പ്രകൃതിയെ അറിയുകയും ആദരിക്കുകയും സ്വാംശീകരിക്കുകയും സംരക്ഷിക്കുകയും ചെയ്താണ് മനുഷ്യന് ജീവിക്കേണ്ടത്. ജീവികളുടെ ആധാരശില മണ്ണിലാണ് അധിഷ്ഠിതമായിരിക്കുന്നത്. മനുഷ്യര്‍ അവരവര്‍ ജീവിക്കുന്ന മണ്ണില്‍ കൃഷി ചെയ്ത് ജീവിച്ചിരുന്നു. എന്നാല്‍ പ്രകൃതിയെ മുച്ചൂടും നശിപ്പിച്ച് അതിന്റെ സ്വത്വവും സംസ്കാരവും നശിപ്പിച്ചിരുന്നില്ല. നാനാജാതി സസ്യലതാദികളും പക്ഷിമൃഗാദികളും ജന്മാന്തരങ്ങളായി മെനഞ്ഞെടുത്ത ഒരു ജീവശൃംഖലയും ഭക്ഷ്യസംസ്കാരവും ലോകത്തെമ്പാടും നിലനിന്നുപോന്നു. എന്നാലിന്ന് മനുഷ്യന്റെ ‘ദുര’ മൂത്ത് സമ്പന്നതയ്ക്കും സ്വസമൃദ്ധിക്കുംവേണ്ടി പ്രകൃതിയെ നാശോന്മുഖമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് എല്ലായിടവും കണ്ടുവരുന്നത്.
ഫലമോ? പ്രകൃതി നശിക്കുമെന്നു മാത്രവുമല്ല നമ്മള് പിന്‍തലമുറകളോട് ചെയ്യുന്ന കൊടു അനീതികൂടിയാണെന്ന് മനസ്സിലാക്കിയാല്‍ നന്ന്. പ്രകൃതിയില്‍നിന്നും വേണ്ടത് മാത്രമെടുത്ത് അതിനെ നശിപ്പിക്കാതെ സംരക്ഷിച്ചുകൊണ്ടുള്ള ഒരു കാര്‍ഷിക സംസ്കൃതിയും ലോകത്തെമ്പാടും വിശിഷ്യാ ഭാരതത്തിലും നിലനിന്നിരുന്നു.
‘യത്തേ ഭൂഷേ വിഖനാമി
ക്ഷിപ്രം തദപി രോഹിതു
മാതേ മര്‍മ വിമൃഗ്വരി
മാതേ ഹൃദയമര്‍പ്പിപം” (അഥര്‍വവേദം)
(അമ്മേ ഭൂമിദേവി; നിന്നില്‍നിന്നും കുഴിച്ചും കിളച്ചും പറിച്ചുമെടുക്കുന്നതെന്തും തഴച്ചുവളരട്ടെ. ഞാന്‍ നിന്റെ മര്മങ്ങളെ പിളര്‍ക്കാതിരിക്കട്ടെ. അമ്മയുടെ ഹൃദയത്തെ മുറിപ്പെടുത്താതിരിക്കട്ടെ) ഈ മഹദ്വചനം അക്ഷരംപ്രതി പാലിച്ചാണ് നമ്മുടെ പൂര്‍വികര്‍ ജീവിച്ചിരുന്നത്. പ്രകൃതിയെ ആവശ്യത്തിനുവേണ്ടി മാത്രം ഉപയോഗിച്ചും എന്നാല്‍ അതിനെ പരിപാലിച്ചും മനുഷ്യന് കഴിഞ്ഞുപോന്നു. പ്രകൃതിയുടെ സമതുലിതാവസ്ഥക്ക് കോട്ടമുണ്ടാകുന്നതൊന്നും അവര്‍ ചെയ്തില്ല. അതിനാല്‍ ഒരമ്മയെപ്പോലെ പ്രകൃതി മനുഷ്യന് വേണ്ടതെല്ലാം സന്തോഷത്തോടെ നല്കി. ഭൂമീദേവി ചുരത്തിയ സ്നേഹാമൃതത്താല്‍ മനുഷ്യന് സന്തുഷ്ടനായും സംതൃപ്തനായും കഴിഞ്ഞുകൂടുകയും ചെയ്തു. പരസ്പരസ്നേഹവും സഹവര്‍ത്തിത്വവും സാഹോദര്യവും സഹിഷ്ണുതയും മാനവരാശിയുടെ കെട്ടുറപ്പിനേയും ജീവശൃംഖലയുടെ വളര്‍ച്ചയേയും പുഷ്ടിപ്പെടുത്തി. ചുരുക്കത്തില്‍ ഒരു ആവാസവ്യവസ്ഥയുടെ കളിത്തൊട്ടിലായി ഭൂമീദേവി മാറുകയായിരുന്നു.
ഇന്നോ? മനുഷ്യന് എല്ലാം വെട്ടിപ്പിടിക്കണം. മണ്ണും വിണ്ണും അവന്റെ സ്വാര്‍ത്ഥതയ്ക്ക് വഴങ്ങണം!! ആര് നശിച്ചാലും അവരുടെ ധനമോഹം വര്‍ധിച്ചുവരുന്നതുകാണാം. ഈശ്വരന്റെ സ്വന്തം നാടായ കേരളം ജൈവ-വൈവിധ്യത്താല്‍ ഏറെ സമ്പന്നമായിരുന്നു. മലകളും നിബിഡവനങ്ങളും 44 ജലസ്രോതസ്സുകളും മലയാളനാടിന്റെ മാത്രം സവിശേഷതയത്രെ!! നിബിഡമായ പശ്ചിമഘട്ടനിരകള്‍ എത്ര കണ്ടാലും മതിവരാത്ത പ്രകൃതിഭംഗിയുടെ കേദാരമാണ്.
‘മനോഹരമായ പൂവനങ്ങള്‍’ എന്നാണ് കവികള്‍ പാടിയിട്ടുള്ളത്. ലോകത്തിലെ 17 രാജ്യങ്ങളെ ജൈവവൈവിധ്യത്താല്‍ സമ്പന്നമായ രാജ്യങ്ങളെന്ന് ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. അതില്‍ത്തന്നെ മുന്‍പന്തിയിലുള്ള രാജ്യമാണ് ഭാരതം. ഈ അംഗീകാരം ഭാരതത്തിന് കിട്ടുവാന്‍ കാരണമായ സംസ്ഥാനം കേരളമാണെന്നറിയുമ്പോള്‍ മലയാളിക്ക് സന്തോഷമുണ്ടാകുന്നു. ബ്രസീല്‍, മെക്സിക്കോ, ഇന്തോനേഷ്യ, ചൈന, കോംഗോ തുടങ്ങിയ രാജ്യങ്ങള്‍ പിന്നാലെ മാത്രമെന്നത് നമ്മുടെ ‘ഗരിമയെ’ പ്രോജ്വലമാക്കുന്നു.
കേരളത്തിലെ ഏതാണ്ട് ആയിരത്തില്‍പ്പരം വൃക്ഷലതാദികള്‍ ഔഷധങ്ങള്‍ക്കുവേണ്ടി മാത്രം ഉപയോഗിക്കുന്നുണ്ട്. അവയുടെ വേര്, കായ്-കനികള്‍, ഇല, പട്ട (തൊലി) എന്നിവയും ചില മരങ്ങളുടെ കറയും ഔഷധ നിര്‍മാണത്തിലെ പ്രമുഖ ഇനങ്ങളാണ്. ജടാമഞ്ചി, ഓരില, ഏകനായകം, കച്ചോലം, കരിങ്ങാലി, ചിറ്റരത്ത എന്നീ സസ്യങ്ങള്‍ ഔഷധനിര്‍മാണരംഗത്തെ ഏറ്റവും ശ്രദ്ധേയ അസംസ്കൃത വസ്തുക്കളാണെന്ന് ശാസ്ത്രലോകവും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
അതുപോലെ ജലസ്രോതസ്സുകളാല്‍ സമ്പന്നമായിരുന്ന നമുക്ക് കുടിവെള്ളത്തിന് ബുദ്ധിമുട്ട് ഇന്നുനേരിടുന്നു. പുഴകളേയും നദികളേയും വേണ്ട, മനോഹരമായ അരുവികളേയും നാം നശിപ്പിക്കുന്നു. മണല്‍വാരിയും വൃക്ഷത്തലപ്പുകള്‍ വെട്ടിയും ആധുനികവല്‍ക്കരണത്തിന്റെ പേരിലും നാം ഇതൊക്കെ നശിപ്പിക്കുമ്പോള്‍ പിന്തലമുറകള് ‘ദാഹജല’ത്തിന് വേണ്ടി പോരടിക്കേണ്ട സ്ഥിതിവരുമെന്ന് ചിന്തിക്കുന്നില്ല. അത്രത്തോളം നാം പ്രകൃതിയെ ക്രൂരമായി നശിപ്പിക്കുകയാണ്. വായുവും വെള്ളവും ഇല്ലാതെ ജീവജാലങ്ങള്‍ക്ക് നിലനില്‍പ്പുണ്ടോ? അത് മലിനമായാല്‍ ഉണ്ടാകുന്ന ദൂരവ്യാപകമായ ഭവിഷ്യത്തുകള്‍ എത്രമാത്രമെന്ന് ഊഹിക്കുകയേ വേണ്ടൂ!!
”ദശ കൂപ സമോ വാപിഃ
ദശവാപി സമോഹ്രദഃ
ദശഹ്രദ സമ പുത്രഃ
ദശപുത്ര സമ ദ്രുമഃ” (അഥര്‍വവേദം)
(പത്ത് കിണര്‍ ഒരു കുളത്തിന് തുല്യം, പത്ത് കുളം ഒരു തടാകത്തിന് തുല്യം, പത്ത് തടാകം ഒരു പുത്രന് സമം, പത്ത് പുത്രന്മാര് ഒരു മരത്തിന് തുല്യം.)
മരത്തിന്റെ മഹത്വം ഭാരതീയര്‍ വളരെ നേരത്തെ തിരിച്ചറിഞ്ഞിരിന്നുവെന്ന് ഇതിനാല്‍ നമുക്ക് മനസ്സിലാക്കാനാവും. ഭൂമീദേവിയുടെ ശ്വാസകോശങ്ങളാണ് മരങ്ങളെന്ന് നാം ഉദ്ഘോഷിക്കുമ്പോഴും ആ ‘ശ്വാസകോശങ്ങളെ’ സംരക്ഷിക്കുവാന്‍ നാം എന്തു ചെയ്യുന്നുവെന്ന് കേരളീയര്‍ ശാന്തമായി ചിന്തിക്കേണ്ടിയിരിക്കുന്നു!!
നമ്മുടെ വനസമ്പത്തിന്റെ മറ്റൊരു പ്രധാന ഘടകം വന്യജീവികളാണ്. അത്യപൂര്‍വങ്ങളായ ധാരാളം മൃഗങ്ങള്‍ നമ്മുടെ വനത്തിലുണ്ട്. ഒരുപക്ഷേ നമ്മുടെ ആനയുടെയത്ര ‘ഭംഗി’ മറ്റു രാജ്യങ്ങളിലെ ആനകള്‍ക്ക് അവകാശപ്പെടാനാവില്ല. അങ്ങനെയത്രെ ‘ആനച്ചന്തം’ എന്ന ശൈലീ വിശേഷങ്ങളുണ്ടായത്!! കരിംകുരങ്ങ്, കാട്ടുപോത്ത്, സിംഹവാലന്‍ കുരങ്ങ്, കരടി, കടുവ, പുള്ളിപ്പുലി, സിംഹം, മലയണ്ണാന് ഇങ്ങനെ എത്രയോ അപൂര്‍വ ജന്തു സമുച്ചയം!! ഇവയില്‍ മിക്കതും വംശനാശ ഭീഷണി നേരിടുന്നതായി ശാസ്ത്രലോകം മുന്നറിയിപ്പ് നല്കുമ്പോഴും ‘കാട്ടുകള്ളന്മാര്’ ഇവയെ സ്വാര്‍ത്ഥതക്കും ധനമോഹത്തിനും കൊന്നൊടുക്കുന്നു.
ഈ മൃഗങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ പൈതൃകവന സംരക്ഷണ നിയമത്തില്‍ അനിവാര്യമെന്ന് അടിവരയിട്ട് പറഞ്ഞിട്ടുമുണ്ട്. പക്ഷേ ആര് അനുസരിക്കാന്‍? ഈ ‘അക്ഷയനിധി’ പരിപാലിച്ചാല്‍ അഥവാ മിതമായി ഉപയോഗിച്ചാല്‍ നമ്മുടെ വനസമ്പത്ത് വര്‍ധിക്കുമെന്നതില്‍ സംശയമില്ല!!
എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഭൂമിക്ക് അതിന്റെ ജീവ സമ്പത്ത് നഷ്ടപ്പെടും. ഇതിനകം 18 ശതമാനം പക്ഷി സമ്പത്തും 52 ശതമാനം മറ്റ് ജന്തുസമ്പത്തും നഷ്ടമായി എന്ന് ഗവേഷകര്‍ തെളിവുകള്‍ സഹിതം സമര്‍ത്ഥിക്കുന്നുമുണ്ട്. തൂവലുകള്‍, ചര്‍മം, ദന്തങ്ങള്‍, നഖങ്ങള്‍, തലയോട്ടികള്‍, അസ്ഥികള്‍ എന്നിവയ്ക്ക് മറ്റുരാജ്യങ്ങളില്‍ സ്വര്‍ണത്തെക്കാള്‍ വിലയത്രെ!! അതുകൊണ്ടാണ് ആനക്കൊമ്പുകളും പുലിത്തോലും മയില്പ്പീലികളും മാനിന്റെ കൊമ്പോടുകൂടിയ തലയോട്ടികളും വിദേശത്തേക്ക് കയറ്റിവിടുന്നത്. ഈ ദുഃസ്ഥിതി അവസാനിപ്പിച്ചില്ലെങ്കില്‍ നമ്മുടെ വനവും അത്യപൂര്‍വങ്ങളായ വനസമ്പത്തും ‘ഓര്മ’മാത്രമാകുവാന്‍ അധികം നാളുകള്‍വേണ്ടാ!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: