മതഗ്രന്ഥങ്ങള്‍ വായിക്കുമ്പോള്‍ തന്റെ പ്രവൃത്തികള്‍ക്ക് അവയുടെ പിന്‍ബലമില്ലെന്നു ധരിക്കുക വിഷമം. ആ പ്രവൃത്തികള്‍ വേണ്ടെന്നുവച്ചാല്‍ ഒരു തകരാറില്ലെന്നും, മറിച്ചു കൂടുതല്‍ മെച്ചമേ ഉള്ളൂവെന്നും ധരിക്കവയ്യ. രണ്ടാമതായി മറ്റേ വൈഷമ്യമുണ്ട്. നമ്മുടെ ഈ മതഗ്രന്ഥങ്ങള്‍ വളരെ വിപുലമാണ്. പതഞ്ജലിയുടെ മഹാഭാഷ്യമെന്ന വമ്പിച്ച ഭാഷാശാസ്ത്രഗ്രന്ഥത്തില്‍ വായിക്കാം, സാമവേദത്തിന് ആയിരം ശാഖകളുണ്ടായിരുന്നെന്ന്. അവയൊക്കെ എവിടെ? ആര്‍ക്കും തിട്ടമില്ല. ഇതാണ് മറ്റോരോ വേദത്തിന്റെയും കഥ. ഇവയുടെ ഭൂരിഭാഗവും തിരോഹിതമായിരിക്കുന്നു.
കുറച്ചുഭാഗമേ നമുക്കു കിട്ടിയിട്ടുള്ളൂ. ചില പ്രതേ്യക കുടുംബങ്ങള്‍ അവയുടെയെല്ലാം രക്ഷാകര്‍ത്തൃത്വമേറ്റെടുത്തു. ഒന്നുകില്‍ ഈ കുടുംബങ്ങള്‍ അന്യംനിന്നു നശിച്ചു; അല്ലെങ്കില്‍ വിദേശീയ പീഡനത്താല്‍ കൊല്ലപ്പെട്ടു; അഥവാ മറ്റു വല്ലതരത്തിലും നാമാവശേഷമായി. അവയോടൊത്ത് അവര്‍ ചുമതലയേറ്റെടുത്ത വൈദിക വിജ്ഞാനശാഖയും നാമാവശേഷമായി.
ഈ വസ്തുത നാം ഓര്‍ക്കണം; കാരണം പുത്തനായി വല്ലതും പ്രചരിപ്പിക്കണമെന്നാഗ്രഹിക്കുന്നവരും, വേദങ്ങള്‍ക്കെതിരായി വല്ലതും വെച്ചുപുലര്‍ത്താന്‍ ആഗ്രഹിക്കുന്നവരും ഈ വസ്തുതയെയാണ് ശരണീകരിക്കുന്നത്. ദേശാചാരങ്ങളും ശ്രുതികളും തമ്മിലുള്ള പൊരുത്തക്കേടുകൊണ്ട് ഭാരതത്തിലെവിടെയെങ്കിലും വാദവിവാദമുണ്ടാകുമ്പോള്‍, മുമ്പോട്ടു വയ്‌ക്കുന്ന യുക്തിവാദമാണിത്; വേദവിരോധമൊന്നുമില്ല; തിരോഭവിച്ച ശ്രുതികളിലുണ്ടായിരുന്നതാണ് വിവാദാസ്പദമായ ദേശാചാരം. അതിനാല്‍ അതിനു സമ്മതി കിട്ടിയിട്ടുണ്ട്. ഇങ്ങനെ നമ്മുടെ മതഗ്രന്ഥങ്ങളെ പലേമട്ടില്‍ പഠിച്ചും വ്യാഖ്യാനിച്ചും വന്നിട്ടുള്ളതുകൊണ്ട് അവയിലൂടെയെല്ലാം തുടര്‍ന്നോടുന്ന ഒരു ചരടു കണ്ടെത്തുക. വളരെ വിഷമം. വിവിധങ്ങളായ ഈ ഭേദവിഭേദങ്ങള്‍ക്ക് ഒരുപോലെ പൊതുവായ ഒരടിത്തറ ഉണ്ടായിരിക്കേണ്ടതാണെന്ന് ദൃഢമായി നാം വിശ്വസിക്കുകയും ചെയ്യുന്നു.
പരസ്പരപൊരുത്തത്തെ, പൊതുസങ്കല്‍പത്തെ, ആശ്രയിച്ചായിരിക്കണം ഈ ചെറുതരം എടുപ്പുകളെല്ലാം തീര്‍ക്കപ്പെട്ടിട്ടുള്ളത്. പ്രഥമദൃഷ്ടിയില്‍ ഒടുങ്ങാത്ത വിഭ്രാന്തികളുടെ ഒരു കൂമ്പാരമെന്നു തോന്നാവുന്ന നമ്മുടെ മതത്തിന് സമാനമായ ഒരടിത്തറയുണ്ടായിരിക്കണം. അല്ലെങ്കില്‍ നെടിയ ഈ കാലമത്രയും അതു നില്‍ക്കില്ലായിരുന്നു, ഉറച്ചുനില്‍ക്കില്ലായിരുന്നു.
















