മഹത്തായ ഒരു ശിവയോഗിയുടെ ജീവചരിത്രമാണ് അക്കമഹാദേവിയുടേത്. കര്ണ്ണാടകത്തിശിവമോഗ ജില്ലയില്‍പ്പെട്ട ഉടുത്തടി എന്ന ഗ്രാമത്തില്‍ ജനിച്ച മഹാദേവി പിന്നീട് അക്കമഹാദേവിയായി അറിയപ്പെട്ടു. അവരുടെ ജീവചരിത്രം മഹത്തായ ഒരു ഇതിഹാസകാവ്യമായി കന്നടയില്‍ പ്രചരിച്ചിരിക്കുന്നു.
ആത്മജ്ഞാനികളില്‍ തനതായ വൈശിഷ്ട്യംകൊണ്ട് തിളങ്ങുന്ന നക്ഷത്രമാണ് അക്കമഹാദേവി. കന്നടസാഹിത്യത്തിലെ പ്രഥമ കവയത്രിയായ അക്കമഹാദേവി ഭാരതീയ സംസ്കാരത്തിന് നല്കിയ സംഭാവനകള്‍ അതുല്യമാണ്.
വചനസാഹിത്യത്തിന് അവര്‍ നല്കിയ സംഭാവന തേജസുറ്റതുമാണ്. വീരശൈവ സാഹിത്യസര്വ്വസ്വമായ വചനങ്ങളില്‍ അവരുടെ ശബ്ദം വേറിട്ടതും, ആത്മജ്ഞാനം നിറഞ്ഞതും സ്ത്രീശാക്തീകരണത്തിന് കരുത്തു പകരുന്നതുമാണ്.
തമിഴിലെ ആണ്ടാള്‍, കാശ്മീരത്തിലെ ലല്ലേശ്വരി, ഭക്തമീര തുടങ്ങി സദൃശ്യരായ മഹിളാ ഉപാസകര്‍ ഭാരതത്തിനകത്തും പുറത്തും അക്കമഹാദേവിയെപോലെ കണ്ടേക്കാമെങ്കിലും അക്കയുടെ വ്യക്തിത്വം അവരേക്കാളും സങ്കീര്‍ണ്ണതയും, അനന്യവും സമഗ്രവുമായി നിലകൊള്ളുന്നു. അവരുടെ ജീവിതം ഒരു വൈരാഗിയുടെയും അചഞ്ചലമായ ഭക്തി, ആത്മജ്ഞാനം നിറഞ്ഞതുമായിരുന്നു.
അക്കമഹാദേവിയെ പാര്‍വ്വതീദേവിയുടെ അംശാവതാരമായി കവികള്‍ വാഴ്ത്തുന്നു. നിര്മ്മല്ഷെട്ടിയും ശിവദേവിയുമായിരുന്നു അവരുടെ മാതാപിതാക്കള്‍. ശിവാരാധകരായിരുന്ന അവരുടെ നിര്‍മ്മല ഭക്തിയ്ക്ക് ശിവപാര്‍വ്വതിമാരുടെ കടാക്ഷമുണ്ടായി ജനിച്ചതാണ് മഹാദേവിയെന്ന് വിശ്വസിക്കപ്പെടുന്നു. നന്നേ ചെറുപ്രായത്തില്‍ തന്നെ അച്ഛനമ്മമാരുടെ ശിവഭക്തിയും നിഷ്ഠകളും പൂജകളും അവളെ അത്യധികം ആകര്‍ഷിച്ചു.
മാതാപിതാക്കളെപ്പോലെ ഓം നമഃശിവായ മന്ത്രോച്ചാരണത്തിലും ശിവാരാധനയിലും അവര്‍ കൃത്യത പാലിച്ചുപോന്നു. ശിവലിംഗം ശരീരത്തില്‍ ധരിച്ച് നെറ്റിയില്‍ ഭസ്മം ചാര്‍ത്തി കഴുത്തില്‍ രുദ്രാക്ഷമണിഞ്ഞ് നില്ക്കുന്ന മഹാദേവിയുടെ രൂപം ഏവരും ഭക്ത്യാദരപൂര്‍വ്വമാണ് ദര്‍ശിച്ചിരുന്നത്. മാതാപിതാക്കള്‍ക്കൊപ്പം അടുത്തുള്ള ഗുരുലിംഗദേവന്റെ ആശ്രമത്തിലെത്തി അദ്ദേഹത്തിന്റെ കാല്‍തൊട്ടു വന്ദിച്ചു അനുഗ്രഹം വാങ്ങി അവിടെ നടക്കുന്ന ചടങ്ങുകളിള്‍ ഭക്ത്യാദരപൂര്‍വ്വം അവള് പങ്കുകൊണ്ടു.
ഗുരുദേവന്റെ വാണിയില്‍ വരുന്ന ശ്രീശൈലപര്വ്വതവര്ണ്ണനയും അവിടുത്തെ മല്ലികാര്‍ജ്ജുന ലിംഗത്തില്‍ കുടികൊള്ളുന്ന സാക്ഷാല്‍ ശിവഭഗവാന്റെ മാഹാത്മ്യ വര്‍ണ്ണനയും അവളെ ശ്രീശൈലനാഥന്റെ ഭക്തയാക്കി. ശ്രീശൈലദര്ശനത്തിന് തന്നെക്കൂടി കൊണ്ടുപോകണമെന്ന് അവള് ഗുരുവിനോടാവശ്യപ്പെടുമായിരുന്നു. അക്കാമഹാദേവി ജീവിച്ചിരുന്ന പന്ത്രണ്ടാം ശതകത്തിലെ കര്ണ്ണാടകചരിത്രം ഭാരതീയ ചിന്താധാരകളില്‍ അതിപ്രധാനമായൊരദ്ധ്യായം രചിച്ച കാലഘട്ടമായി കരുതപ്പെടുന്നു.
യുഗപ്രഭാവനായ ബസവേശ്വരന് ജന്മമെടുത്ത് സാമൂഹ്യ, സാംസ്കാരിക, ആദ്ധ്യാത്മിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ അഭൂതപൂര്‍വ്വമായ പരിവര്‍ത്തനം സൃഷ്ടിച്ച കാലഘട്ടമായിരുന്നത്. വ്യത്യസ്ത തട്ടുകളായി തരംതിരിച്ചിരുന്ന ജനങ്ങളെ ഒന്നായി കാണുന്ന നവീനമായ കാഴ്ചപ്പാട് അവതരിപ്പിച്ചുകൊണ്ട് ഒരു പുതിയ യുഗത്തിന്റെ പിറവിക്ക് തുടക്കമിട്ടകാലം അകത്തളങ്ങളില്‍ തളയ്ക്കപ്പെട്ടിരുന്ന സ്ത്രീത്വത്തിന് ഒരു പുതിയ മുഖം നല്കി സ്ത്രീശാക്തീകരണത്തിന് അതിപ്രധാനമായൊരദ്ധ്യായം രചിച്ച ബസവേശ്വരന്റെ കാഴ്ചപ്പാടിന് ജനകീയ പിന്തുണ കിട്ടി. ബസവേശ്വരന് സ്ഥാപിച്ച അനുഭവമണ്ഡപമെന്ന അദ്ധ്യാത്മിക പാര്‍ലമെന്റില്‍ നാനാജാതി വിഭാഗത്തില്‍പ്പെട്ടവരും സ്ത്രീകളും അംഗീകരിക്കപ്പെട്ടു.
അദ്ദേഹത്തിന്റെ വിശാലവീക്ഷണത്തിന്റെ ഫലമായി സാഹിത്യരംഗങ്ങളില്‍ അന്നുവരെ അകന്നു നിന്നിരുന്ന താഴ്ന്നജാതിക്കാരും, സ്ത്രീകളും ആ രംഗത്തു കടന്നുവരികയും അവര്‍ സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഉന്നയിച്ചുകൊണ്ട് വചനങ്ങള്‍ രചിക്കുകയും ചെയ്തു. സാമൂഹ്യപരിവര്‍ത്തനത്തിന്റെയും പുതുയുഗസൃഷ്ടിയുടെയും ശബ്ദമായിരുന്നു വചനകവിതകളില്‍ നിറഞ്ഞു നിന്നിരുന്നത്.
അങ്ങനെ ഭാരതീയ സാഹിത്യചരിത്രത്തില്‍ നിസ്തുലവും അപൂര്‍വ്വവുമായ ഒരു കാലഘട്ടത്തിന്റെ തുടക്കം കുറിക്കപ്പെട്ടു. വളരെയേറെ വൈശിഷ്ട്യമേറിയ ഈ യുഗസന്ധ്യയില്‍ പ്രോജ്ജ്വലിക്കുന്ന ഒരു നക്ഷത്രമായി ഉദിച്ചുവന്ന വനിതാ രത്നമാണ് അക്കമഹാദേവി. സാഹിത്യ രചനയില്‍ അനുപമയായ കവയത്രി, ആത്മജ്ഞാനി എന്നീ വിശേഷണങ്ങള്‍ അക്കമഹാദേവിയ്ക്ക് സിദ്ധിച്ചു. കന്നടയിലെ ആത്മജ്ഞാനിയായ പ്രഥമ കവയത്രി എന്ന വിശേഷണം അവര്‍ക്കുമാത്രം സ്വന്തം.
അക്കമഹാദേവിയുടെ ജീവചരിത്രം പ്രതിപാദിച്ചിട്ടുള്ള അനേക കാവ്യങ്ങളെ കന്നടസാഹിത്യത്തില്‍ കണ്ടെത്താം. ചാമരസന്റെ ‘പ്രഭുലിംഗലീല’, ചെന്നബസവാങ്കന്റെ ‘മഹാദേവിയക്കപുരാണം‘, ഹരിഹരന്റെ ‘ഉഡുതടിയിലെ മഹാദേവിയുടെ രാഗള’ എന്നിവ ഇവയില്‍ പ്രാധാന്യമുള്ളവയാണ്. പില്ക്കാലസാഹിത്യരചനകളില് ബസവരാജകട്ടീമനിയുടെ ‘ഗിരിമയൂരം’ തിപ്പന്ദ്രദ്രസ്വാമിയുടെ ‘കദളകപ്പൂരം’ എന്നീ നോവലുകളിലും മഹാദേവിയാണ് പ്രധാന കഥാപാത്രം. പ്രൊഫസര്‍ ഭൂസനൂര്‍ മഠത്തിന്റെ ‘ഭവ്യമാനവന്’ എന്ന മഹാകാവ്യത്തിലും അക്കയുടെ ജീവിതം ദര്‍ശിക്കാന്‍ കഴിയും. ഹരിഹരന് പന്ത്രണ്ടാം ശതകത്തിലെ ശിവശരണന്മാരെപ്പറ്റി കാവ്യങ്ങള്‍ തന്നെ രചിക്കയുണ്ടായി.
മഹാദേവി ജനിച്ചു വളര്‍ന്നത് കര്‍ണ്ണാടകയിലെ ശിവമോഗജില്ലയില്പ്പെട്ട ഉടുതടിയിലും ഒരിടവേള കല്യാണയിലെ അനുഭവമണ്ഡപത്തിലും, ഐക്യം പ്രാപിച്ചത് ആന്ധ്രപ്രദേശിലെ ശ്രീശൈലത്തും വെച്ചാണ്. ശ്രീശൈലത്തിലെ മല്ലികാര്‍ജ്ജുനന്റെ പ്രിയപ്പെട്ട ഭക്തയായിരുന്നു മഹാദേവി. മല്ലികാര്‍ജ്ജുനനെ പതിയായി കരുതി അദ്ദേഹത്തെ മാത്രം ആരാധിച്ച് മല്ലികാര്ജ്ജുനനില് അക്ക വിലയം പ്രാപിച്ചതായി വിശ്വസിക്കപ്പെടുന്നു.
ബസവേശ്വരന്റെ അനുഭവമണ്ഡപം നിലനിന്നിരുന്ന കല്യാണയിലും ശ്രീശൈലത്തുമായി അവരുടെ ജീവിതത്തിലെ നിര്‍ണ്ണായക സംഭവങ്ങള്‍ നടക്കുന്നു. മല്ലികാര്ജ്ജുനനിലുള്ള അക്കയുടെ മധുരഭക്തി, രാജാവായ കൗശികനെ വരിക്കയും ഉപേക്ഷിക്കുകയും ചെയ്ത സംഭവം, ഏകാകിനിയായി ആത്മീയ ഉപാസനയോടെ ദിഗംബരയായി അവര്‍ നടത്തിയ ഉപവാസം ഇതെല്ലാം അക്കയെപ്പറ്റിയുള്ള ജീവിതാനുസ്മരണകളാണ്. അക്ക നടത്തിയ സാഹിത്യരചനകളും പ്രവര്‍ത്തനങ്ങളും അവരെ അദ്വിതീയയായ കവയത്രിയായും അനുപമയായ ആത്മജ്ഞാനിയായും സ്ത്രീത്വത്തിന്റെ ഉജ്ജ്വല പ്രതീകമായും വര്‍ണ്ണിക്കപ്പെടുന്നു. അക്കയുടെ ഒരു വചനം ഇപ്രകാരമാണ്.
അഷ്ടവിധാര്‍ച്ചന ചെയ്താല്‍ ഇഷ്ടമാകുമോ നിനക്കയ്യ?
ബഹിരംഗവ്യവഹാരത്തില് നിന്ന് ദുരസ്ഥനാണു നീ,
അന്തരംഗത്തില്‍ ധ്യാനിച്ചാല്‍ ഇഷ്ടമാകുമോ നിനക്കയ്യ?
വാങ്മനങ്ങള്ക്കതീതനാണു നീ
ജപസ്തോത്രങ്ങളാല്‍ ഇഷ്ടമാകുമോ നിനക്കയ്യ?
നാദാതീതനാണു നീ
ഭാവജ്ഞാനങ്ങളാല് ഇഷ്ടമാകുമോ നിനക്കയ്യ?
ബുദ്ധിക്കുമതീതനാണു നീ.
ഹൃദയകല മദ്ധ്യത്തില്‍ നിന്നേ എനിക്ക് സൂക്ഷിച്ചുവെക്കാമോ അയ്യ?
സര്‍വ്വാംഗ പരിപൂര്ണ്ണനാണു നീ
നിന്നേ പ്രീതിപ്പെടുത്താനെനിക്കാവില്ലയ്യ
നീ സ്വയം പ്രീതനാകുന്നതേ സുഖമയ്യാ
ചെന്നമല്ലീകാര്ജ്ജുനാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: