പൂന്താനത്തിന്റെ ഭക്തിരസപ്രദമായ ജ്ഞാനപ്പാന ക്ഷേത്രങ്ങളില്‍ ശ്രുതിമധുരമായ തരത്തില്‍ പ്രഭാതങ്ങളെ ധന്യമാക്കിയിരുന്ന കാലം മാറുകയാണ്. അപൂര്‍വമായി ചില സ്ഥലങ്ങളില്‍ പി.ലീല യുടെ ഈണത്തില്‍ അത് കേള്‍ക്കാം. കാലത്തിന്റെ വര്‍ത്തമാനത്തെ പാനയിലൂടെ കോര്‍ത്തിണക്കി ആയിരങ്ങള്‍ക്ക് പകരുകയാണ് ശ്രീശ്രീ രവിശങ്കറിന്റെ ജീവനകലാകാരന്മാര്. ഗുരുജിക്ക് 59 പിറന്നാള്‍ പിന്നിടുമ്പോള്‍ ഒപ്പം ചേര്‍ന്ന് ജീവനകലയുടെ ജ്ഞാനം പാനം ചെയ്തതിന്റെ പുണ്യത്തിലാണ് തോമസ് കുരുവിള.
ക്ഷേത്രങ്ങളിലും ആര്‍ട്ട് ഓഫ് ലിവിങ് പരിപാടികളിലും ഗീതാപാഠശാല, ബാലഗോകുലം പരിപാടികളിലുമായി നൂറോളം പരിപാടികളില്‍ തോമസ് കുരുവിള ഈ ജ്ഞാനം മറ്റുള്ളവരിലേക്ക് പകര്‍ന്ന് നല്‍കിയിട്ടുണ്ട്. നല്ലൊരു ഗായകന് എന്ന ലേബല്‍ സ്വന്തമായുള്ള തോമസ് കുരുവിള ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ പദവിയിലുള്ള ഗായകസംഘമായ സുമേരുസന്ധ്യയില് അംഗമാണ്. പാടാനുള്ള കഴിവുകൂടി ഉള്ളതിനാല്‍ ജ്ഞാനപ്പാന പരിപാടികളില്‍ കൂടുതല്‍ തിളങ്ങുവാനും കേള്‍വിക്കാരുടെ മുന്നില്‍ ഗാനാലാപനത്തിനപ്പുറം ഇതിലടങ്ങിയിട്ടുള്ള ആന്തരികസത്ത അവരിലേക്ക് പകരുവാനും കഴിഞ്ഞതായി തോമസ് കുരുവിള പറയുന്നു.
ആദ്യകാലങ്ങളില്‍ ജ്ഞാനപ്പാനയെക്കുറിച്ച് വ്യക്തമായ ജ്ഞാനം ഇല്ലാതിരുന്ന കേള്വിക്കാരന് മാത്രമായിരുന്നു തോമസ് കുരുവിള. ജ്ഞാനപ്പാന കേരളത്തില്‍ പ്രചരിപ്പിക്കുന്നതിനും ഇതിന് നേതൃത്വം നല്കുവാന് ആര്‍ട്ട് ഓഫ് ലിവിങ് തയ്യാറായതിന് നിമിത്തമായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് തോമസ്. 2012 ഫെബ്രുവരി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ആനന്ദോത്സവം പരിപാടിയില്‍ പങ്കെടുത്ത ഗുരുജി കേള്‍വിക്കാര്‍ക്ക് സന്തോഷം നല്കുന്ന രാമനേയും കൃഷ്ണനേയും കുറിച്ചുള്ള ഭക്തിഗാനങ്ങള്‍ ആലപിക്കാന്‍ പറഞ്ഞു. വേദിയിലെ ഒരു പരിപാടിയുടെ ഇടവേളയില്‍ ജ്ഞാനപ്പാനയിലെ കുറച്ചുവരികള്‍ താന്‍ പാടി. ഇത് ശ്രദ്ധയില്‍പ്പെട്ട ഗുരുജി അന്ന് ഒന്നും പറഞ്ഞില്ല.
എന്നാല്‍ രണ്ടുവര്‍ഷത്തിനുശേഷം കേരളത്തില്‍ വന്ന അവസരത്തില്‍ ജ്ഞാനപ്പാന കേരളത്തില്‍ പ്രചരിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയും തന്നെയും മാവേലിക്കര സ്വദേശി വിനോദിനെയും മുഖ്യസംഘാടകര്‍ ആക്കുകയുമായിരുന്നു. ആദ്യം ശ്രവണസുന്ദരമായ ഗാനമായി കണ്ടിരുന്ന ഇതിലെ വരികളിലെ ആന്തരികമായ അര്‍ത്ഥതലങ്ങളിലേക്ക് പോയപ്പോള്‍ ഇത് മലയാളിക്ക് ലഭിച്ച ഭഗവദ്ഗീതയാണെന്നാണ് തനിക്ക് തോന്നിയതെന്നും മനുഷ്യന്റെ ഓരോ അവസ്ഥയെയും ബോധ്യപ്പെടുത്തുകയും നമ്മുടെ സംസ്കൃതിയെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഗീതത്തില്‍ ഒരു പുല്ലായി എങ്കിലും മഹത്തായ ഈ ഭാരത ഭൂമിയില്‍ ജനിക്കണം എന്ന് പറയുമ്പോള്‍ നമ്മള് അഭിമാനം കൊള്ളണമെന്നും ആ സംസ്കാരം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറയുന്നു.
ജ്ഞാനപ്പാനയില്‍ കുറച്ച് അറിവ് നേടിയശേഷം താന്‍ ഒരിക്കല്‍പോലും ഇന്ത്യ എന്ന വാക്ക് ഉച്ചരിച്ചിട്ടില്ല എന്നും ഭാരതം എന്നു പറയുന്നതിലെ സുഖവും അഭിമാനവും സായിപ്പ് നല്കിയ ഇന്ത്യയെന്ന പദത്തിന് കിട്ടില്ലായെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വിദേശി നല്കിയ പാഠങ്ങള്‍ അപ്പാടെ പകര്‍ത്തിയ നമ്മുടെ പുത്തന്‍ തലമുറയുടെ തലതിരിഞ്ഞ പോക്കാണ് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കുന്നതെന്നും ലോകത്ത് എങ്ങും യാത്രചെയ്യാതെ പൂന്താനം ശുദ്ധമലയാളത്തില്‍ 13 ഉപഭൂഖണ്ഡങ്ങളെക്കുറിച്ച് വ്യക്തമായ സൂചന നല്കുന്നു. ഇതുപോലുള്ള ഗാനങ്ങള്‍ ഈ കാലഘട്ടത്തിന്റെ ആവശ്യകതയെയാണ് കാണിക്കുന്നത്. ജ്ഞാനപ്പാനയ്ക്ക് ആവശ്യമായ പ്രചാരം നല്കാന് ഏവരും മുന്നോട്ടുവരുന്നതിലൂടെ മഹത്തായ ഒരു സംസ്കാരത്തിന്റെ പുനരുജ്ജീവനമാണ് കാണാന്‍ കഴിയുകയെന്നും ജ്ഞാനപ്പാന സ്റ്റേജ് കോര്‍ഡിനേറ്റര്‍ കൂടിയായ അദ്ദേഹം പറയുന്നു.
2014 ഫെബ്രുവരി രണ്ടിന് തൃശൂര്‍ തേക്കുംകാട് മൈതാനിയില്‍ ഒരു ലക്ഷത്തില്‍പരം ആളുകള്‍ പങ്കെടുത്ത ജ്ഞാനപ്പാന പരിപാടി ഗിന്നസ് ബുക്കില്‍ എഴുതിച്ചേര്‍ക്കപ്പെടും. ശ്രീ ശ്രീ രവിശങ്കര്‍ പങ്കെടുത്ത ഈ പരിപാടിയില്‍, പ്രമുഖ ഗായകരായ പ്രദീപ് സോമസുന്ദരം, ഗായത്രി എന്നിവരുടെ മുന്നില്‍വച്ച് തന്നെ സ്റ്റേജിലേക്ക് ക്ഷണിച്ച് ജ്ഞാനപ്പാന പാരായണം ചെയ്യാന്‍ ഗുരുജി ആവശ്യപ്പെട്ടതും പാടിയതും ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവമാണ് തോമസ് കുരുവിളയ്ക്ക്.
2013 ആഗസ്റ്റ് 15ന് ബാംഗ്ലൂര്‍ ആശ്രമത്തില്‍ 15000 ത്തോളം ആര്‍ട്ട് ഓഫ് ലിവിങ് പ്രവര്‍ത്തകര്‍ ഒരുമിച്ച് ജ്ഞാനപ്പാന ആലപിച്ചു. 2015 ഫെബ്രുവരി ഒന്നിന് ഗുരുവായൂര്‍ ദേവസ്വം ഗുരുജിക്ക് ജ്ഞാനപ്പാന പുരസ്കാരം നല്കി ആദരിക്കുകയും ചെയ്തിരുന്നു. ഗായകന് കൂടിയായ തോമസ്, യേശുദാസിന്റെ കടുത്ത ആരാധകനുമാണ്. കുട്ടിക്കാലം മുതല്‍ പള്ളിയിലെ ക്വയര്‍ ഗായകനുമാണ് തോമസ്. ജ്ഞാനപ്പാന ആലാപനത്തിനും സത്സംഗിനുമൊക്കെ ഭാര്യയും മൂന്നുമക്കളും പങ്കുചേരാറുണ്ട്. മൂത്തമകള്‍ മറിയം ശാസ്ത്രീയമായിത്തന്നെ സംഗീതം അഭ്യസിച്ചിട്ടുണ്ട്. മകന് കുരുവിള ചെന്നൈ എ.ആര്.റഹ്മാന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കീബോര്‍ഡില്‍ പ്രാവീണ്യവും സ്വായത്തമാക്കിയിട്ടുണ്ട്. ഇളയമകള്‍ എലിസബത്ത് പാട്ടിലും നൃത്തത്തിലും കഴിവ് തെളിയിച്ചുകഴിഞ്ഞു. ഭാര്യ മിനി എല്ലാ പിന്തുണയും നല്കി ഒപ്പമുണ്ട്.
1999 മെയ് മാസത്തില്‍ പുനലൂരില്‍ സംഘടിപ്പിച്ച ആര്‍ട്ട് ഓഫ് ലിവിങ് ബേസിക് കോഴ്സ് ചെയ്തതിനുശേഷം തോമസ് കുരുവിള ഇതിന്റെ ഭാഗമായി മാറുകയായിരുന്നു. പുനലൂരില്‍ മാത്രം 5000ത്തോളം ആളുകളെ കോഴ്സ് ചെയ്യിക്കുവാന്‍ ഈ പഴയകാല സംഘാടകന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2001 ഫെബ്രുവരിയില്‍ ശ്രീശ്രീ രവിശങ്കര്‍ പുനലൂരില്‍ എത്തി. ആ വേദിയിലും തോമസിന്റെ ശ്രുതിമധുരമായ ഗാനം പുനലൂര്‍ നിവാസികള്‍ ആസ്വദിച്ചു. ജില്ലയിലെ ഒരുവിധം എല്ലാ സെന്ററുകളിലും പ്രധാന വേദികളിലും തോമസ് കുരുവിളയുടെ സാന്നിധ്യമുണ്ട്.
ആര്‍ട്ട് ഓഫ് ലിവിങ് യൂണിറ്റ് ജില്ലാതല ചുമതലകള്‍ വഹിച്ചിരുന്ന അദ്ദേഹം ഇന്ന് സംസ്ഥാനതലത്തിലുള്ള അപ്പക്സ് ബോഡിഅംഗം, ജ്ഞാനപ്പാന സംഘടനയായ ആലാപിലെ ബോര്‍ഡ് മെമ്പര്‍, സുമേരുസന്ധ്യ ഗായകന് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. സുറിയാനി സഭാവിശ്വാസിയായ അദ്ദേഹം സഭ, ഭാരതസംസ്കാരത്തില്‍ അധിഷ്ഠിതമായ കുറച്ച് ആചാരങ്ങള്‍ പിന്തുടരുന്നതായും എന്നാല്‍ ചില ആചാരക്രമങ്ങളില്‍ തന്റെ അനിഷ്ടം തന്റെ മനസില്‍തന്നെ സൂക്ഷിക്കുന്നതായും പറയുന്നു. തന്റെ വിശ്വാസപ്രമാണങ്ങളെ അംഗീകരിക്കാന്‍ ഇവര്‍ക്ക് കഴിയാറില്ല എന്നും എന്നാല്‍ നല്ലതിനെ അംഗീകരിക്കുകയും അല്ലാത്തതിനെ തള്ളിക്കളയുകയാണ് വേണ്ടതെന്നുമാണ് ഇദ്ദേഹത്തിന്റെ മതം. എല്ലാ ഞായറാഴ്ചകളിലും പള്ളിയില്‍ പോകുന്ന ഇദ്ദേഹം ശബരിമലയിലും മൂകാംബികയിലും പോകാറുണ്ട്. പമ്പ ശുചീകരണ പരിപാടികളിലും മുടങ്ങാതെ പങ്കെടുക്കും.
തോമസ് കുരുവിളയ്ക്ക് രാഷ്ട്രീയമില്ല. എന്നാല്‍ നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയെക്കുറിച്ച് പറയുമ്പോള്‍ അല്പം രാഷ്ട്രീയമുണ്ട്. നരേന്ദ്രമോദിയെപോലുള്ള ഒരു ഭരണാധികാരി പത്തുവര്‍ഷം മുമ്പെ ഭാരതത്തില്‍ പ്രധാനമന്ത്രി പദത്തില്‍ ഉണ്ടായിരുന്നെങ്കില്‍ രാജ്യം ഇന്ന് എല്ലാവിധത്തിലും പരം വൈഭവത്തില്‍ എത്തുമായിരുന്നു എന്ന് വിശ്വസിക്കുന്ന കുരുവിള മോദിയുടെ പ്രധാനമന്ത്രിപദം പ്രവചിക്കപ്പെട്ടിരുന്നതാണ് എന്നും പറയുന്നു. ഫ്രഞ്ചുകാരനായ ജ്യോതിഷി, ഭാരതത്തില്‍ സന്യാസിവര്യനെ പ്പോലുള്ള വ്യക്തി പ്രധാനമന്ത്രി പദത്തില്‍ എത്തുമെന്നും ഇദ്ദേഹത്തിന് മാര്‍ഗനിര്‍ദ്ദേശകനായ ശുഭവസ്ത്രധാരിയായ ഒരു സന്യാസിവര്യന് ഉണ്ടാകുമെന്ന പ്രവചനം സത്യമായതിലൂടെ രാജ്യം ലോകത്തിന് വഴികാട്ടിയാകുന്ന കാലം അതിവിദൂരമല്ലെന്നും ഇദ്ദേഹം പറയുന്നു.
അച്ഛന്റെ പാത പിന്തുടര്ന്ന് റബര്‍ അധിഷ്ഠിതമായ ബിസിനസ് നടത്തുന്ന തോമസ് കുരുവിളയുടെ റബര്‍ ഫാക്ടറിക്ക് ചുറ്റും നിറഞ്ഞുനില്ക്കുന്നത് ബാംഗ്ലൂര്‍ ആശ്രമത്തില്‍ നിന്നും കൊണ്ടുവന്നു പിടിപ്പിച്ച ലക്ഷ്മിതരു വൃക്ഷങ്ങളാണ്. ശാഖകള്‍ എല്ലാം പൂത്ത് കായ്ഫലമേകി നില്ക്കുന്ന കാഴ്ച തന്നെ തോമസിന്റെ ആര്‍ട്ട് ഓഫ് ലിവിങ് പ്രസ്ഥാനത്തോടുള്ള മമത വ്യക്തമാക്കുന്നു. ജ്ഞാനപ്പാന എന്ന മഹത്തായ ഗാനശകലം നാം പഠിക്കുകയും മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കുകയും ചെയ്യുന്നതിലൂടെ മഹത്തായ ഒരു സംസ്കാരമാണ് വളരുന്നതെന്നും ഇദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: