ഉണര്‍ന്നു പോയ് ഉണര്‍ന്നുപോയ്
പ്രചണ്ഡ ഹിന്ദു പൗരുഷം
തകര്‍ന്നുപോയ് തകര്‍ന്നുപോയ്
കനത്ത കാല്‍വിലങ്ങുകള്‍.”
ഹിന്ദു ജാഗരണത്തിന്റെ ഈ ഉണര്‍ത്തുപാട്ട് പാടാത്തവരും കേള്‍ക്കാത്തവരും കുറവാണ്. ഈ കവിത രചിച്ചത് വി.എസ്. ഭാസ്കരപ്പണിക്കരാണ് എന്നറിയുന്നവര്‍ വളരെ കുറയും. കോട്ടയം കടയിനിക്കാട് തയ്യില്‍ ഭവനത്തിന്റെ കോലായില്‍ ചാരുകസേരയിലിരുന്ന് കവിതകള്‍ കോറിയിടുകയും സമൃദ്ധമായി ചിരിക്കുകയും അതിലും സമൃദ്ധമായി വെറ്റില മുറുക്കുകയും ചെയ്യുമായിരുന്ന ആ കാവ്യോപാസകന്‍ മെയ് 11 ന് നമ്മോടു യാത്ര പറഞ്ഞു!
”സഹപഥികരെല്ലാമൊഴിഞ്ഞുപോയ് ഏകാന്ത-
സഹന സത്രത്തില്‍ ഞാന്‍ ഒറ്റയ്ക്കിരിക്കുന്നു” (ഒഎന്‍വി)
പണിക്കര്‍ സാറിന്റെ വിയോഗത്തോടെ വള്ളത്തോള്‍ മുതല്‍ പാലാവരെയുള്ള ആധുനിക കവികളുടെ കളരിയിലെ അവസാനദളവും കൊഴിഞ്ഞുവീണു.
‘ആശയപ്രചാരണത്തിനു തുനിയാതെ കവിത എഴുതിയിരുന്നെങ്കില്‍ പണിക്കര്‍ ഭാവഗായകനായി അറിയപ്പെടുമായിരുന്നു. മഹാകവി പാലാ ദര്‍ശിച്ചിരുന്നു. എന്നാല്‍ ദേശീയഗാനവും വന്ദേമാതരവും പോലെ ദേശസ്നേഹികള്‍ എന്നും ആലപിക്കുന്നു എന്നത് പണിക്കര്‍ സാറിന്റെ കവിതയ്ക്കു മാത്രം ലഭിക്കുന്ന പുണ്യമാണ്. സുകൃതമാണ്.
”പുതുതാം നാനാജന വ്യാപാരം മുളകുപ്പു-
പൊതിയാന്‍ വലിച്ചെന്റെ പുസ്തകമെടുത്തേക്കാം.” എന്ന് വൈലോപ്പിള്ളി വിലപിച്ചിട്ടുണ്ട്. എന്നാല്‍ വി.എസ്. ഭാസ്കരപ്പണിക്കരുടെ കവിതകള്‍ സംഘശാഖയിലൂടെ എന്നും ആലപിക്കപ്പെടുന്ന ജനപ്രിയ ഗീതങ്ങളായിരിക്കും.
പണിക്കര്‍ സാര്‍ 1947 മുതല്‍ സ്വയംസേവകനാണ്. തിരുവനന്തപുരത്തെ പ്രാരംഭ പ്രവര്‍ത്തകരില്‍ പ്രമുഖന്. 1949 ലെ സംഘനിരോധന ലംഘന സത്യഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. തുടര്‍ന്ന് ഒരു മാസക്കാലത്തോളം ജയില്‍വാസം. സംഘത്തിനുവേണ്ടി നിരവധി ഗണഗീതങ്ങള്‍ രചിച്ചു. ‘ഈ മണ്ണിന്റെ ഗീതങ്ങള്‍’ എന്ന പേരില്‍ പണിക്കര്‍ സാറിന്റെ ദേശഭക്തി ഗാനങ്ങള്‍ കുരുക്ഷേത്ര പ്രകാശന് സമാഹരിച്ചിട്ടുണ്ട്.
1988 ല്‍ പോസ്റ്റല്‍ സൂപ്രണ്ട് തസ്തികയില്‍ നിന്നു വിരമിച്ചു. കറുകച്ചാല്‍ താലൂക്ക് സംഘചാലക്, തപസ്യകലാസാഹിത്യ വേദി കോട്ടയം ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പൊതുരംഗത്ത് സജീവസാന്നിദ്ധ്യമായിരുന്നു. ഗുരുജി ശതകം എന്ന കാവ്യവും മേഘസന്ദേശവിവര്‍ത്തനവും അദ്ദേഹത്തിന്റെ സംഭാവനകളാണ്. ”ഭരതനാട്യം അറിയേണ്ടതെല്ലാം” ഡിസി ബുക്സ് പ്രസിദ്ധീകരിച്ച വിവര്‍ത്തന ഗ്രന്ഥമാണ്.
22 വയസ്സു മുതല്‍ കവിത എഴുതിത്തുടങ്ങി. എല്ലാ കവിതകളിലും തിരയടിക്കുന്നത് ഭാരതത്തിന്റെ ഗരിമയും മഹിമയുമാണ്.
‘ഭാരതം ലോകത്തിന്റെ വിജ്ഞാന ഭണ്ഡാഗാരം
ഭാരതം സനാതന ധര്‍മത്തിന്നിരിപ്പടം
ഭാരതം ജന്മക്ഷിതി, ഭാരതം പുണ്യക്ഷിതി,
ഭാരതമനാരത,മെന്നുടെ കര്‍മ്മക്ഷിതി’
പൂജനീയ ഗുരുജിയുമായുള്ള തന്റെ നെടുനാളത്തെ ഗുരുശിഷ്യബന്ധത്തിന്റെ കാവ്യാവിഷ്കാരമാണ് ‘ശ്രീഗുരുജി’ എന്ന കവിത.
”ശാന്തഗംഭീരം, മുഖം ജ്ഞാനപൂര്‍ണമാമന്ത-
രേന്ദ്രിയ പ്രഭാപൂരദ്യോതകോജ്ജ്വല നേത്രം
പ്രാംശുവാം ദേഹം തപോധനതുല്യമാംരൂപം
ക്രാന്തധീ ശമാസ്പദസംയമ ചേതോവൃത്തി
ആഴമേറിയോരറിവിന്റെ മണ്ഡലങ്ങളെ
ചൂഴ്ന്നുയര്‍ന്നജസ്രമായൊഴും വചോഭംഗി”
ഗുരുജിയെ നേരില്‍ കണ്ടിട്ടില്ലാത്തവര്‍ക്ക് ആ പുണ്യാത്മാവിനെ ഈ വാങ്മയത്തിലൂടെ മനോമുകുരത്തില്‍ ദര്‍ശിക്കാം.
സ്വര്‍ഗീയ ഭാസ്കര്‍ റാവുജിയുമായുള്ള അരനൂറ്റാണ്ടുകാലത്തെ സൗഹൃദബന്ധവും കവിതയായി പരിണമിച്ചു.
”അങ്ങ് നിസ്പൃഹന്‍, ധ്യേയബോധത്തിലാത്മാവിന്റെ
കണ്ണികള്‍ കോരുത്തോര്‍ക്കുബന്ധങ്ങള്‍, സാമാന്യങ്ങള്‍
മിതവാക്, മിതശീലം, ഭാവഗൗരവം, സ്നേഹം
ഇതിനൊക്കെയുമുള്ളിലായിരം ജ്വാലാമുഖം.”
തന്ത്രമന്ത്രാദികളില്‍ നിപുണനായിരുന്ന മാധവ്ജി കവിക്ക് രാജയോഗിയാണ്. മാധവ്ജിയുടെ കുണ്ഡലിനിയെപ്പറ്റിയുള്ള പ്രഭാഷണങ്ങള്‍ കവി മനസ്സില്‍ ദീപ്തമായ ഭക്തിയായി കിടക്കുന്നു. കുണ്ഡലിനി സര്‍പ്പരൂപത്തില്‍ മൂന്നുചുറ്റായി ശയിക്കുന്നതും വാമനന് മൂന്നുചുവടുകള്‍കൊണ്ട് വിശ്വമളന്നതും തമ്മില്‍ ബന്ധപ്പെടുത്തുന്നു.
”ശാന്തമൊഴുകിയാ ഗംഗാ, ഹ്രദങ്ങളെ
അന്തരാത്മാവിലൊതുക്കി
ഉള്ളിലൊതുങ്ങും കൊടുംകാറ്റുമായ് കുളിര്
മന്ദസമീരണന്‍ വീശി
മൂന്നരച്ചുറ്റിലൊതുങ്ങിയതെന്തൊരു
മൂന്നു ചുവടിന്റെ ശക്തി”
കവിക്ക് എന്നും പ്രിയം നിറഞ്ഞ കവിതയാണു ‘കായ്ക്കാത്ത മരം.’ വൈലോപ്പിള്ളിയുടെ മാമ്പഴത്തിനു സമാനം എന്ന് കവിതയെ പരമേശ്വര്‍ജി വിശേഷിപ്പിക്കുകയുണ്ടായി. മുപ്പതുവര്‍ഷമായി മുറ്റത്തു കോണില്‍ നില്ക്കുന്ന കായ്ക്കാത്ത പ്ലാവ് വെട്ടിക്കളയുവാന്‍ അച്ഛന് തീരുമാനിക്കുന്നു.
”വേലുവിന് തോളില്‍ തൂങ്ങിക്കിടപ്പൂ കൈക്കോടാലി
പൂളുകള്‍ തെറിക്കുന്നു കൊമ്പുകള്‍ വിറയ്ക്കുന്നു
ചൂളമെന്നുള്ളില്‍ പ്ലാവൊന്നലറിപ്പതിക്കുന്നു
മാലിനി വിതുമ്പിപ്പോയ് വര്‍ഷമേഴായും കുഞ്ഞി-
ക്കാലുകാണാതുള്ള താന്‍ കായ്ക്കാത്ത മരമല്ലേ.”
‘ചരൈവേതി’ എന്ന കവിത ഏറെ പ്രശസ്തമായ ഗണഗീതമായി.
”പ്രവാസിയായ് പ്രണീതരായി
സംഘകാര്യ വൃത്തിയായ്
നിരന്തരം ചരിച്ചിടാം
നിതാന്ത കര്‍മവ്യഗ്രരായ്”
തപസ്യ കലാസാഹിത്യവേദിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം ദീര്‍ഘകാലം സമൂഹത്തിന് സാംസ്കാരിക നേതൃത്വം നല്കി. 1986 നവംബറില്‍ കോട്ടയത്ത് നടന്ന തപസ്യയുടെ 10-ാം സംസ്ഥാന സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായിരുന്നെങ്കില്‍ 2012 ഡിസംബറില്‍ കോട്ടയത്ത് നടന്ന തപസ്യയുടെ 36-ാം സംസ്ഥാന സമ്മേളനത്തില്‍ പണിക്കര്‍ സാര്‍ മുഖ്യാതിഥിയായി സമ്മേളനത്തിന്റെ സമാദരണം ഏറ്റുവാങ്ങി.
”ഹേ ഗുരോ നീ, പഥികര്‍ ഞങ്ങള്‍-
ക്കെന്നുമുജ്ജ്വല സ്ഫൂര്‍ത്തി കേന്ദ്രം
മൃദുല സുസ്മിതമകലെ വാനില്‍
ജ്വലിത താരകമങ്ങു നില്പ്പൂ!’ (ഗുരുസ്മൃതി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: