കുന്നത്തൂര്‍: മാവോയിസ്റ്റ് നേതാവ് രൂപേഷും സംഘവും പിടിയിലായതോടെ തീവ്ര ഇടതുപക്ഷ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ പോലീസിന്റെ നിരീക്ഷണത്തിലായി. കൊല്ലത്ത് നിന്നുള്ള പോലീസിന്റെ പ്രത്യേക സ്ക്വാഡാണ് തീവ്രഇടതുപക്ഷ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നവരേയും നക്സല്‍, മാവോയിസ്റ്റ് സംഘങ്ങളുമായി നേരത്തെ ബന്ധമുണ്ടായിരുന്നവരെയും നിരീക്ഷിക്കുന്നത്.
പിന്നോക്കാവസ്ഥയിലുള്ള കുന്നത്തൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ഈ പ്രസ്ഥാനങ്ങളുടെ സാന്നിധ്യം നേരത്തെ ശക്തമായിരുന്നു. മുമ്പ് ഇത്തരം സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളിലോ പരിസ്ഥിതി, സാമൂഹിക, സാംസ്കാരിക സംഘടനകളിലോ ആണിപ്പോള്‍ ചേക്കേറിയിരിക്കുന്നത്. ഇത്തരത്തിലുള്ള മുന്‍കാല പ്രവര്‍ത്തകരെയും ഇപ്പോള്‍ തീവ്രനിലപാടുള്ള നിശബ്ദമായി പ്രവര്‍ത്തനം നടത്തുന്നവരെയുമാണ് സ്പെഷ്യല്‍ സ്ക്വാഡ് നിരീക്ഷിക്കുന്നത്.
ഇതിന്റെ ഭാഗമായി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ ചിലരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ ചില സാംസ്കാരിക ശാസ്ത്ര സംഘടനയില്‍ പ്രവര്‍ത്തിച്ച് വന്നവരായിരുന്നു. പലരും വിട്ടയക്കപ്പെട്ടിട്ടില്ല. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രകൃതിസംരക്ഷണ പ്രക്ഷോഭങ്ങളില്‍ ഇവരുടെ സാന്നിധ്യം ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പിന്നോക്ക കോളനികള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം. പിടിയിലായവരുടെ വീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: