തൃക്കടവൂര്‍ ദേശത്തിന്റെ കാരണവര്‍ തന്നെയാണ് കടവൂര്‍ മൂപ്പിലാനായ സാക്ഷാല്‍ തൃക്കടവൂരപ്പന്.. മൃത്യുഞ്ജയഹോമവും ജലധാരയും പ്രധാന വഴിപാടുകളില്‍ പ്രസിദ്ധമാണ്. ശനിയാഴ്ച ദിവസം പ്രത്യേകപൂജകളും ക്ഷേത്രങ്ങളില്‍ നടക്കാറുണ്ട്. കുംഭത്തിലെ തിരുവാതിരയാണ് ഭഗവാന്റെ ആറാട്ടുത്സവം എട്ടുകരക്കാര്‍ നെടുംകുതിര കെട്ടിയെടുക്കുന്നതാണ് പ്രധാന കെട്ടുകാഴ്ച.
നായ ഭൃഗുമഹര്‍ഷിക്ക് കര്ദ്ദമപുത്രിയായ ഖ്യാതിയില്‍ ധാതാവ്, വിധാതാവ് എന്നീ രണ്ടു പുത്രരും വിഷ്ണുജാതയായ ശ്രീദേവിയും ഉണ്ടായി. വിധാതാവിന് മേരുപുത്രിയായ നിയതിയില് മൃകണ്ഡു ജനിച്ചു. മൃകണ്ഡു മഹാദേവഭക്തനായിരുന്നു. വിവാഹാനന്തരം കാലമേറെ കഴിഞ്ഞിട്ടും അദ്ദേഹത്തിന് സന്താനമുണ്ടായില്ല. നിരാശനായ അദ്ദേഹം മഹാദേവനെ പ്രസാദിപ്പിക്കുവാനായി അതികഠിനമായ തപസനുഷ്ഠിച്ചു.
തദ്ഫലമായി ഭഗവാന് പ്രത്യക്ഷപ്പെട്ടു. നൂറുവയസ് വരെ ജീവിച്ചിരിക്കുന്ന മന്ദബുദ്ധിയായ മകനെ വേണോ പതിനാറു വയസുവരെ മാത്രം ജീവിച്ചിരിക്കുന്ന സല്പുത്രനായ മകനെ വേണോയെന്ന് മഹര്‍ഷിയോടാവശ്യപ്പെട്ടു. അല്പായുസായ വിവേകിയായ മകനെയാണ് മൃകണ്ഡു വരിച്ചത്. മഹര്‍ഷിയുടെ ഭാര്യ അതിനുശേഷം ഗര്‍ഭവതിയാവുകയും തേജോനിധിയായ ഒരു ബാലനെ യഥാകാലം പ്രസവിക്കുകയും ആ കുഞ്ഞിന് മാര്ക്കണ്ഡേയന് എന്നു നാമകരണവും ചെയ്തു. മാര്ക്കണ്ഡേയന് വളര്‍ന്നു കൗമാരപ്രായമായപ്പോഴേക്കും മാതാപിതാക്കളുടെ സന്താപം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു.
മാതാപിതാക്കളുടെ സന്താപത്താല്‍ മനംനൊന്ത മാര്ക്കണ്ഡേയന് അവരുടെ സന്താപകാരണം മനസിലാക്കി. ദീര്‍ഘായുസിനായി ആ കുട്ടി മൃത്യുജ്ഞയനെത്തന്നെ ആശ്രയിച്ചു. പന്ത്രണ്ടു വയസു മുതല്‍ മാര്ക്കണ്ഡേയന് അത്യുഗ്ര തപസനുഷ്ഠിച്ചു തുടങ്ങി. നാലു വര്‍ഷം കഴിഞ്ഞ് പതിനാറാം വയസില്‍ മാര്‍ക്കണ്ഡേയന്റെ ആയുസിന് ഹാനി സംഭവിക്കണ്ട ദിവസം ശിവഭൂതങ്ങളെ ഭയന്ന് പിന്തിരിഞ്ഞോടിയ യമകിങ്കരന്മാരോടൊത്ത് യമധര്മ്മന് എത്തിയതെന്നറിഞ്ഞ് മാര്ക്കണ്ഡേയന് മഹാദേവനെ പ്രാര്‍ത്ഥിച്ചുകൊണ്ട് ശിവലിംഗ ശിലയില്‍ ഗാഢാലിംഗനം ചെയ്തു പ്രാര്‍ത്ഥിച്ചു. ഈ സമയത്ത് യമന്‍ കാലപാശം മാര്‍ക്കണ്ഡേയന്റെ കഴുത്തിനെ ലക്ഷ്യമാക്കി എറിഞ്ഞു. ഇത് പതിച്ചത് മാര്‍ക്കണ്ഡേയന്റെ കഴുത്തിലും ശിവലിംഗത്തിലുമാണ്. ഉടന്‍തന്നെ ഉഗ്രകോപത്തോടെ മഹാദേവന് പ്രത്യക്ഷപ്പെട്ടു. തന്നെയും ഭക്തനെയും അവഹേളിച്ചതിനാല്‍ ഭക്തവത്സലനായ മഹാദേവന് പ്രതികാരാഗ്നിയോടെ യമനെ നിഗ്രഹിച്ചു.
പരമഭക്തനായ മാര്‍ക്കണ്ഡേയനെ ഭഗവാന് ആശ്ലേഷിച്ചു. നിത്യയൗവനം നല്കി അനുഗ്രഹിച്ച് അപ്രത്യക്ഷനായി. ദേവന്മാരുടെ പ്രാര്‍ത്ഥനയാല്‍ പ്രസാദിച്ച് മഹാദേവന് പിന്നീട് കാലന് ജീവന് നല്കി.മാര്ക്കണ്ഡേയന് വളരെക്കാലം ആ ശിവലിംഗത്തില്‍ പൂജകളര്പ്പിച്ചുകൊണ്ട് അവിടെത്തന്നെ കഴിഞ്ഞു. പിന്നീട് ഉത്തരദിക്കിലേക്ക് തപസിനുപോയി. മാര്ക്കണ്ഡേയന് പൂജിച്ചിരുന്ന ശിവലിംഗശില കാലപ്രവാഹത്തില്‍ മണ്ണടിഞ്ഞു.
സഹസ്രാബ്ദങ്ങള്‍ക്ക് ശേഷം ആ പുണ്യഭൂമി മഹാവനമായി. അവിടെ ഒരു ദിവ്യബ്രാഹ്മണന്‍ ആശ്രമം കെട്ടി തപസുചെയ്തുവന്നു. ഒരു ദിവസം ആശ്രമത്തിനരികെ വിശ്രമിച്ചിരിക്കെ ഒരു ശിലയില്‍ സര്‍പ്പം ഇരിക്കുന്നതു കണ്ടു. ഉടന്‍തന്നെ ആ ശിലയുടെ മഹത്വം ജ്ഞാനദൃഷ്ടിയില്‍ കണ്ടറിഞ്ഞ മഹര്‍ഷി അതിനെ യഥോചിതം പ്രതിഷ്ഠിച്ചു ആരാധിച്ചു തുടങ്ങി. വര്‍ഷങ്ങള്‍ക്കുശേഷം മഹര്ഷിവര്യന് മഹാസമാധിയടഞ്ഞു. ആശ്രമം അനാഥമായി. കാലക്രമേണ ആശ്രമസമീപത്തെ നദിയിലെ വെള്ളം വറ്റി അവിടം ചതുപ്പായി. തീരപ്രദേശത്തുണ്ടായിരുന്ന വന്മരങ്ങള് കടപുഴകി മറിഞ്ഞു. ആ പ്രദേശം വന്യമൃഗങ്ങളുടെ സങ്കേതമായി.
കുറെ വര്‍ഷങ്ങള്‍ക്കുശേഷം ആ പ്രദേശത്തെ ഉത്തമനായ ഒരു ഗൃഹസ്ഥന് കൊച്ചുമകളുടെ കയ്യില്‍ ദിനവും തന്റെ ബന്ധുവീട്ടിലേക്ക് കൊടുത്തയയ്ക്കുന്ന പശുവിന്റെ പാല് കാട്ടിലെ നടപ്പാതയിലെ വേരിന്മേല് പതിക്കുവാനിടയായി. ഇത് ആവര്‍ത്തിക്കുകയാല്‍ കുപിതനായ ഗൃഹസ്ഥന് കോടാലിയുമായി വന്ന് ആ വേരിനെ ലക്ഷ്യമാക്കി ആഞ്ഞുവെട്ടി. വെട്ടേറ്റ വേര് അറ്റുപോവുകയും തല്‍സ്ഥാനത്തുനിന്നും രക്തം ഒഴുകുന്നത് കണ്ട് അദ്ദേഹം ബോധരഹിതനായി. സംഭവമറിഞ്ഞ് ബന്ധുക്കളും നാട്ടുപ്രമാണികളും നാടുവാഴിയും സംഭവസ്ഥലത്തെത്തി.
പരിചര്യകളാല് അദ്ദേഹത്തെ ബോധവാനാക്കി. വിശദവിവരം ആരാഞ്ഞു. പിന്നീട് എല്ലാവരും കൂടിയാലോചിച്ച് നിപുണനായ ദൈവജ്ഞനെ വരുത്തി വിധിപ്രകാരം പ്രശ്നം നടത്തി. ജ്യോത്സ്യന്റെ നിര്‍ദ്ദേശാനുസരണം കരുണാമൂര്‍ത്തിയും ഭക്തവത്സലനുമായ ശ്രീ മഹാദേവന്റെ സാന്നിദ്ധ്യം മനസിലാക്കി വേരുമുറിച്ച സ്ഥലത്ത് ശ്രീകോവില്‍ പണിത് യഥാവിധി പ്രതിഷ്ഠിച്ചു. പ്രസ്തുത ശിലാലിംഗത്തിന്റെ ഉപരിതലം വെട്ടേറ്റ് ചിദ്രമായിരുന്നുവെങ്കിലും സ്വയംഭൂവാകയാല് ആ ശില തന്നെ മതിയെന്നുള്ള അഭിജ്ഞമതപ്രകാരം മാര്ക്കണ്ഡേയന് ആരാധിച്ചിരുന്ന ശിവലിംഗം തന്നെ സുപ്രതിഷ്ഠിതമായി.
കടവുളിന്റെ ഊര് ലോപിച്ച് കടവൂരാകുകയും മാര്ക്കണ്ഡേയന് കോവില്‍ എന്നറിയപ്പെട്ടിരുന്ന ക്ഷേത്രം കാലങ്ങള്‍ക്കുശേഷം തൃക്കടവൂര്‍ ശ്രീമഹാദേവര്‍ക്ഷേത്രം എന്നറിയപ്പെടാനും തുടങ്ങി.ഭക്തവത്സലനായ മാര്‍ക്കണ്ഡേയനെ അകാലമൃത്യുവില്‍ നിന്ന് രക്ഷിച്ച് ചിരജ്ഞീവിയാക്കിയ ഭഗവാന് തൃക്കടവൂര്‍ ശ്രീമഹാദേവനെ ആശ്രയിക്കുന്ന ലക്ഷകണക്കിന് ഭക്തജനങ്ങള്‍ക്ക് ക്ഷേമഐശ്വര്യങ്ങളും ആയൂരാരോഗ്യസൗഖ്യവും സന്താനസൗഭാഗ്യവും തീരാദുഖങ്ങളില്‍ നിന്ന് മുക്തി നല്കി കാത്തുരക്ഷിച്ചും അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാതെ കരുണാമൃതകടാക്ഷം ചൊരിഞ്ഞ് ഭക്തജനരക്ഷകനായി സ്വയംഭൂവായ ചൈതന്യത്താല്‍ തൃക്കടവൂരില്‍ വാണരുളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: