ഹിമാചല്‍പ്രദേശിലെ മലയോരമേഖലയായ മണാലിയിലെ അതിപുരാതനമായ ക്ഷേത്രമാണ് ഹിഡുംബി ദേവീ ക്ഷേത്രം തിര്ത്ഥാടകരെയും വിനോദസഞ്ചാരികളെയും ഏറെ ആകര്‍ഷിക്കന്നു. ദേവതാരു വൃക്ഷങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നു നില്ക്കുന്ന വിശാലമായ വനപ്രദേശത്തിന്റെ നടുവിലാണ് ഈ ക്ഷേത്രം. പാണ്ഡവന്മാരുടെ വനവാസക്കാലത്ത് ഹിമാചല്‍പ്രദേശില്‍ വസിക്കവേ ഗോത്രവര്ഗക്കാരനായിരുന്ന ഹിഡുംബന് എന്ന രാക്ഷസനെ ഭീമന് വധിച്ചു.
ഭീമന്റെ കായികബലത്തിലും ധൈര്യത്തിലും കഴിവിലും ആകൃഷ്ടയായ സഹോദരി ഹിഡുംബി ഭീമസേനനെ വിവാഹം കഴിച്ചു. ഇവരുടെ പുത്രന് ഘടോല്ക്കചന് മഹാഭാരതയുദ്ധത്തിലെ പ്രധാന പോരാളിയായിരുന്നു. വനവാസക്കാലത്തിനുശേഷം പാണ്ഡവന്മാര് നാട്ടിലേക്കുമടങ്ങിയപ്പോള്‍ ഹിഡുംബി തപസനുഷ്ഠിച്ച ഗുഹയാണ് ഹിഡുംബി ദേവീക്ഷേത്രമായി അറിയപ്പെടുന്നത്. തപസനുഷഠിച്ചതോടെ രാക്ഷസി, ദേവിയായി മാറി എന്നാണ് ഐതിഹ്യം.
ഹിമാചല്‍പ്രദേശിലെ മലനിരകളില്നിന്നൊഴുകിയെത്തുന്ന ബിയാസ് നദിയുടെ തീരത്തുള്ള മണാലിയിലെ പ്രകൃതി മനോഹരമായ സ്ഥലത്തെ കൂറ്റന്‍ പാറ തുരന്നാണ് ഈ ക്ഷേത്രം നിര്‍മിച്ചത്.
എഡി 1553 ല്‍ രാജാബഹാദുര്സിംഗാണ് ഈ ക്ഷേത്രം പണിതത്. പുതുക്കിപ്പണിയലുകളോ പുനഃപ്രതിഷ്ഠയോ നടത്താതെ തനതു ശൈലി നിലനിര്‍ത്താന്‍ ക്ഷേത്ര ഭാരവാഹികളും സര്‍ക്കാരും ശ്രദ്ധിക്കുന്നു എന്നത് പ്രശംസനീയമാണ്. 24 മീറ്റര്‍ ഉയരത്തിലാണ് തടിയില്‍ തീര്‍ത്ത ഈ ക്ഷേത്രത്തിന്റെ നിര്‍മിതി. സമചതുരാകൃതിയിലുള്ള മൂന്നു തട്ടുകളുള്ള ഈ ക്ഷേത്രം ബുദ്ധക്ഷേത്രങ്ങളുടെ വാസ്തുശാസ്ത്ര ശൈലിയിലാണ് നിര്‍മിച്ചിട്ടുള്ളത്. ഏറ്റവും മുകളില്‍ ചെമ്പുതകിടുകൊണ്ടുള്ള മേല്ക്കൂരയുള്ളതിനാല് പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാന്‍ ഈ ക്ഷേത്രത്തിനാകുന്നു.
ക്ഷേത്രത്തിന്റെ നാലുവശത്തും തടിയിലുള്ള കൊത്തുപണികളും ആടുമാടുകളുടെ കൊമ്പുകളും കളിമണ്ശില്പങ്ങളും ക്ഷേത്രത്തിന്റെ തനിമയ്ക്ക് മാറ്റുകൂട്ടുന്നു. ക്ഷേത്രച്ചുവരുകളും വാതിലുകളും കൊത്തുപണികളാല്‍ സമ്പന്നമാണ്. ദുര്‍ഗാ, മഹിഷാസുരമര്‍ദ്ദിനി, തൊഴുതുനില്ക്കുന്ന മാതൃകയിലുള്ള ശിവപാര്‍വതീ ശില്പങ്ങള് എന്നിവ ക്ഷേത്രത്തിന്റെ വലതുഭാഗത്തും ലക്ഷ്മി, മഹാവിഷ്ണുവിഗ്രഹങ്ങള് ക്ഷേത്രത്തിന്റെ ഇടതുവശത്തും സ്ഥിതിചെയ്യുന്നു. ഗണപതിയുടെ രൂപം ക്ഷേത്രത്തിന്റെ മധ്യഭാഗത്തും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഘടോല്‍ക്കചന്റെയും നവഗ്രഹങ്ങളുടെയും ഉപദേവതാ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്.
ഹിഡുംബിയുടെ പ്രതിഷ്ഠയുള്ള ഭാരതത്തിലെ ഏക ക്ഷേത്രമാണിത്. ക്ഷേത്രനിര്മിതിയലെ പ്രത്യേകതകൊണ്ടും ചരിത്ര പ്രാധാന്യംകൊണ്ടും ഈ ക്ഷേത്രത്തെ ദേശീയ പ്രാധാന്യമുള്ള സംരക്ഷിത സ്മാരകമായി സര്‍ക്കാര്‍ സംരക്ഷിക്കുന്നു. മണാലിയില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്ന തിരക്കുള്ള ക്ഷേത്രമായതിനാല്‍ ഈപ്രദേശം ഒരു ക്ഷേത്രനഗരമായി മാറിയിരിക്കുന്നു. വിദേശികളും സ്വദേശികളും ബുദ്ധമതക്കാരുമാണ് തീര്‍ത്ഥാടകരിലധികവും. ചെറു വ്യാപാരസ്ഥാപനങ്ങള്‍ കൊണ്ടു സമ്പന്നമാണ് ഇവിടം.
കൂറ്റന്‍ പാറ തുരന്നുണ്ടാക്കിയിരിക്കുന്ന ശ്രീകോവിലില്‍ ഹിഡുംബി ദേവിയുടേതെന്നു വിശ്വസിക്കുന്ന രീതിയില്‍, പാറയില്‍ പതിഞ്ഞിരിക്കുന്ന കാല്‍പ്പാടുകള്‍ കാണാം. ക്ഷേത്രപരിസരത്തും ഇത്തരം കാല്‍പ്പാടുകള്‍ കാണാം. ചമരിക്കാള എന്നറിയപ്പെടുന്ന പര്വതധേനു, ക്ഷേത്രത്തിനുമുന്നിലെ പ്രധാന കാഴ്ചയാണ്. ഹിഡുംബി ദേവിയുടെ വാഹനമായാണ് ചമരിക്കാളയെ നാട്ടുകാര്‍ കാണുന്നത്. നാളികേരവും പൊരിയും കല്‍ക്കണ്ടവും പട്ടുവസ്ത്രവുമാണ് ദേവിക്കു സമര്‍പ്പിക്കുന്ന പൂജാദ്രവ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: