സംസാരിക്കുന്നത് ഒരു ഹിന്ദു സന്ന്യാസി… പശ്ചാത്തലത്തില്‍ ഒരു ഹിന്ദുക്ഷേത്രം. ഹിന്ദുശ്രോതാക്കള്‍ നിറഞ്ഞ സദസ്സ്. പ്രസംഗവിഷയമോ? നമുക്കു ഹിന്ദുക്കളാവാം. എത്ര വിചിത്രമാണിത്. തികച്ചും പരിഹാസ്യമായ വൈരുദ്ധ്യംതന്നെ. ഒരര്‍ത്ഥമില്ലാത്ത സംഗതി. ഈ സ്വാമിയുടെ ഒരു ധിക്കാരം! നിങ്ങളുടെ അമ്പരപ്പ് ഞാന്‍ മനസ്സിലാക്കുന്നുണ്ട്.
വിദ്യാസമ്പന്നരായ ഹിന്ദുക്കള്‍ക്കിടയില്‍ ഈയിടെയായി ഒരു പുതിയ പരിഷ്‌കാരം വളര്‍ന്നുവന്നിരിക്കുന്നു…. മതം എന്നു കേള്‍ക്കുമ്പോഴേക്കും തന്നെ മൂക്കു ചുളിക്കുക. അതിനെക്കുറിച്ചുള്ള ചര്‍ച്ചകളെ അവജ്ഞയോടെ കാണുക. വ്യക്തിപരമായി പറഞ്ഞാല്‍ നമ്മുടെ മതത്തിന്റെ വിമര്‍ശകരോടൊപ്പം ഏറെ സഹതാപത്തോടെ ഞാനുമുണ്ട്. എന്നാല്‍ ഇവര്‍ തീരെ ആലോചിക്കാതെ, പരിപാവനമായ നമ്മുടെ മതത്തെ തികച്ചും അകറ്റി നിര്‍ത്തുന്നതാണ്, സാമൂഹ്യമായും രാഷ്‌ട്രീയമായും നമ്മുടെ രാജ്യത്തിന് നല്ലത് എന്ന് ഉറക്കെ പ്രഖ്യാപിക്കുമ്പോള്‍… എന്റെ നിലപാട് ഞാന്‍ പുനഃപരിശോധിക്കുകയാണ്.
ഇന്ന് സദാചാരപരമായും ധാര്‍മ്മികമായും സാംസ്‌കാരികമായും നമ്മുടെ രാജ്യത്തിന്റെ സ്ഥിതി ഏറെ ശോചനീയാണ്. മതത്തെ തീര്‍ത്തും ഉപേക്ഷിക്കുക, ഇന്നത്തെ അധോഗതിക്ക് അത് വേഗം കൂട്ടുകയേയുള്ളൂ. നമ്മുടെ മതം എത്രത്തോളം അധഃപതിച്ചിട്ടുണ്ടെങ്കിലും, മതമേ ഇല്ലാത്ത അവസ്ഥയേക്കാള്‍ തീര്‍ച്ചയായും അതാണ് ഭേദം. എന്റെ നിര്‍ദ്ദേശം ഇതാണ്. നമ്മളെല്ലാവരും ഒത്തുശ്രമിച്ച് ഹിന്ദുമതത്തില്‍ ഒരു നവോത്ഥാനം കൊണ്ടുവരിക. അതായിരിക്കില്ലേ ബുദ്ധി?
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഹിന്ദുമതം. അതിന്റെ മഹനീയത തെളിയിക്കപ്പെട്ടുകഴിഞ്ഞിട്ടുള്ളതാണ്. അതിന്റെ തണല്‍ പറ്റിനിന്നുകൊണ്ട് നമുക്ക് സാംസ്‌കാരികമായ ഉന്നതിയിലേക്ക് വളരാം. പഴയകാലചരിത്രത്തിന്റെ ഭാഗമായ ആ സാംസ്‌കാരിക പെരുമ വീണ്ടെടുക്കാം. തര്‍ക്കമില്ല. ഇന്ത്യയില്‍ ഇന്ന് ഹിന്ദുമതം വിശുദ്ധമായ കുറെ അന്ധവിശ്വാസങ്ങളുടെ ഒരു വലിയ ഭാണ്ഡക്കെട്ടായിരിക്കുന്നു സംശയമില്ല. അല്ലെങ്കില്‍, വസ്ത്രം ധരിക്കുന്നതിലും, ഭക്ഷണം പാകം ചെയ്യുന്നതിലും ആഹാരം കഴിക്കുന്നതിലും സംസാരിക്കുന്നതിലും ഒക്കെയുള്ള ഒരു പ്രത്യേക രീതിയായി മാറി. സര്‍ക്കാര്‍ ഓഫീസിലെ ഉദേ്യാഗസ്ഥന്മാരുടെ സ്ഥാനത്തേക്ക് നമ്മുടെ ദൈവങ്ങള്‍ തലകുത്തിവീണിരിക്കുന്നു. പുരോഹിതന്‍മാര്‍ ആവശ്യപ്പെടുന്ന പ്രതിഫലം നല്‍കി കാര്യസാദ്ധ്യത്തിനായി ശ്രീകോവിലിനുമുന്നില്‍നിന്ന് പ്രാര്‍ത്ഥിക്കുന്ന സ്ഥിതിവിശേഷത്തിലേക്ക് വിശ്വാസികളായ ഹിന്ദുക്കള്‍ തരം താണിരിക്കുന്നു.
… തുടരും
















