കൊച്ചി: അമേരിക്കയിലേയും യൂറോപ്പിലേയും വിപണികളിലേക്കിറങ്ങും മുമ്പ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുംവിധത്തില് പരീക്ഷണങ്ങളിലൂടെ തെളിവുകളിധിഷ്ഠിതമായ രേഖകളുണ്ടാക്കാന്‍ ആയുര്‍വേദമേഖലയിലുള്ളവര്‍ തയ്യാറാകണമെന്ന് കെഎസ്ഐഡിസി ചെയര്മാന് ടികെഎ നായര്‍ ആവശ്യപ്പെട്ടു.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും കെഎസ്ഐഡിസിയും ചേര്‍ന്ന് സംഘടിപ്പിച്ച ആയുര്‍വേദ വിപണന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുര്‍വേദത്തിന്റെ ആഗോള ബ്രാന്‍ഡിംഗും വിപണന സാധ്യതകളുമെന്നതായിരുന്നു സംഗമത്തിന്റെ വിഷയം.
ആയുര്‍വേദം ലോകശ്രദ്ധയിലെത്തിക്കഴിഞ്ഞുവെന്നും ലോകത്തിനു മുന്നില്‍ തങ്ങളുടെ ഉല്പന്നങ്ങള് അവതരിപ്പിക്കുകയെന്ന വെല്ലുവിളി നേരിടാന്‍ സജ്ജരാണോയെന്ന ആത്മപരിശോധനയ്ക്ക് ഈ മേഖലയിലുള്ളവര്‍ തയ്യാറാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി മാനേജിംഗ് ഡയറക്ടര്‍ ഡോ.പി.ആര്.കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. പുതിയ വിപണികളിലേക്ക് പ്രവേശിക്കും മുമ്പ് ആവശ്യമായ മുന്നൊരുക്കങ്ങള്‍ എല്ലാവരും നടത്തണം.
ആയുര്‍വേദ ഡോക്ടര്‍മാരെ ലോകത്തിന്റെ എല്ലാഭാഗത്തും ആവശ്യമുണ്ടെന്നും ആഗോളവെല്ലുവിളികള്‍ നേരിടാന്‍ അവര്‍ തയ്യാറായിരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ മികച്ച പിന്തുണ ലഭ്യമാകുന്ന ഈ സാഹചര്യം എല്ലാവരും ഉപയോഗിക്കണമെന്നും ഡോ. കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ആയുര്‍വേദത്തെ എപ്രകാരം മുഖ്യധാരയിലെത്തിക്കാമെന്നതാണ് ഇത്തരമൊരു സംഗമത്തിലെ പ്രധാന ചര്‍ച്ചാവിഷയമെന്ന് സംഗമത്തിന്റെ ചെയര്‍മാനും ധാത്രി എംഡിയുമായ ഡോ. സജി കുമാര്‍ പറഞ്ഞു.
സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി പരിശോധിച്ച് അംഗീകാരം രേഖാമൂലം വാങ്ങിവേണം ഉല്പന്നങ്ങള് പുറത്തിറക്കാനെന്ന് സ്റ്റെര്‍ലിംഗ് ഫാം റിസര്‍ച്ച് ആന്‍ഡ് സര്‍വ്വീസസ് എംഡി ശിവദാസ് ബി.മേനോന് പറഞ്ഞു.
ആയുര്‍വേദ മേഖലയില്‍ നിന്നുള്ള നൂറ്റമ്പതില്പരം പങ്കാളികള്‍ പങ്കെടുത്ത സംഗമത്തില്‍ ചലച്ചിത്രതാരം ലാലു അലക്സ്, സിഐഐ ചെയര്മാന് ഹരികൃഷ്ണന് ആര്. നായര്‍ എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: