ആലപ്പുഴ: ജനാധിപത്യ മഹിളാസമിതി സംസ്ഥാന സമ്മേളനം പാര്‍ട്ടി സ്ഥാപകയുടെ സാന്നിദ്ധ്യത്തിലും മ്ലാനത നിഴലിച്ചതായി. രാവിലെ 9.30ന് തീരുമാനിച്ച ഉദ്ഘാടനത്തിന് ജെഎസ്എസ് ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ കെ.ആര്. ഗൗരിയമ്മ എത്തിയത് 11 കഴിഞ്ഞാണ്. പ്രായാധിക്യത്തിന്റെ അവശതകള്‍ കാരണം രണ്ട് മിനിട്ട് മാത്രമാണ് ഗൗരിയമ്മ സംസാരിച്ചത്.
സംസ്ഥാനത്ത് 98 ശതമാനവും സാക്ഷരത കൈവരിച്ചിട്ടും സ്ത്രീകളോടുള്ള ചൂഷണവും പീഡനവും വര്‍ദ്ധിച്ചുവരുന്നതായി അവര്‍ ചൂണ്ടിക്കാട്ടി. ഇതിനെ നേരിടാന്‍ സ്ത്രീകളുടെ കൂട്ടായ്മകള്‍ കൂടുതല്‍ ശക്തിപ്പെടേണ്ടതാണെന്നും അവര്‍ പറഞ്ഞു.
ആയിരത്തോളം സ്ത്രീകളെ സമ്മേളനത്തില്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും നാലിലൊന്ന് പോലും എത്താത്തതിന്റെ അമര്‍ഷം പ്രകടിപ്പിച്ചായിരുന്നു മറ്റ് വനിതാ നേതാക്കളുടെ പ്രസംഗങ്ങള്‍. ജെഎസ്എസിന്റെ ശക്തിയില്ലാതാക്കിയത് സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിയില്‍ ചേക്കേറുകയും അധികാരസ്ഥാനങ്ങള്‍ക്കായി നേതൃത്വത്തെ തള്ളുകയും ചെയ്ത ചിലരാണെന്ന് വിമര്‍ശനമുയര്‍ന്നു. കാംകോ ചെയര്‍മാനായ സത്ജിത്തിന്റെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു.
ഗൗരിയമ്മയെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ ശ്രമത്തെ സംഘടനാ റിപ്പോര്‍ട്ടില്‍ ശക്തമായി അപലപിച്ചു. ഇതോടൊപ്പം സ്ത്രീ സംഘടനകളുടെ സംയുക്ത സമരസമിതിയുടെ പ്രവര്‍ത്തനത്തില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് വഹിച്ച പങ്കിനെ ശ്ലാഘിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: