ഈരാറ്റുപേട്ട: കാറ്റിലും മഴയിലും മൂന്നിലവ്, തലപ്പലം പഞ്ചായത്തുകളില്‍ വ്യാപകമായ നാശനഷ്ടം. ബുധനാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും രണ്ട് വീട് ഭാഗീകമായി തകര്‍ന്നു. നിരവധി പേരുടെ കൃഷി തകര്‍ന്നു.
കനത്ത മഴയില്‍ തലപ്പലം പഞ്ചായത്തിലെ അമ്പാറ കലേക്കണ്ടം ഭാഗത്ത് റോഡില്‍ കുന്നേല്‍ തോട്ടില്‍ നിന്നും വെള്ളം കയറി. ഈറ്റക്കാട് ഞാറ്റുവീട്ടില്‍ കനകമ്മയുടെ വീട് കനത്തമഴയില്‍ തകര്‍ന്നു. ചക്കോലിപ്പാറ കല്ലൂപ്പറമ്പില്‍ രാജീവിന്റെ വീട് ശക്തമായ മഴയില്‍ മണ്ണിടിഞ്ഞ് ഭാഗീകമായി തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന രാജീവിന്റെ ഭാര്യ നിഷയും മക്കളായ നീരജ്, ചന്ദന എന്നിവര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി കാല്‍നട യാത്രപോലും ദുരിതമായി.
മൂന്നിലവ് പഞ്ചായത്തിലെ മേച്ചാല്‍ മോസ്കോ ഭാഗത്ത് കനത്ത മഴയില്‍ മണ്ണിടിഞ്ഞ് രണ്ടേക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. കാഞ്ഞിരംകവല വാളകം റോഡിന്റെ മോസ്കോ ഭാഗത്ത് റോഡിന്റെ സംരക്ഷണഭിത്തി തകര്‍ന്നു. മാടക്കല്ലേല് ജോയി, ജോസഫ്, കുന്നുംപുറത്ത് രാജു, ജോണി, ജോസ്, കൊച്ചുപറമ്പില്‍ ബാബു, പുളിയമ്മാക്കല്‍ സന്തോഷ്, തെക്കേകാവും വാതുക്കല് മോഹനന് എന്നിവരുടെ കൃഷികളാണ് നശിച്ചത്. റബര്‍, വാഴ, കപ്പ, മറ്റു മരങ്ങള്‍ തുടങ്ങിയവ മണ്ണിടിച്ചിലില്‍ നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: