ചേര്‍ത്തല: സ്വകാര്യ ആശുപത്രിയില്‍ മോഷണം പതിവാകുന്നു, ചേര്‍ത്തല മതിലകം ഗ്രീന്‍ ഗാര്‍ഡന്‍സ് ആശുപത്രിയിലാണ് മോഷണം തുടര്‍ക്കഥയാകുന്നത്. പരാതി നല്കിയാല് രോഗികളുടെയും ബന്ധുക്കളുടെയും അനാസ്ഥയും ശ്രദ്ധക്കുറവുമായി ചിത്രീകരിച്ച് പ്രശ്നത്തില്‍ നിന്ന് അധികൃതര്‍ തലയൂരുകയാണെന്ന് ആക്ഷേപം ഉയരുന്നു.
കഴിഞ്ഞ ഏപ്രില്‍ 28ന് കടക്കരപ്പള്ളി മധുനിവാസില്‍ എ. മധുവിന്റെ മൂന്നരപ്പവന്റെ സ്വര്‍ണം കാണാതായതാണ് മോഷണ പരമ്പരകളില്‍ ഒടുവിലത്തേത്. രാത്രി വാതില്‍ പൊളിച്ചാണ് മധുവിന്റെ ഒന്നരവയസുള്ള മകന് യദുകൃഷ്ണന്റെയും ഭാര്യ രശ്മിയുടെയും ആഭരണങ്ങള്‍ മോഷ്ടിച്ചത്. ഉറങ്ങിക്കിടന്ന ഇവരുടെ ശരീരത്തില്‍ നിന്ന് യന്ത്രസഹായത്തോടെ ആഭരണങ്ങള്‍ മുറിച്ചുമാറ്റിയെന്നായിരുന്നു പ്രാഥമിക നിഗമനം. മുറി വാടകയ്ക്കെടുത്തപ്പോള്‍ തന്നെ അകത്തെ പൂട്ട് പൂര്‍ണമായും ഇടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്ന് മധു പറഞ്ഞു.
ഇതിനു മുന്‍പും പലതവണ മോഷണം നടന്നിട്ടുള്ളതായി ആശുപത്രിയിലെ ചില ജീവനക്കാര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. പലപ്പോഴും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ മോശമായി ബാധിക്കാതിരിക്കുവാനായി സംഭവങ്ങള്‍ അധികൃതര്‍ ഒതുക്കിത്തീര്‍ക്കുകയാണ് പതിവ്. സംഭവത്തെ തുടര്‍ന്ന് പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചെങ്കിലും മോഷ്ടാവിനെ പിടികൂടാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: