കൊച്ചി: ജില്ലാ പഞ്ചായത്തില്‍ നടന്ന കനോപ്പി വിതരണച്ചടങ്ങ് എന്തുകൊണ്ടും മധുരമയമായി. അതിഥികളായെത്തിയവര്‍ക്കും യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഴുവനാളുകള്‍ക്കും മില്‍മയുടെ ഐസ്ക്രീം ആണ് സമ്മാനമായി ലഭിച്ചത്. മില്‍മയുടെ അണിയിച്ചൊരുക്കിയ കനോപ്പി അടങ്ങിയ 32 ഓളം മുച്ചക്ര വാഹനങ്ങള്‍ ഓഫീസ് അങ്കണത്തില്‍ ഒരു ദൃശ്യാനുഭവമായി. മില്‍മയും മഹീന്ദ്ര ടിവിഎസ് കമ്പനികളും ചേര്‍ന്നാണ് പട്ടികജാതിക്കാരായ യുവതീയുവാക്കള്‍ക്കു കനോപ്പി നല്‍കിയത്.
ഫ്രീസര്‍ ഉള്‍പ്പെടെ ഒരു വാഹനത്തിന് 2.65 ലക്ഷം രൂപയാണു വില. ഇനി 200 പേര്‍ക്കു കൂടി ഇത്തരത്തില്‍ വാഹനങ്ങള്‍ നല്‍കുന്നതോടെ മില്‍മയുടെ പേരണിഞ്ഞ ഈ ചെറുവാഹനങ്ങള്‍ ജില്ലയുടെ മുക്കിലും മൂലയിലും നിറസാന്നിധ്യമാകും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് പി. കുന്നപ്പിള്ളി മുന്‍കൈയെടുത്തു നടപ്പിലാക്കി വരുന്ന സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് കനോപ്പി വിതരണം. തൊഴില്‍രഹിതരായ കുറെപ്പേര്‍ക്ക് ഉപജീവനത്തിനു വഴിയൊരുക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നു അഡ്വ. എല്‍ദോസ് പറഞ്ഞു. വ്യത്യസ്തങ്ങളായ അനവധി പദ്ധതികള്‍ ജില്ല പഞ്ചായത്ത് ഏറ്റെടുത്തു നടത്തിവരുന്നുണ്ട്.
എസ്.സി, എസ്ടി വിഭാഗക്കാരായ കുട്ടികള്‍ക്ക് വിദേശത്ത് പഠനത്തിനും അവസരമൊരുക്കിയിട്ടുണ്ട്. അത്തരത്തില്‍ ഒരു കുട്ടി ഇപ്പോള്‍ പാരീസ് സര്‍വകലാശാലയില്‍ പഠിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു കുട്ടിക്ക് ആറുലക്ഷം രൂപ വരെ ഇതിനായി ചെലവഴിക്കുന്നു. ഈ സാമ്പത്തികവര്‍ഷം 12 പേര്‍ക്കു കൂടി അവസരം ലഭിക്കും. ജില്ലയിലെ കര്‍ഷകരെ ജൈവകൃഷിയിലേക്ക് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അടുത്ത 18 ന് ജൈവ കീടനാശിനിയായ എക്സ്പ്ലോഡ് വിപണിയിലിറക്കും. ജലവിഭവ വകുപ്പു മന്ത്രി പി. ജെ. ജോസഫ് ആയിരിക്കും മുഖ്യാതിഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: