കൊച്ചി: എച്ച്എംടി ഭൂമി വീണ്ടും വില്‍പ്പനയ്ക്ക്. അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കാന്‍ കളമശ്ശേരി എച്ച്എംടിയുടെ ഭൂമി നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതിനായി കേന്ദ്ര അനുമതി തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 1962ലാണ് ഹിന്ദുസ്ഥാന്‍ മെഷീന് ടൂള്‍സ് കളമശ്ശേരിയില്‍ സ്ഥാപിച്ചത്. ഇതിനായി 900 ഏക്കര്‍ ഭൂമി ഏറ്റെടുക്കുകയും ചെയ്തു. പ്രിന്റിംഗ് മെഷിനറി, ലെയ്ത്ത് നിര്‍മ്മാണം എന്നിവയില്‍ പ്രസിദ്ധമാണ് എച്ച്എംടി നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് സ്ഥലം കൈമാറിയത്. അഞ്ച് വര്‍ഷമായിരുന്നു പാട്ടക്കാലാവധി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കളമശ്ശേരി ഇരുമ്പനം റോഡിന് 20 ഏക്കര്‍, വൈദ്യുതി വകുപ്പിന് 15 ഏക്കര്‍, എന്‍എഡിക്ക് 25 ഏക്കര്‍ ഭൂമി എന്നിങ്ങനെ കൈമാറിയിരുന്നു.
2002ല്‍ ലാന്‍ഡ് റവന്യൂ ബോര്‍ഡ് 400 ഏക്കറോളം മിച്ചഭൂമിയായി പ്രഖ്യാപിച്ച് ലാന്‍ഡ് ബോര്‍ഡിലേക്ക് കണ്ടുകെട്ടി. ഇതിനെതിരെ കമ്പനി മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നോട്ടിഫിക്കേഷനിലൂടെ 400 ഏക്കര്‍ പിടിച്ചെടുത്തു. 240 ഏക്കര്‍ കിന്‍ഫ്രക്കും 60 ഏക്കര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിനും നല്കി. 100 ഏക്കര്‍ എച്ച്എംടിക്ക് തന്നെ വിട്ടുകൊടുത്തു. പിന്നീട് ഈ 100 ഏക്കറില്‍ 70 ഏക്കര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ മരുമകന് റോബര്‍ട്ട് വദ്രയുടെ കമ്പനിക്കും 30 ഏക്കര്‍ സൈബര്‍ സിറ്റിക്കും വിറ്റു. തോഷിബാ ആനന്ദിനും മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനും മുമ്പ് ഭൂമി വിറ്റിരുന്നു.
ഇടത്-വലത് ട്രേഡ് യൂണിയന് സംഘടനകളും ഭൂമാഫിയയുമാണ് ഭൂമി വില്‍പ്പന നിയന്ത്രിച്ചിരുന്നത്. വില്‍പ്പനയുടെ മറവില്‍ വന്‍ കൊയ്ത്താണ് ഇവര്‍ക്ക്. അടുത്തിടെ ജനറല്‍ മാനേജരുടെ ബംഗ്ലാവ് ഒരു അധ്യാപകനും വിറ്റിരുന്നു. കമ്പനികള്‍ക്ക് വേണ്ടി ഭൂമി നല്‍കിയത് തോട്, കുളം, നടപ്പാത, പുറമ്പോക്ക് എന്നിവ തിട്ടപ്പെടുത്താതെയാണ്.
അതിനാല്‍ കുടിയോഴിഞ്ഞവര് ബാക്കി ഭൂമിയില്‍ വീട് വച്ച് താമസിച്ചു. മിച്ച ഭൂമി സംബന്ധിച്ച് ലാന്റ് ബോര്‍ഡിനെതിരെ കമ്പനി കേസ് കൊടുത്തപ്പോള്‍ റസിഡന്റ്സ് അസോസിയേഷനും കളമശ്ശേരി മുന്‍സിപ്പാലിറ്റിയും കക്ഷി ചേര്‍ന്നിരുന്നു. 2014 ഡിസംബര്‍ 3ന് ജസ്റ്റിസ് വി.ചിദംബരേഷ് പുറപ്പെടുവിച്ച വിധിയില്‍ 251.40 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാരിന്റെത് മാത്രമാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് വിനിമയ അധികാരവുമുണ്ട്. ഇതാണ് ഭൂമി കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: