ചാത്തന്നൂര്‍: ദിനംപ്രതി അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ദേശീയപാതയില്‍ കൊല്ലത്തിനും ആറ്റിങ്ങലിനുമിടയില് ഫയര്‍ഫോഴ്സ് സ്റ്റേഷന് വേണമെന്ന ആവശ്യം ശക്തമാകുന്നു. കൊല്ലം കഴിഞ്ഞാല്‍ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ മാത്രമാണ് സ്റ്റേഷന് ഉള്ളത്. ഇതുകൂടാതെ, ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ പരവൂരിലും കുണ്ടറയിലും മാത്രമാണ് സ്റ്റേഷനുള്ളത്.
ദേശീയപാതയില്‍ അപകടം നടന്നാല്‍ പരവൂരില്‍നിന്ന് എത്തണമെങ്കില്‍ പത്തിലധികം കിലോമീറ്റര്‍ താണ്ടണം. അതും തകര്‍ന്നു കിടക്കുന്ന റോഡുകളില്‍ക്കൂടി വേണം ഓടിയെത്താന്‍. ഒപ്പം വാഹനങ്ങളുടെ പഴക്കംകൂടിയാകുമ്പോള് അപകടം നടന്ന സ്ഥലത്ത് ആളപായമുണ്ടായിരിക്കും. കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ അപകടം നടന്ന് കാര്‍ കത്തിത്തീര്‍ന്ന ശേഷമാണ് ഫയര്‍ഫോഴ്സ് എത്തിയത്. അപകടം നടന്ന സമയത്ത് ഓടിയെത്തിയ നാട്ടുകാര്‍ മിനിട്ടുകള്‍ക്കകം രക്ഷാപ്രവര്‍ത്തനം നടത്തിയില്ലായിരുന്നുവെങ്കില്‍ മൂന്ന് ജീവനുകള്‍ കത്തിയമരുമായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
മറിഞ്ഞു കിടന്ന മറ്റു വാഹനത്തിലേയ്ക്ക് തീ പടരാതെ സൂക്ഷിച്ചത് നാട്ടുകാരും ഹൈവേ പോലീസുമാണ്. ഹൈവേ പോലീസ് വാഹനത്തിന്റെ ഡ്രൈവര്‍ സന്തോഷ് സ്വന്തം ജീവന് പണയം വച്ചാണ് കത്തിക്കൊണ്ടിരുന്ന മാരുതിക്കാറിന്റെ സമീപത്തുനിന്ന് വാനിന്റെ ഡീസല്‍ ടാങ്ക് മാറ്റിയത്. അപകടത്തില്‍ ഡീസല്‍ ടാങ്ക് ഊരിത്തെറിച്ചിരുന്നു.
നിരവധി കശുവണ്ടി ഫാക്ടറികളും വ്യവസായ സ്ഥാപനങ്ങളും ദേശീയപാതയ്ക്ക് സമീപമുണ്ട്. നിരവധി ബുള്ളറ്റ് ടാങ്കറുകളാണ് പാരിപ്പള്ളിയിലെ ഗ്യാസ്പ്ലാന്റിലേയ്ക്ക് ദിനവും പോകുന്നത്. അതുപോലെതന്നെ ഗ്യാസ് സിലണ്ടറുകള്‍ കയറ്റിയ നൂറുകണക്കിന് വാഹനങ്ങളാണ് ദേശീയപാതയിലൂടെ ചീറിപ്പായുന്നത്. കൂടാതെ ദേശീയപാതയില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറി പാരിപ്പള്ളിയില്‍ ഗ്യാസ് പ്ലാന്റും നിലവിലുണ്ട്.
കെമിക്കല്‍ മിശ്രിതങ്ങള്‍ കയറ്റിവരുന്ന വാഹനങ്ങള്‍, ഡിസല്‍ പെട്രോള്‍ ടാങ്കറുകള്‍ തുടങ്ങിയവയും പോകുന്നുണ്ട്. ഫയര്‍ഫോഴ്സ് എത്താന്‍ വൈകുന്നതുമൂലം അപകടങ്ങളില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞിട്ടുമുണ്ട്. കൊല്ലത്തിനും ആറ്റിങ്ങലിനുമിടയില് തുല്യ അകലത്തില്‍ സ്ഥിതിചെയ്യുന്ന കൊല്ലം കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍ കോമ്പൗണ്ടില്‍ ഫയര്‍ഫോഴ്സിനാവശ്യമായ സ്ഥലവുമുണ്ട്.
സ്പിന്നിംഗ് മില്ലില്‍ത്തന്നെ നൂറുകണക്കിന് തീ പിടുത്തങ്ങളും ഉണ്ടായിട്ടുണ്ട്. ഫയര്‍ഫോഴ്സിനാവശ്യമായ സ്ഥലം കൊടുക്കാന്‍ സ്പിന്നിംഗ് മില്‍ അധികൃതര്‍ തയാറാണുതാനും. അത്യാധുനിക സംവിധാനങ്ങളോടുകൂടി ഫയര്‍ഫോഴ്സ് സ്റ്റേഷന് അടിയന്തിരമായി അനുവദിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: