പാലക്കാട്: നഗരത്തില്‍ സ്റ്റേഡിയം ബസ്സ്റ്റാന്റിന് സമീപം സ്വകാര്യ ബസ്സിടിച്ച് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന അധ്യാപിക മരിച്ചു. പുതുനഗരം ഇസ്്‌ലാമിക് സ്‌കൂള്‍ അധ്യാപിക ചിറ്റൂര്‍ വണ്ടിത്താവളം ചേന്തോണിയില്‍ വീട്ടില്‍ കാജാഹുസൈന്റെ ഭാര്യ താഹിറ (42) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന ഹുസൈനെ ഗുരുതര പരിക്കുകളോടെ കോയമ്പത്തൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 9.45 ഓടെ സ്‌റ്റേഡിയം സ്റ്റാന്റ് ബൈപ്പാസ് റോഡില്‍ വാലിപറമ്പ് ജങ്ഷനിലാണ് സംഭവം. സ്റ്റാന്റില്‍ നിന്ന് അമിതവേഗതയില്‍ വന്ന സ്വകാര്യബസ് ജില്ലാ ആസ്പത്രി റോഡിലേക്ക് തിരിഞ്ഞ ബൈക്കില്‍ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ് പരിക്കേറ്റ താഹിറ ജില്ലാ ആസ്പത്രിയിലെത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു. ബസ്സിനടിയില്‍പ്പെട്ട് ചതഞ്ഞ നിലയിലായിരുന്നു. താഹിറ ക്ലസ്റ്റര്‍ യോഗത്തിനായി പാലക്കാട്ടേക്ക് വരികയായിരുന്നു. ഗള്‍ഫില്‍ എ.സി മെക്കാനിക്കായ ഹുസൈന്‍ അടുത്തകാലത്താണ് നാട്ടിലെത്തിയത്. ഏകമകന്‍ ഇര്‍ഷാദ് ചിറ്റൂര്‍ വിജയമാതാ സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയാണ്.
പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക്് വിട്ടുകൊടുത്ത മൃതദേഹം വണ്ടിത്താവളം ചിന്നമീരാന്‍സാ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു. ആലത്തൂര്‍ മലയംപറമ്പില്‍ പരേതനായ ഹസ്സന്‍മുഹമ്മദ് റാവുത്തറുടെ മകളാണ് താഹിറ. മാതാവ്: സൈനബ. സമീന, നദീറ, സജീറ സഹോദരങ്ങളാണ്്. പത്തുവര്‍ഷമായി പുതുനഗരം ഇസ്്‌ലാമിക് സ്‌കൂളില്‍ അധ്യാപികയാണ്. ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: