533. നിരാധാരാ – ആധാരമായി മറ്റൊന്നും ഇല്ലാത്തവള്‍. ഈ പ്രപഞ്ചത്തിലുള്ള എല്ലാത്തിനും ആധാരമായി മറ്റെന്തെങ്കിലും ഉണ്ടായിരിക്കും. ആധാരാധേയബന്ധം പ്രപഞ്ചഘടനയുടെ മൗലികതത്ത്വമാണ്. ഒന്നിനു കാരണമായോ താങ്ങായോ മറ്റൊന്നുണ്ടെങ്കില്‍ അതാണ് ആധാരം. താങ്ങപ്പെടുന്നത് ആധേയം. ഏതിനും ആധാരമായി മറ്റൊന്നുണ്ടായിരിക്കുമെന്നു മുമ്പു പറഞ്ഞു. അതിനാധാരമായി മറ്റെന്തെങ്കിലും ഉണ്ടായിരിക്കും.
ഈ അനേ്വഷണം തുടര്‍ന്നാല്‍ സര്‍വാധാരമായ ദേവീചൈതന്യത്തില്‍ ചെന്നെത്തും. ദേവിക്ക് ആധാരമായി മറ്റൊന്നിനെ കണ്ടെത്താനാവില്ല. ദേവിക്ക് ആധാരം ആവശ്യമില്ല. ദേവി നിരാധാരയാണ്.
പൂജയ്‌ക്കും ആരാധനയ്‌ക്കും നിരാധാരമെന്നും സാധാരമെന്നും ഭേദം കല്‍പിക്കാറുണ്ട്. വിഗ്രഹം, ദീപം, ചിത്രം, സാളഗ്രാമം തുടങ്ങിയ പ്രതീകങ്ങളെ ആരാധ്യദേവതയായി സങ്കല്‍പിച്ച് ആസനം, സ്‌നാനം, വസ്ത്രം, ആഭരണം, ആഹാരം തുടങ്ങിയവ അര്‍പ്പിച്ചുനടത്തുന്ന പൂജ സാധാര പുജ. മനുഷ്യര്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളും പ്രസാധനവസ്തുക്കളും മറ്റും ആരാധ്യദേവതയ്‌ക്കും ആവശ്യമുണ്ടെന്നു സങ്കല്‍പത്തിലാണ് ധൂപദീപാദികളും ഉറക്കലും ഉണര്‍ത്തലും ഒക്കെയുള്ള പൂജാക്രമം.
… തുടരും
















