തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ വേനല്‍ക്കാല പരിശീലനക്കളരികള്‍ക്ക് ഇന്ന് തുടക്കമാകും. ജൂണ്‍ ഒന്നു വരെ ഇന്ത്യയുടെ വിവിധ സാംസ്കാരിക കേന്ദ്രങ്ങളില്‍ പരിശീലനം നടക്കും.
പരിശീലനക്കളരികളുടേയും പി.കെ. വേണുകുട്ടന് നായര്‍ റേഡിയോ കഌബ്ബിന്റേയും ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30ന് അക്കാഡമി തിയറ്ററില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണന് നിര്‍വ്വഹിക്കും. കലാമണ്ഡലം ഗോപി മുഖ്യാതിഥിയാകും. ഗള്‍ഫ് പ്രവാസി അമേച്വര്‍ നാടക മത്സരത്തിലെ അവാര്‍ഡുകള്‍ തേറമ്പില്‍ രാമകൃഷ്ണന് എം.എല്‍.എ സമ്മാനിക്കും. വൈകിട്ട് 6.30 ന് ഉമദോഗ്ര(കഥക്), ഗോപിക വര്‍മ്മ(മോഹിനിയാട്ടം), ദൈവരയ് ആരേക്കര്‍(ഭരതനാട്യം) എന്നിവര്‍ സംയുക്തമായി ചിട്ടപ്പെടുത്തിയ നൃത്തശില്‍പ്പം അക്കാഡമി തിയറ്ററില്‍ നടക്കും.
കഥക് നര്ത്തകന് രാജേന്ദ്ര ഗംഗാനിയുടെ ശിക്ഷണത്തില്‍ പഞ്ചദിന കഥക് പരിശീലനക്കളരി ഇന്നു മുതല്‍ അക്കാഡമി നാട്യഗൃഹത്തില് ആരംഭിക്കും. 15 വയസിനു മുകളില്‍ പ്രായമുള്ള നൃത്തവിദ്യാര്‍ത്ഥികള്‍ക്ക് പഠനക്കളരിയില്‍ സൗജന്യമാണ് പ്രവേശനം. വിദ്യാര്‍ത്ഥികള്‍ക്കുള്ള താമസവും ഭക്ഷണവും അക്കാഡമി ഏര്‍പ്പെടുത്തും.
28 മുതല്‍ ജൂണ്‍ ഒന്നു വരെ അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന തിയറ്റര്‍ ലൈറ്റിംഗ് വര്‍ക്ക്ഷോപ്പില്‍ ഗോപിനാഥ് കോഴിക്കോട് , ഗൗതം ഭട്ടാചാര്യ, നരിപ്പറ്റ രാജു, ഷിബു എസ്. കൊട്ടാരം, ജോസ് കോശി, ശ്രീകാന്ത്, ഷൈമോന്‍ തുടങ്ങിയവര്‍ കഌസെടുക്കും. പ്രവേശനം സൗജന്യമാണ്. താമസവും ഭക്ഷണവും അക്കാഡമി ഏര്‍പ്പെടുത്തും.
ജൂണ്‍ ഒന്നിന് സമാപന സമ്മേളനത്തില്‍ പത്മശ്രീ അടൂര്‍ ഗോപാലകൃഷ്ണന് ‘ആധുനിക നാടകങ്ങളും ജി. ശങ്കരപ്പിള്ളയും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ജി. ശങ്കരപ്പിള്ള സ്മാരക പ്രഭാഷണം നടത്തും. തുടര്‍ന്ന് ബിംബ് പ്രതിബിംബ് എന്ന ഡോക്യുമെന്ററി അക്കാഡമി നാട്യഗൃഹത്തില് പ്രദര്‍ശിപ്പിക്കും.
ജൂലായില്‍ 30 ദിവസം നീണ്ടുനില്‍ക്കുന്ന കഥാപ്രസംഗ മേളയും ആഗസ്റ്റില്‍ മാജിക് മഹോത്സവവും സെപ്തംബറില്‍ ലഘുനാടകമത്സരവും നവംബറില്‍ രസവികല്പ്പവും ഡിസംബറില്‍ 30 ദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ മോഹിനിയാട്ട മഹോത്സവവും പത്ത് സംസ്ഥാനങ്ങളിലായി അരങ്ങേറും.
2016 ജനുവരിയില്‍ നടക്കുന്ന ഇറ്റ്ഫോക്കിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും ചെയര്മാന് സൂര്യ കൃഷ്ണമൂര്‍ത്തി, സെക്രട്ടറി ഡോ. പി.വി. കൃഷ്ണന് നായര്‍, പ്രോഗ്രാം ഓഫീസര്‍ എ.വി. രാജീവന്, ഗോപികാ വര്‍മ്മ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: