കൊച്ചി: മൂന്നു വര്‍ഷം കൊണ്ട് അഞ്ഞൂറ്റിമുപ്പതില്പരം സംരംഭങ്ങള്‍ക്ക് വിളനിലമൊരുക്കുകയും സ്വകാര്യമേഖലയില്‍ ആറുകോടിയിലധികം രൂപയുടെ മൂലധനമുണ്ടാക്കുകയും ചെയ്ത് കേരളത്തില്‍ സംരംഭകത്വ വിപ്ലവം സൃഷ്ടിച്ച കൊച്ചി സ്റ്റാര്‍ട്ടപ് വില്ലേജിന് ടെക്നോളജി ബിസിനസ് ഇന്കുബേറ്ററിനുള്ള ദേശീയ പുരസ്കാരം. ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ മൂന്നു ലക്ഷം രൂപയും ട്രോഫിയും അടങ്ങുന്ന പുരസ്കാരം കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ധനില്‍ നിന്ന് സ്റ്റാര്‍ട്ടപ് വില്ലേജ് ചെയര്മാന് സഞ്ജയ് വിജയകുമാറും സി ഇ ഒ പ്രണവ് കുമാര്‍ സുരേഷും ചേര്‍ന്ന് ഏറ്റുവാങ്ങി.
പ്രവര്‍ത്തന മേഖലയില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ സ്ഥാപനങ്ങള്‍ക്ക് മാത്രം ഈ പുരസ്കാരത്തിനായി മത്സരിക്കാമെന്നിരിക്കേ അസാമാന്യമായ നേട്ടമാണ് മൂന്നുവര്‍ഷവും ഒരുമാസവും പിന്നിട്ട സ്റ്റാര്‍ട്ടപ് വില്ലേജ് സ്വന്തമാക്കിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.
സംരംഭകര്‍ക്ക് പുതിയ കാഴ്ചപ്പാടുകള്‍ അനിവാര്യമാണെന്ന് ദേശീയസാങ്കേതിക ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പുരസ്ക്കാരം സമ്മാനിച്ച കേന്ദ്രമന്ത്രി ഡോ ഹര്ഷവര്ധന് പറഞ്ഞു. തന്ത്രങ്ങളുടെ പുനരവലോകനം മെച്ചപ്പെട്ടഫലങ്ങള് നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് പൊതു സ്വകാര്യ മാതൃകയില്‍ 2012 ഏപ്രിലില്‍ ആരംഭിച്ച പ്രഥമ ടെക്നോളജി ബിസിനസ് ഇന്‍കുബേറ്ററായ സ്റ്റാര്‍ട്ടപ് വില്ലേജ് കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ്, തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി മോബ്മി വയര്‍ലെസ് സൊല്യൂഷന്‍സ് എന്നിവയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.
കേരള സര്‍ക്കാര്‍ നല്കിയ സ്ഥലത്ത് നിര്‍മ്മിച്ചിരിക്കുന്ന സ്റ്റാര്‍ട്ടപ് വില്ലേജിലൂടെ അടിസ്ഥാന സൗകര്യ മേഖയില്‍ ഒതുങ്ങിനിന്ന പൊതുസ്വകാര്യ പങ്കാളിത്തത്തെ സംരംഭകത്വ മേഖലയില്‍ വ്യാപിപ്പിക്കുകയായിരുന്നു. വിദ്യാര്ത്ഥിസംരംഭങ്ങളിലൂടെ മൊബൈല്‍ഇന്റര്‍നെറ്റ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്ന് സഞ്ജയ് ചൂണ്ടിക്കാട്ടി.
1998ല്‍ പൊഖ്റാനില്‍ ആണവ പരീക്ഷണം നടത്തിയ മെയ് 11 ദേശീയ സാങ്കേതിക ദിനമായി ഇന്ത്യ ആചരിക്കുന്നതിന്റെ ഭാഗമായാണ് പുരസ്ക്കാരം. വാഗ്ദാനം ചെയ്തതിന്റെ പകുതിസമയം കൊണ്ട് ഇരട്ടിയിലേറെ കാര്യങ്ങള്‍ നിറവേറ്റാനായതായി തിരുവനന്തപുരം ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ നിന്നു ബിരുദം നേടിയ സഞ്ജയ് പറഞ്ഞു. ഡോ. രവി പിള്ള, ജോസ് തോമസ് തുടങ്ങിയ വ്യവസായ പ്രമുഖരുടേയും ഫെഡറല്‍ ബാങ്ക്, കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് എന്നിവയുടെയും സഹകരണവും ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന് ചീഫ് മെന്ററായ സ്റ്റാര്‍ട്ടപ് വില്ലേജിനു ലഭിക്കുന്നുണ്ട്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ബൃഹത് പദ്ധതിയായ വിശാഖപട്ടണത്തെ സണ്‍റൈസ് സ്റ്റാര്‍ട്ടപ് വില്ലേജ് സ്ഥാപിക്കുന്നതിന് സഹായം നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സഞ്ജയ് സ്റ്റാര്‍ട്ട്പ് സംരംഭങ്ങള്‍ക്ക് സാധ്യതയുള്ള സംസ്ഥാനങ്ങളിലേക്ക് സ്റ്റാര്‍ട്ടപ് വില്ലേജിന്റെ സേവനം വ്യാപിപ്പിക്കുമെന്ന് വ്യക്തമാക്കി.
ബെഗംളൂരുപോലുള്ള നഗരങ്ങളില്‍ സംരംഭങ്ങള്‍ക്ക് അനുഗുണമായ പിന്തുണയും മൂലധനവും ലഭ്യമാണെന്നും എന്നാല്‍ ചെറു നഗരങ്ങളിലും പട്ടണങ്ങളിലും ഇതിനനുയോജ്യമായ പ്രവര്‍ത്തനാന്തരീക്ഷം ഇല്ലെന്നും സി.ഇ.ഒ പ്രണവ് കുമാര്‍ സുരേഷ് ചൂണ്ടിക്കാട്ടി.
കേരളത്തിലെ യുവവിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ക്ക് ചിറകുകളേകി ജനുവരി 10ന് ആയിരം ദിവസം പൂര്‍ത്തിയാക്കിയ സ്റ്റാര്‍ട്ടപ് വില്ലേജിന്റെ വരുമാനം 230.50 കോടിരൂപയാണ്. 116 വിദ്യാര്‍ത്ഥി സംരംഭങ്ങളുള്‍പ്പെടെ ഇതിനോടകം 533 സംരംഭങ്ങള്‍ സ്റ്റാര്‍ട്ടപ് വില്ലേജിന്റെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: