ഓരോരുത്തരും സ്വന്തം സുഖം മാത്രം ഇച്ഛിച്ചാണു നമ്മളെ സ്‌നേഹിക്കുന്നത്. രോഗം വന്നാലും ദുഃഖം വന്നാലും അപകടമുണ്ടായാലും നമ്മള്‍തന്നെ അനുഭവിക്കണം. അതിനാല്‍ ബന്ധം ഈശ്വരനോടു മാത്രമാകട്ടെ. ഭൗതികത്തോടു ബന്ധം സ്ഥാപിച്ചാല്‍ അതില്‍നിന്നും മോചനം നേടുക, വളരെ പ്രയാസമാണ്. എത്ര ജന്മമെടുത്താലാണ് അതില്‍നിന്നു മുക്തിനേടാന്‍ സാധിക്കുക. അതിനാല്‍ ഒരു കടമ നിറവേറ്റുന്നതുപോലെ ആയിരിക്കണം നമ്മുടെ ജീവിതം. അങ്ങനെയാകുമ്പോള്‍ ആരു ദ്വേഷിച്ചാലും ആരുപേക്ഷിച്ചാലും ദുഃഖിച്ചു തളരേണ്ടിവരില്ല. നിരാശപ്പെടേണ്ടി വരില്ല. ‘ഞാന്‍ ജീവനു തുല്യം സ്‌നേഹിച്ചിരുന്ന അവരെന്നെ വെറുത്തുവല്ലോ’ എന്നോര്‍ത്തു ബുദ്ധിഭ്രമം സംഭവിച്ചു ഭ്രാന്തനായിത്തീരേണ്ട.
കൈമുറിഞ്ഞിട്ടു കരഞ്ഞുകൊണ്ടിരുന്നാല്‍ മുറിവു പൊറുക്കുകയില്ല. അതുപോലെയാണ് സമ്പത്തും ബന്ധുക്കളും നഷ്ടമാകുമ്പോള്‍ കരഞ്ഞു തളരുന്നതും കരഞ്ഞുകൊണ്ട് എന്തു പ്രയോജനമാണുള്ളത്. എന്നാല്‍ ഇന്നു കൂടെയുള്ളവരെല്ലാം ഇന്നല്ലെങ്കില്‍ നാളെ എന്നെ വിട്ടിട്ടുപോകാം എന്നു മനസ്സിലാക്കി ജീവിച്ചാല്‍ ആരു വെറുത്താലും വിട്ടുപോയാലും ദുഃഖിക്കാതെ സന്തോഷത്തോടെ ജീവിക്കുവാന്‍ സാധിക്കും. ഇതിനര്‍ത്ഥം ആരെയും സ്‌നേഹിക്കരുതെന്നല്ല. എല്ലാവരെയും സ്‌നേഹിക്കണം. പക്ഷേ, സ്‌നേഹം നിഷ്‌കാമമായിരിക്കണം. ഒന്നും പ്രതീക്ഷിക്കാതെ സ്‌നേഹിക്കണം. ദുഃഖിക്കാതിരിക്കുന്നതിനു വേണ്ടിയാണിത്.
















