അറിവുകളുടെ ശാസ്ത്രീയത തെളിയിക്കപ്പെടുന്നത് പരീക്ഷണനിരീക്ഷണങ്ങളിലൂടെയാണ്. എന്നാല്‍ നാട്ടറിവുകളുടെ ശാസ്ത്രീയത അപ്രകാരം തെളിയിക്കാനാവില്ല. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഉപയോഗക്രമത്തിന്റെ വിജയമാണ് അതിലെ ശാസ്ത്രീയത.
കാല്‍മുട്ടിലെ നീരു മാറാന്‍ ആവണക്കില വെച്ചുകെട്ടുന്നതും കടന്നല് കുത്തിയാല്‍ കൃഷ്ണതുളസിയില അരച്ചു പുരട്ടുന്നതും അടക്കയുടെ ചൊരുക്കുമാറ്റാന് പഞ്ചസാര തിന്നുന്നതും അതിനാലാണ്. ഫലവൃക്ഷങ്ങള്‍ക്കു ചുറ്റിലും ചീങ്കല്ല് ഇട്ടുകൊടുത്താല്‍ വിളവുകൂടുമെന്നതും പഴുത്തപപ്പായ മുറിക്കുമ്പോള്‍ നാരങ്ങാനീരു പുരട്ടിവെച്ചാല്‍ കേടുവരില്ല എന്നതും നാം കേട്ടുവരുന്ന നാട്ടറിവാണ്.
പാമ്പുള്ള സ്ഥലത്ത് അരിക്കാടിയില്‍ ചിറ്റേലം അരച്ചുകലക്കി തളിച്ചാല്‍ അവയെ ഓടിക്കാമെന്നു പഴമക്കാര്‍ പറയും. ചിറ്റേലത്തിനുപകരം രണ്ടാഴ്ചയിലൊരിക്കല്‍ പാല്‍ക്കായവും വെളുത്തുള്ളി ചതച്ചതും ചേര്‍ത്ത് കലക്കി തളിച്ചാലും മതി, പാമ്പുകള്‍ പമ്പകടക്കും. കാഞ്ഞിരത്തിന്റെ കുരു അരച്ച് കാലില്‍ പുരട്ടി നടന്നാല്‍ പാമ്പ് കടിക്കുകയില്ലെന്നും പറയുന്നു. പാമ്പ് കടിയേറ്റാല്‍ തുമ്പനീരില്‍ കുരുമുളക് അരച്ചു കൊടുക്കുന്നതും കടിയേറ്റയുടനെ ഏതാനും എരിക്ക് ഇലകള്‍ കടിച്ചിറക്കുന്നതും പഴയ ചികിത്സ. കടിച്ചയുടന്‍ കീരിപ്പച്ചയുടെ വേര് പച്ചവെള്ളത്തില്‍ അരച്ചു കൊടുക്കുകയും കടിവായില് പുരട്ടുകയും ചെയ്താല്‍ വിഷമിറങ്ങുമെന്നും ഒരു കാടന്‍ ഒറ്റമൂലി പറയുന്നു.
കൊതുകുകടി കൂടുമ്പോള്‍ പച്ചത്തുമ്പച്ചെടി നെരിപ്പോടിട്ട് പുകച്ചാല്മതിയെന്നാണ് നാടന്‍ ശാസ്ത്രം പറയുന്നത്. ചെടിച്ചട്ടിയില്വളര്ത്തുന്ന ചുവന്ന തുളസി കിടപ്പുമുറിയില്‍ വയ്ക്കുന്നതും നല്ലതാണത്രേ.
ആണികൊണ്ടാല്‍ ചുവന്നുള്ളി ചതച്ചുവച്ചുകെട്ടിയാല്മതി എന്നാണ് പറയുന്നത്. മഞ്ഞള്‍പ്പൊടി ഒരുതുണിയിലാക്കി തിരിയാക്കി തീപിടിപ്പിച്ച് മുറിവായയില്‍ അടിച്ചുചൂടുപിടിപ്പിക്കുന്നതും നല്ലതാണത്രേ. പക്ഷേ കാലില്‍ ഇരുമ്പാണി കൊണ്ടാല്‍ ടെറ്റനസ് ടോക്സൈഡ് എടുക്കുന്നതാണ് ബുദ്ധി എന്ന് നമുക്കറിയാം. വെറ്റിലയില്‍ ചുണ്ണാമ്പ് തേക്കുമ്പോള്‍ ചുവന്നു കണ്ടാല്‍ അതില്‍ വെറ്റിലപ്പാമ്പുണ്ടെന്ന് ഉറപ്പിക്കാം. അത്തരം വെറ്റില ഉപയോഗിക്കുന്നത് അപകടകരമെന്നും നാട്ടറിവ് മുന്നറിയിപ്പ് നല്കുന്നു. കടന്നല് കുത്തിയാല്‍ മുക്കുറ്റി അരച്ച് പശുവിന് വെണ്ണയില്‍ ചേര്‍ത്ത് പുരട്ടിയാല്‍ മതി.
കൃഷ്ണ തുളസിയില അരച്ചു പുരട്ടിയാലും ആശ്വാസം ലഭിക്കും. തേളുകുത്തിയാലും തുളസിയിലയെ ആശ്രയിക്കാം. തകരയില അരച്ചു പുരട്ടിയാല്‍ തേനീച്ച കുത്തിയ വേദന മാറുമെന്നു പറയുന്നു. തേനീച്ച കുത്താതിരിക്കാനുള്ള സൂത്രവും നാട്ടറിവിലുണ്ട് – പാണലിന്റെ ഇല തിരുമ്മി മണം വരുത്തുക. കരിമീന്‍ കൊത്തിയാല്‍ കടുകടുപ്പന്‍ വേദനയാണുണ്ടാവുകയെന്ന് അനുഭവസ്ഥര്‍ പറയുന്നു. കുത്ത് കിട്ടിയ ഉടനെ കുത്ത് കൊണ്ട ആളുടെ മൂത്രം ആ ഭാഗത്ത് ഒഴിച്ചു കൊടുത്താല്‍ മതി, ആശ്വാസം ഉടന്‍ ലഭിക്കും.
(സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ കൊച്ചി സര്‍വകലാശാലക്കു നല്കിയ നാട്ടറിവുകള്‍ സംബന്ധിച്ച പ്രോജക്ടിന്റെ കോ-ഓര്‍ഡിനേറ്ററാണ് ലേഖകന്‍)
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: