എസ്. രാമനുണ്ണി
കുരുക്ഷേത്ര പ്രകാശന്
വില 110 രൂപ, പേജ് 128
1854ല്‍ ഒരു വലിയ ഭൂപ്രദേശം വിലയ്ക്കു തരാന്‍ സിയാറ്റിനിലെ റെഡ് ഇന്ത്യാക്കാരുടെ തലവനോട് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ ഫ്രാങ്കഌന്‍ പിയേഴ്സ് ആവശ്യപ്പെട്ടതും ആ പ്രാകൃത മനുഷ്യന് അതിനയച്ച മറുപടിയും ലോക-പരിസ്ഥിതി ചരിത്രത്തില്‍ ഇടം നേടിയതാണ്. മണ്ണിനെ അമ്മയായി കരുതുന്ന ചുവന്ന മനുഷ്യന്റെ സങ്കല്‍പ്പങ്ങളെല്ലാം തകിടം മറിക്കുന്നതായിരിക്കുന്നു അത്തരമൊരാവശ്യമെന്നതിനാല് മുറിവേറ്റ മനസ്സിന്റെ വിങ്ങലുകള്‍ സിയാറ്റിന്‍ ചീഫ് എന്ന പേരില്‍ ഇന്നും എന്നും പ്രസക്തമാണ്. സ്വന്തം ഭൂമി നിസഹായതയാല്‍ നഷ്ടപ്പെടുമ്പോള്‍ ഭൂമിയിലെല്ലായിടത്തും മനുഷ്യന്റെ ദു: ഖം ഒന്നുതന്നെ. അട്ടപ്പാടിയിലായാലും വയനാട്ടിലായാലും അതൊന്നുതന്നെ.
പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് ജീവജാലങ്ങളുടെ നിലനില്‍പ്പ് എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന അറിവ് ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നാണ് പ്രസരിച്ചത്. ആരണ്യകങ്ങളില്‍ ഉരുവംകൊണ്ട നമ്മുടെ സംസ്കൃതിയുടെ ചിരന്തനത്വത്തെ തേടിപ്പോകുന്ന ഒരു ജിജ്ഞാസുവിന്റെ പരിശ്രമ ഫലസിദ്ധിയാണ് കുരുക്ഷേത്ര പ്രസിദ്ധീകരിച്ച എസ്. രാമനുണ്ണിയുടെ കേരളത്തിലെ ഗോത്ര വര്‍ഗ വിഭാഗങ്ങളെക്കുറിച്ചുള്ള സമഗ്ര പഠന ഗ്രന്ഥം. സ്വാതന്ത്ര്യാനന്തരം പൊതുസമൂഹത്തിന് വനവാസികളോട് നീതിപുലര്‍ത്തിയെന്ന് അവകാശപ്പെടാനാവില്ല. നിര്‍ദാക്ഷിണ്യം അവരുടെ ആവാസ വ്യവസ്ഥയെ ത്തന്നെ തകിടം മറിക്കുന്ന നശീകരണ പ്രവണതയായിരുന്നു സ്വീകരിച്ചുപോന്നത്.
വിശുദ്ധമായ കാടകങ്ങളെ അധമ വികാരത്തിന്റെ കൂത്തരങ്ങുകളാക്കിയും പണവും പുകയിലയും നല്കി നിഷ്കളങ്കരായ അവരെ പ്രലോഭിപ്പിച്ച് തങ്ങളുടെ മതത്തില്‍ ചേര്‍ത്തുമൊക്കെ ഗോത്രവിശ്വാസങ്ങളേയും അനുഷ്ഠാനത്തെയും പിഴുതുകളയാന്‍ ശ്രമിച്ചു. എന്നിട്ടും വനവാസികള്‍ സ്വധര്‍മത്തില്‍ നിന്നും വ്യതിചലിച്ചില്ല എന്നത് പൂര്‍ണമായും ഭാഗ്യമെന്നേ പറയേണ്ടൂ. വനവാസികള്‍ കൂടുതല്‍ ജാഗരൂകരായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.
ട്രൈബല്‍ ലിറ്ററേച്ചര്‍ എന്നത് പുറമേനിന്ന് നോക്കികാണുന്നവരെഴുതുന്നതായിരുന്നു മലയാളത്തില്‍ പുറത്തുവന്നതൊക്കെയും. എന്നാല്‍ ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത് ഗോത്രവര്‍ഗ സംസ്കൃതിയുമായി ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയായതിനാല്‍ ഇതിന്റെ ആധികാരികതയില്‍ സംശയിക്കേണ്ടതില്ല. മുപ്പത്തിയേഴോളം ഗോത്രവര്‍ഗ വിഭാഗങ്ങളെക്കുറിച്ച് ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. സഹവര്‍ത്തിത്വത്തിന്റെ ലിഖിത രൂപമായി തെളിച്ചെഴുതിയിട്ടുള്ള ഈ ഗ്രന്ഥം ഗോത്രവര്‍ഗ വിഭാഗങ്ങളെക്കുറിച്ചുള്ള അടിസ്ഥാന രേഖയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: