങോട്ടുമിങ്ങോട്ടുമാക്കി നോക്കിയിട്ടുണ്ട്. ചെറിയ ദൂരത്തില്‍ പോലും വണ്‍വേ ഏര്‍പ്പെടുത്തുമ്പോള്‍ പകരം വാഹനം കുറഞ്ഞത് നാലു കിലോമീറ്റര്‍ എങ്കിലും കൂടുതല്‍ ഓടേണ്ടി വരുകയും കൂടൂതലായി നാലു ജങ്ഷനുകളില്‍ കൂടെയെങ്കിലും കുരുക്കുണ്ടാക്കുകയും ചെയ്യും.
തിരക്കു കുറയ്ക്കാനുള്ള അശാസ്ത്രീയ രീതികള്‍ ഇന്ധനനഷ്ടവും പരിസരമലിനീകരണവും തിരക്കും വെറുതെയുണ്ടാക്കുകയാണ് ചെയ്യുന്നത്. വളഞ്ഞു ചുറ്റി മൂക്കില്പ്പിടിക്കുന്ന അതേ അവസ്ഥ. മുല്ലയ്ക്കല് റോഡില്‍ നിന്നാകട്ടെ അങ്ങോട്ടുമിങ്ങോട്ടും അനേക ചെറു ഇടവഴികളുണ്ടുതാനും. അങ്ങോട്ടു പോകേണ്ട വാഹനങ്ങളും ഏറെ കറങ്ങി ബുദ്ധിമുട്ടേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: