വടക്കന്‍ മലബാറിന്റെ ഉള്‍ഗ്രാമങ്ങളില്‍ ആര്‍ക്കും വേണ്ടാതെ കിടന്ന് പാഴാവുകയായിരുന്നു പുനാര്‍പുളി എന്ന പഴവര്‍ഗ്ഗം. വടക്കന്‍ മലബാറിന്റെ മണ്ണില്‍ ഒരുപകാരവുമില്ലാതെ വീണ് നശിച്ചിരുന്ന പുനാര്‍പുളിയുടെ ഔഷധ ഗുണം തിരിച്ചറിഞ്ഞ കനകവല്ലി എന്ന വീട്ടമ്മ പുനാര്‍പുളിയെ ജനകീയമാക്കി വിജയം കൈവരിച്ചത് ആരെയും അത്ഭുതപ്പെടുത്തും.
ആദ്യമൊക്കെ വീട്ടിലെത്തുന്ന അതിഥികളെ സല്ക്കരിക്കാന് കനകവല്ലി നല്കിയ പുനാര്‍പുളിയുടെ ജ്യൂസ് ഇന്ന് കനകവല്ലിയ്ക്ക് നല്‍കിയത് ഒരു തൊഴില്‍ കൂടിയാണ്. അതിഥികളായെത്തുന്ന പലരും പുനാര്‍പുളി ജ്യൂസിന്റെ സ്വാദറിഞ്ഞതോടെ കനകവല്ലി അല്‍പ്പം സീരിയസ്സായി. പുനാര്‍പുളിയുടെ വിപണന സാദ്ധ്യത കൂടി കണ്ടെത്തിയതോടെ കനകവല്ലിയുടെ ജീവിതം കൂടുതല്‍ രമണീയമായി. അങ്ങനെയാണ് പുനാര്‍പുളി എന്ന പാനീയം ശ്രദ്ധേയമാകുന്നത്. ഇന്ന് വടക്കന്‍ മലബാറിന്റെ ഇഷ്ട പാനീയമാണ് പുനാര്‍പുളി ജ്യൂസ്. ചിലസ്ഥലങ്ങളില്‍ കാട്ടമ്പിയെന്നും കൊക്കം എന്നും സംസ്കൃതത്തില്‍ വൃക്ഷാമലയെന്നും ഇതറിയപ്പെടുന്നു.
കാസര്‍കോട്ടെ തുളു ബ്രാഹ്മണരും കൊങ്ങിണി സമുദായക്കാരും പരമ്പരാഗതമായി പുനാര്‍പുളി പാനീയമായി ഉപയോഗിച്ചിരുന്നു. വീടുകളില്‍ സ്വന്തം ആവശ്യത്തിന് മാത്രം ഉപയോഗിച്ചിരുന്ന ഇക്കൂട്ടര്‍ പക്ഷേ പുനാര്‍പുളിയുടെ വിപണിയിലെ സാധ്യത തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ തന്റെ വീട്ടുമുറ്റത്ത് നില്ക്കുന്ന പുനാര്‍പുളി മരങ്ങള്‍ പൊന്നാണെന്ന് കനകവല്ലി തിരിച്ചറിഞ്ഞതോടെ പുനാര്പുളിയുടെയും കനകവല്ലിയുടെയും തലവര മാറ്റിയെഴുതപ്പെട്ടു.
പഴങ്ങള്‍ ശേഖരിച്ച് ജ്യൂസാക്കി പരീക്ഷണം നടത്തിയതോടെ കനകവല്ലിയുടെ ജീവിതം കൂടുതല്‍ മധുരതരവുമായി. പുളിയും മധുരവും ഇടകലര്‍ന്ന ജ്യൂസ് വിപണിയിലെത്തിയതോടെ ഏറെ ആവശ്യക്കാരുമുണ്ടായത് കനകവല്ലിയുടെ പരിശ്രമങ്ങള്‍ക്കുള്ള ദൈവാനുഗ്രഹം കൂടിയായിരുന്നു.
കൃത്രിമ പാനീയങ്ങളെ വെല്ലുന്ന പുനാര്‍പുളി പണ്ട് മുതലേ നാട്ടുവൈദ്യന്മാരും കര്‍ഷകരും ഔഷധമായും ദാഹശമനിയായും ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇത് സംസ്കരിച്ചെടുത്ത് ജ്യൂസാക്കാനുള്ള സാങ്കേതിക തടസ്സവും ലഭ്യതക്കുറവുമായിരുന്നു പ്രധാനമായും ഉപഭോഗം കുറയാനിടയാക്കിയത്. എന്നാല്‍ വടക്കന്‍ മലബാര്‍ മേഖലകളില്‍ സമൃദ്ധമായി കാണുന്ന പുനാര്‍പുളിയെ ജ്യൂസ് രൂപത്തില്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയതോടെ കനകവല്ലി എന്ന വീട്ടമ്മ ഇതിന്റെ പ്രചാരക കൂടിയായി മാറി. ഭര്‍ത്താവ് ഈശ്വര ഭട്ടിന്റെയും മകന് അജയശങ്കറിന്റെയും സഹകരണം കൂടിയായപ്പോള്‍ ഇവര്‍ക്ക് പുനാര്‍പുളി പ്രധാന വരുമാന മാര്‍ഗ്ഗവുമായി.
വീട്ടിലെ രണ്ട് മരങ്ങളില്‍ നിന്നും അയല്‍വാസികളുടെ മരങ്ങളില്‍ നിന്നും ശേഖരിക്കുന്ന പഴങ്ങളില്‍ നിന്നുമാണ് ഇവര്‍ പുനാര്‍ പുളി ജ്യൂസ് ഉണ്ടാക്കുന്നത്. വര്‍ഷത്തില്‍ 200 കിലോ പഴങ്ങള്‍ വരെ ലഭിക്കുമെന്ന് ഇവര്‍ പറയുന്നു. പുനാര്‍പുളി ജ്യൂസ് ലിറ്റിന് 100 മുതല്‍ 130 രൂപവരെ വിലയുണ്ട്. കനകവല്ലിയുടെ മാതൃക പിന്തുടര്ന്ന് മറ്റ് വീട്ടമ്മമാര്‍ കൂടി രംഗത്തെത്തിയതോടെ പുനാര്‍പുളി വടക്കന്‍ മലബാറിന്റെ തന്നെ സ്റ്റാറായി.
വലിയ അദ്ധ്വാനമില്ലാതെ തന്നെ ചെയ്യാവുന്ന ജോലിയാണ് പുനാര്‍പുളിയുടെ സംസ്ക്കരണം. നന്നായി പഴുത്ത പുനാര്‍പുളി രണ്ടായി മുറിച്ച് വിത്ത് കളഞ്ഞ് ഒരാഴ്ചയോളം നന്നായി ഉണക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ശേഷം ഇതിനെ ഒരു ദിവസം വെള്ളത്തിലിട്ട് വെക്കണം. ആ വെള്ളം അരിച്ചെടുത്ത് മറ്റൊരു പാത്രത്തില്‍ സൂക്ഷിക്കണം. പിന്നീട് ഒരു ഗ്ലാസ് വെള്ളത്തിന് രണ്ട് സ്പൂണ്‍ പഞ്ചസാര എന്ന അളവിലെടുത്ത് തിളപ്പിക്കണം. ഇത് പിന്നീട് ഒരു ദിവസം തണുക്കാന്‍ വെക്കുന്നതോടെ പുനാര്‍പുളി ജ്യൂസ് തയ്യാറായി. ഇത് കുപ്പികളിലാക്കി രണ്ട് വര്‍ഷം വരെ സൂക്ഷിക്കാവുന്നതാണ്. സോഡയില്‍ പകര്‍ന്ന് സര്‍ബത്ത് രൂപത്തിലും പാനിയമായും ഇത് ഉപയോഗിക്കാം.
ഏപ്രില്‍-മാര്‍ച്ച് മാസങ്ങളിലാണ് പുനാര്‍പുളി കായ്ക്കുക. ബന്ധുവില്‍ നിന്നാണ് കനകവല്ലി പുനാര്‍പുളിയുടെ സംസ്ക്കരണ രീതികള്‍ പഠിച്ചത്. സമീപ പ്രദേശമായ കര്‍ണാടകയില്‍ പുനാര്‍പുളി സംസ്ക്കരണത്തിനായി ഫാക്ടറി തന്നെയുണ്ട്. എന്നാല്‍ കേരളത്തില്‍ നല്ല സാധ്യതയുള്ള പുനാര്‍പുളി സംസ്ക്കരണം ഇന്നും പ്രചാരത്തിലായിട്ടില്ല. കൊക്കം എന്നറിയപ്പെടുന്ന പുനാര്‍പുളിയുടെ ശാസ്ത്രീയ നാമം ഗാര്‍സീനിയ ഇന്‍ഡിക്ക എന്നാണ്. മാംഗോസ്റ്റിന് കുടംബത്തില്‍പ്പെട്ട ഈ കാട്ടുവൃക്ഷം പശ്ചിമഘട്ടില്‍ നിന്നാണ് നമ്മുടെ വടക്കന്‍ മേഖലകളിലേയ്ക്കും കര്‍ണ്ണാടകയിലേയ്ക്കും എത്തിയത്. ഈ പഴത്തില്‍ ഫംഗസ്, ബാക്ടീരിയ എന്നിവയെ ചെറുക്കുന്ന ഘടകങ്ങളുമുണ്ട്. സിട്രിക് ആസിഡ്, അസെറ്റിക് ആസിഡ്, മാലിക് ആസിഡ്, അക്സോര്ബിക് ആസിഡ്, ഗാര്‍സിനോള്‍ എന്നിവയും പുനാര്പുളിയില് അടങ്ങിയിരിക്കുന്നു.
ത്വക്രോഗങ്ങള്, അര്‍ബുദം, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കുന്ന ഔഷധമാണ് പുനാര്പുളിയെന്നും പറയപ്പെടുന്നു. ശരീരത്തിലെ മുറിവുണക്കാനും രക്തശുദ്ധീകരണത്തിനും ഇത് സഹായിക്കുന്നു.
പുനാര്‍പുളി സംസ്ക്കരണത്തിലൂടെ സ്വന്തമായി തൊഴില്‍ കണ്ടെത്തുകയും കൃഷിയുടെ അനനന്തസാധ്യതകള് പുറംലോകത്തിന് കാണിച്ചു കൊടുക്കുകയും മികച്ച വരുമാനമുണ്ടാക്കി വടക്കന്‍ മലബാര്‍ മേഖലയില്‍ ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ കിടന്നിരുന്ന പുനാര്പുളിയ്ക്ക് മികച്ച പ്രചാരം നേടിക്കൊടുക്കുകയും ചെയ്ത കനകവല്ലി എന്ന വീട്ടമ്മ ഇന്ന് ഏവര്‍ക്കും മാതൃകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: