പുരാണ കഥകള്‍ പറഞ്ഞുതരുന്ന ഉപദേശങ്ങളാണ് നമ്മുടെ വ്യക്തി ജീവിതത്തെ പുഷ്ടിപ്പെടുത്തുന്നതില്‍ മുഖ്യസ്ഥാനം വഹിക്കുന്നത്. നാം കേട്ടുമറന്ന കഥകള്‍ ഓര്‍മ്മിപ്പിച്ചു തരുന്നതിനും, പുതിയതലമുറകള്‍ക്ക് വായിച്ചറിയാനുമുള്ളതാണ് എന്‍. ബാലന് രചിച്ച മഹാഭാരതത്തിലെ ഗുണപാഠകഥകള്‍ എന്ന പുസ്തകം. ഇരുപത്തിയഞ്ച് കഥകളാണ് തിരഞ്ഞെടുത്ത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒന്നിനൊന്ന് മെച്ചവും വ്യത്യസ്തവുമായ ഗുണപാഠങ്ങളാണ് ഈ പുസ്തകം നിറയെ.
വായനയുടെ തീരത്തുകൂടെ കുട്ടികളെ കൈപിടിച്ചു നടത്തുകയാണ് ബാലന് എന്ന എഴുത്തുകാരന് തന്റെ കൃതിയിലൂടെ നിര്‍വഹിച്ചിരിക്കുന്നത്. വായന എന്നത് ഒരു കഥയായിക്കഴിഞ്ഞ അവസരത്തിലാണ് കുട്ടികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന വിധത്തില്‍ ഈ പുസ്തകം പുറത്തിറങ്ങിയത്. ഒരുനായ അതിനു വന്നുചേര്‍ന്ന ബലത്തെ പോഷിപ്പിക്കാന്‍ ശ്രമിക്കാതെ അഹങ്കരിച്ചു. അവിടെത്തുടങ്ങി അതിന്റെ അധപതനവും. അഗ്നി അതിഭീകരമായി വനത്തെ വിഴുങ്ങാന്‍ വന്നപ്പോള്‍ അമ്മയോട് രക്ഷപ്പെടുവാന്‍ പറയുന്ന പറക്കമുറ്റാത്ത പക്ഷിക്കുഞ്ഞുങ്ങള്‍.
ഈ രണ്ടുകഥകള്‍ അതുമാത്രം മതി ഈ പുസ്തകത്തിന്റെ ആഴം തിരിച്ചറിയാന്‍. പരത്തിപ്പറയാതെ കുറഞ്ഞവാക്കില്‍ വശ്യസുന്ദരമായി പറഞ്ഞൊപ്പിക്കുവാന്‍ കഥാകൃത്ത് നന്നായി ശ്രമിച്ചിട്ടുണ്ട്. വളരെ കുറച്ചു സമയത്തിനുള്ളില്‍ വായിച്ചു തീര്‍ക്കാവുന്ന ഈ കൃതി കുട്ടികളുടെ തൃഷ്ണയെ വളര്‍ത്തും തീര്‍ച്ച. ഒലീവ് പബ്ലിക്കേഷനാണ് 80 രൂപ വിലയുള്ള ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: