കഴിഞ്ഞ ആഴ്ചയില്‍ തൊടുപുഴയിലെ ആദ്യ സ്വയംസേവകനായിരുന്ന വി.കെ.ഗോപാലനെ അനുസ്മരിച്ചുകൊണ്ട് എഴുതിയത് വായിച്ച് പലരും അവരുടെ അനുഭവങ്ങള്‍ അറിയിക്കുകയുണ്ടായി. പെരുമ്പാവൂരില്‍ അദ്ദേഹം സഹിക്കേണ്ടിവന്ന ദുരിതങ്ങള്‍ക്ക് ദൃക്സാക്ഷിയും സഹായിക്കാന്‍ തന്നാലാവുന്നതെല്ലാം ചെയ്ത ശ്രീ പ്രഭാകരന് തന്റെ സംവേദനശീലം മുഴുവന്‍ അറിയിച്ചു സംസാരിച്ചു. അതിനുശേഷം മറ്റു ചില പഴയ സ്വയംസേവകരുടെ ചരമവാര്‍ത്തകളും അറിയാന്‍ ഇടയായി.
12-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം ജന്മഭൂമി ദല്‍ഹി ലേഖകന്‍ സന്ദീപിന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത് മടങ്ങും വഴിക്ക് തിരുവനന്തപുരത്തെ ആദ്യകാല സ്വയംസേവകനായിരുന്ന വി.എസ്.ഭാസ്കരപ്പണിക്കര് അന്തരിച്ചുവെന്ന വിവരം ലഭിച്ചു. പണിക്കരുചേട്ടനെക്കുറിച്ചു ഈ പംക്തികളില്‍ അനവധിതവണ എഴുതിയിട്ടുണ്ട്. കറുകച്ചാല്‍ താലൂക്ക് സംഘചാലകനായിരുന്ന അദ്ദേഹം കടയിനിക്കാട് എന്ന സ്ഥലത്തെ വീട്ടിലാണ് താമസിച്ചുവന്നത്. പരമേശ്വര്‍ജി, രാമചന്ദ്രന് കര്‍ത്താ, എം.എ.സാര്‍, ദിവാകരന് കമ്മത്ത്, ലക്ഷ്മീ നാരായണന് തുടങ്ങി എന്റെ പ്രാരംഭസംഘകാലത്തെ പ്രതീകങ്ങളില്‍ അദ്ദേഹവും പെടുന്നു.
പ്രസിദ്ധി പരാങ്മുഖനായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ കവിതകള്‍ക്കും സാഹിത്യപരവും സാഹിത്യേതരവുമായ മറ്റു കൃതികള്‍ക്കും പ്രശസ്തി ലഭിച്ചില്ല. പലപ്പോഴും പണിക്കരുചേട്ടന്റെ കവിതകള്‍ ക്ലാസിക് ശൈലിയെ അവലംബിക്കുന്നതു കാണാം. ഈ മണ്ണിന്റെ ഗീതങ്ങള്‍ എന്ന സമാഹാരം വിലപ്പെട്ട കൃതിയാണ്. ശ്രീഗുരുജി ജന്മശതാബ്ദിക്കാലത്ത് അദ്ദേഹത്തെപ്പറ്റി രചിച്ച ശതകം തത്വചിന്താപരമായും സംഘാദര്‍ശങ്ങളെ പ്രതിപാദിക്കുന്നതിലും സാഹിത്യകൃതിയെന്ന നിലയിലും അത്യുന്നതനിലവാരം പുലര്‍ത്തുന്നതാണ്.
അതിന്റെ കയ്യെഴുത്ത് പ്രതിയുമായി പ്രാന്തകാര്യാലയത്തില്‍ വന്ന് എം.എ.സാറും പരമേശ്വര്‍ജിയുമായി ചര്‍ച്ച ചെയ്തിരുന്നു. രാത്രിയില്‍ ഞങ്ങള്‍ അടുത്തടുത്ത് ഉറങ്ങാന്‍ കിടന്ന അവസരത്തില്‍ പണിക്കരുചേട്ടന് തന്നെ ഓരോ ശ്ലോകവും ചൊല്ലിക്കേള്പ്പിച്ചുതന്നു. രചയിതാവിന്റെ ശബ്ദത്തില്‍ തന്നെ കൃതി കേള്‍ക്കുന്നതിന്റെ സുഖം മറ്റൊരുവിധത്തിലും കിട്ടാന്‍ സാധ്യമല്ല.
ഇടയ്ക്ക് ഫോണില്‍ വിളിച്ച് സമകാലീന സംഭവങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നു. എന്റെ വളരെയടുത്ത ഒരു ബന്ധു ധന്വന്തരി വൈദ്യശാലയുടെ കൊട്ടാരക്കര ശാഖയുടെ മാനേജരായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് (1948 ല്‍) അവിടുത്തെ കേരള കൊമേഴ്സ്യല്‍ ബാങ്ക് ജീവനക്കാരനായിരുന്ന ഭാസ്കരപ്പണിക്കരും ഒരു ലോഡ്ജിലാണ് താമസിച്ചത്. സംഘനിരോധനത്തിനെതിരായ സത്യഗ്രഹം തുടങ്ങിയപ്പോള്‍ പണിക്കരുചേട്ടന് ജോലി രാജിവെച്ചു സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ പോയി. ബാങ്കിലെ തന്റെ ചുമതലകള്‍ എല്ലാം തീര്‍ത്തു മാനേജരെ ചാര്ജേല്പ്പിച്ചാണ് പോയതെന്നു ആ ബന്ധു പറയുമായിരുന്നു. അദ്ദേഹവും പിന്നീട് സംഘവുമായി സഹകരിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കണ്ണൂരില്‍ അദ്ദേഹത്തിന്റെ വൈദ്യശാല, സംഘത്തിന്റെ ഏറ്റവും പ്രധാനമായ ഇന്‍ഫര്‍മേഷന്‍ കേന്ദ്രമായിരുന്നു. അദ്ദേഹത്തിന് പ്രചോദനം പണിക്കരുചേട്ടന് തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള ഊടുവഴി പറഞ്ഞുതന്നതും ആ ബന്ധു തന്നെ.
ഉന്നതമായ ചിന്തയും ലളിതജീവിതവുമായി കഴിഞ്ഞ പണിക്കരുചേട്ടന് നമ്മെ വിട്ടുപിരിഞ്ഞു. ആ തിരുവനന്തപുരം സ്വയംസേവകരില്‍ ഇനി പരമേശ്വര്‍ജിയും എംഎ സാറും ഞാനുമാണല്ലോ അവശേഷിക്കുന്നത് എന്നും ചിന്തിച്ചുപോയി.കോഴിക്കോട്ട് വെള്ളയിലെ തേര്‍വീട് ശാഖയിലെ ആദ്യകാല സ്വയംസേവകന് ശങ്കരന് (ചടുകുടു ശങ്കരന്) അന്തരിച്ച വിവരം, അവിടെത്തന്നെയുള്ള തെങ്ങില്‍ ശിവദാസ് വിളിച്ചറിയിച്ചു. ശങ്കരന് 82 വയസ്സായിരുന്നു. ചടുകുടു(കബഡി) കളിക്കാര്‍ക്ക് അരനൂറ്റാണ്ടിനപ്പുറത്തു ശങ്കരന് ഒരു ഐക്കണ്‍ തന്നെ ആയിരുന്നു.
പഴയ മലബാര്‍ പ്രചാരകനായിരുന്ന ശങ്കര്‍ ശാസ്ത്രിയുടെ കണ്ടുപിടുത്തമായിരുന്നു, ശങ്കരനും വെള്ളയില്‍ പോലുളള കടപ്പുറങ്ങളിലെ പൊരുതിവളര്‍ന്ന നൂറുകണക്കിന് സ്വയംസേവകരും അവരുടെ മനസ്സിലുണ്ടായിരുന്ന അധമ മനോഭാവത്തെമാറ്റി ആത്മവിശ്വാസം നിറച്ച് ശാസ്ത്രിജി വിജിഗീഷുക്കളാക്കിയെടുത്തുവെന്നു പറയുന്നതാവും ശരി.
ചടുകുടു ശങ്കരനെ ഞാന്‍ ആദ്യം കണ്ടത് 1958 ലോ 1959 ലോ തൃശിവപേരൂര് പാലസ് ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന പ്രവര്‍ത്തക ശിബിരത്തിലായിരുന്നു. എന്നാല്‍ അതിനുമുമ്പുതന്നെ ആളെപ്പറ്റി കേട്ടിരുന്നു. 1956 ല്‍ വിവേകാനന്ദ കോളേജില്‍ എന്റെയൊപ്പം പ്രഥമവര്‍ഷ ശിക്ഷണത്തിന് മാധവ്ജിയുടെ അനുജന് രാമചന്ദ്രന് (പി.ആര്.മേനോന്) ഉണ്ടായിരുന്നു. അദ്ദേഹം പോളിടെക്നിക് പഠിത്തം കഴിഞ്ഞ് ഫാക്ട് കമ്പനിയില്‍ അപ്രന്റീസ് ആയി പ്രവര്‍ത്തിക്കുകയായിരുന്നു. മാധവ്ജിയോടൊപ്പമാണ് ഞാന്‍ തിരുവനന്തപുരത്ത് ഒരുവര്‍ഷം താമസിച്ചത് എന്നത് അടുപ്പം കൂടാനിടയായി. മാത്രമല്ല ശിബിരത്തില്‍ വെച്ച് മാധവ്ജി തന്നെ ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തി ബന്ധിക്കുകയും ചെയ്തു.
ശിബിരത്തില്വെച്ചു ശാഖകളുടെ വിശേഷം പറയുന്നതിനിടക്ക് കോഴിക്കോട്ടെ കബഡികളിയുടെ കാര്യം വന്നു. അതിലെ വിദഗ്ദ്ധരായ ശങ്കരനും സാമിയും അദ്ദേഹത്തിന്റെ വിവരണത്തിലൂടെ മനസ്സില്‍ കയറിപ്പറ്റി. നേരത്തെ സൂചിപ്പിച്ച തൃശ്ശിവപേരൂര്‍ ശിബിരത്തില്‍ ഒരു കബഡി മത്സരം നടന്നു. അതിന്റെ ഫൈനല്‍ മത്സരം പാലക്കാടും കോഴിക്കോടും തമ്മിലായിരുന്നു.
മത്സരത്തിനുമുമ്പ് ശങ്കരനെ, രാമചന്ദ്രന് ചൂണ്ടിക്കാട്ടിത്തന്നു. മത്സരത്തിലെ ചടുലമായ നീക്കങ്ങളും എതിരാളികളെ വെട്ടിച്ച് ചിലരുടെ തോളില്‍ ചവിട്ടി സ്വന്തം കോര്‍ട്ടിലെത്തിയതും മറ്റും കണ്ടു വിസ്മയം കൊണ്ടു. ആ നീക്കങ്ങള്‍ ഇന്നും മനസ്സില്‍ പതിഞ്ഞുകിടക്കുന്നു. പൂജനീയ ഗുരുജിയുടെ പരിചയ ബൈഠകില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലക്കാര്‍ ഒരുമിച്ചായിരുന്നു. ശങ്കരന് സ്വയം പരിചയപ്പെടുത്തിയത് ഗുരുജിയെ പൊട്ടിച്ചിരിപ്പിച്ചു: ”നാം ശങ്കരന് കാം മഛലിപകഡാ” എന്നായിരുന്നു അതിനിടയാക്കിയ ഹിന്ദി വാചകം. ഔപചാരിക വിദ്യാഭ്യാസം കഷ്ടിയായിരുന്ന വെള്ളയിലെ അന്നത്തെ സ്വയംസേവകര്‍ക്ക് ശാസ്ത്രിജി തന്നെയാവണം ഇത്രയും പഠിപ്പിച്ചുകൊടുത്തത്.
അതിന് 12 വര്‍ഷങ്ങള്‍ക്കുശേഷമാണ് എനിക്ക് കോഴിക്കോട്ട് സ്ഥിരമായി താമസിക്കാന്‍ അവസരമുണ്ടായത്, ജനസംഘം സംഘടനാകാര്യദര്‍ശിയെന്ന നിലയ്ക്ക്. വെള്ളയില്‍ നല്ല ശക്തമായ സ്ഥാനീയ സമിതിയുണ്ടായിരുന്നു. തെങ്ങില്‍ ലക്ഷ്മണന്, എന്‍.പി.ഷണ്മുഖന്, എന്‍.പി.ശങ്കരന്, അഹല്യാശങ്കര്‍ തുടങ്ങി കഴിവുറ്റ ഒട്ടേറെ പേര് അവിടെ സജീവമായിരുന്നു. ചടുകുടു ശങ്കരനെയും സാമിയേയും അന്വേഷിച്ചപ്പോള്‍, അവരുംസമിതിയോഗത്തിനെത്തുമെന്നറിഞ്ഞു. ശങ്കരന് അന്ന് അത്ര സജീവമായി രംഗത്തില്ല.
സാമിയുണ്ട്. അദ്ദേഹത്തിന്റെ അനുജന് സോമന് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു. പിന്നീട് ബാങ്ക് ജീവനക്കാരനായി പലയിടങ്ങളിലും കണ്ടിട്ടുണ്ട്. ഇപ്പോള്‍ പ്രശസ്തമായ വ്യാസവിദ്യാപീഠത്തിന്റെ ചുമതലക്കാരനാണ് എന്ന് കരുതുന്നു. മഛലി പകഡാ എന്നു മാത്രം പറയാനറിഞ്ഞിരുന്നവരുടെ അടുത്ത തലമുറ എത്ര ഉയര്ന്നതലത്തിലെത്തിയെന്നതിന്റെ ഉദാഹരണം കൂടിയാണത്.
കബഡി കളി കേരളത്തില്‍ സംഘശാഖകളില്‍ മാത്രമേ അക്കാലത്തു നടപ്പിലുള്ളൂ. അതിനെ ആര്‍എസ്എസ് കളിയായിത്തന്നെയാണ് ജനങ്ങള്‍ കണ്ടതും. ആ കളിയുടെ പേരില്‍ അറിയപ്പെട്ടതിനാലാണ് ചടുകുടുവിന്റെ ഐക്കണ്‍ ആയിരുന്ന ആളായിരുന്നു ശങ്കരന് എന്ന് ആദ്യം പരാമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: