കൊല്ലം: സുനാമിബാധിതമേഖലയായ ആലപ്പാട് പഞ്ചായത്തില്‍ രണ്ടു പദ്ധതികളിലായി 21 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഫഌറ്റുകളുടെ അറ്റകുറ്റപണികളടക്കമുളള പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തുനടപ്പാക്കും. 10 കോടി രൂപയാണ് പദ്ധതിചെലവ്. സുനാമിദുരന്തകാലയളവില് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പുതിയപ്രഖ്യാപനം ദുരന്തത്തിന് ഒരു പതിറ്റാണ്ടിന് ശേഷമാണുണ്ടാകുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
പതിനൊന്ന് കോടി രൂപ ചെലവില്‍ ഐആര്‍ഇ, കെഎംഎംഎല്‍ എന്നിവ ചേര്‍ന്ന് പഞ്ചായത്ത് തീരപ്രദേശ സംരക്ഷണ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഇറിഗേഷന്‍ വകുപ്പ് അനുമതി നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ആലപ്പാട് പാക്കേജിന്റെ ഭാഗമായുളള ഫഌറ്റുകളില്‍ കുടിവെളളം, വീട് അറ്റകുറ്റപ്പണി, സ്വീവേജ് പദ്ധതി എന്നിവയ്ക്കായുള്ള 10 കോടിയില്‍ ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസം, സാമൂഹികാവശ്യം എന്നിവയ്ക്കും ഇടം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ അഞ്ചു കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. ബാക്കി തുക കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത നിധി (സിഎസ്ആര്‍)യില്‍ നിന്നും സന്നദ്ധ സംഘടനകളില്‍ നിന്നും സ്വരൂപിക്കും.
സുനാമിബാധിത പ്രദേശം ഉള്‍പ്പെടുന്ന പഞ്ചായത്തിലെ തീരദേശം മുഴുവന്‍ പുലിമുട്ട് നിര്‍മ്മിച്ച് സംരക്ഷിക്കുന്ന പദ്ധതിയാണ് ഐ ആര്‍ഇ, കെഎംഎംഎല്‍ സംരംഭം. പതിനൊന്ന് കോടി രൂപയുടെ പദ്ധതിക്കായി ഇവര്‍ സര്‍ക്കാരിനു നല്‍കേണ്ട സെന്‍ഡേജ് ഫീ സാമൂഹിക സേവനമായതിനാല്‍ ഒഴിവാക്കി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഫണ്ട് ലഭ്യമായ കൊല്ലം, കരുനാഗപ്പളളി മേഖലയിലെ സുനാമി ഫഌറ്റുകളിലെ സ്വീവറേജ് സംവിധാനം നടപ്പാക്കാനായി നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 11 കേന്ദ്രങ്ങളിലായി 2,000 വീട്ടുകാര്‍ക്കുളള പുനരധിവാസ പദ്ധതിയാണിത്. ഏഴുകോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: