മാന്നാര്‍: ദേശാഭിമാനി സ്വയംസഹായ സംഘത്തിന്റെ മാന്നാറിലെ പരിപാടിയില്‍ വിലക്ക് ലംഘിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പങ്കെടുത്തതിന്റെ തുടര്‍ നടപടികളില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ച മാന്നാര്‍ ഏരിയ കമ്മറ്റി സെക്രട്ടറി പി.ഡി. ശശിധരനെ കൊണ്ട് ഔദ്യോഗിക വിഭാഗം നിര്‍ബന്ധിത അവധി എടുപ്പിച്ചു. പകരം സമീപകാലത്ത് ഔദ്യോഗിക വിഭാഗത്തേക്ക് ചേക്കേറിയ അഡ്വ.സി. ജയചന്ദ്രനെ ആക്ടിങ് ഏരിയ സെക്രട്ടറിയാക്കി.
കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി സജി ചെറിയാന് പങ്കെടുത്ത ഏരിയ കമ്മറ്റി യോഗത്തില്‍ സെക്രട്ടറിയുടെ നിലപാടുകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിനു ശേഷമാണ് അവധിയെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. പൊതുസമ്മതനായ വ്യക്തിത്വത്തിന് ഉടമയാണ് ശശിധരന്. അതിനാല്‍ ഔദ്യോഗിക വിഭാഗത്തിന്റെ നടപടിയ്ക്കെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
വിഎസ് പക്ഷത്തിന് വ്യക്തമായ സ്വാധീമുള്ള മാന്നാറില്‍ കഴിഞ്ഞ ഏരിയ സമ്മേളനത്തില്‍ മത്സരത്തിന് കളമൊരുങ്ങിയപ്പോഴാണ് പൊതുസമ്മതനായി മാന്നാര്‍ പടിഞ്ഞാറ് ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന പി.ഡി. ശശിധരനെ ഏരിയ കമ്മറ്റി സെക്രട്ടറിയാക്കിയത്. വിഎസ് പങ്കെടുത്ത ദേശാഭിമാനി സ്വയംസഹായ സംഘത്തിന്റെ പരിപാടിക്ക് ആദ്യംസമ്മതം നല്‍കുകയും പിന്നീട് വിലക്കുകയുമായിരുന്നു. വിലക്ക് ലംഘിച്ച് പരിപാടിയില്‍ പ്രവര്‍ത്തകര്‍ എത്തിയത് വലിയവിവാദമായിരുന്നു. ഇതിനെതുടര്‍ന്ന് പരിപാടിയുടെ സംഘാടകര്‍ക്കെതിരെ സസ്പെന്‍ഷനും പിന്നീട് പിന്‍വലിക്കലും നടന്നിരുന്നു.
വിഎസിന്റെ പരിപാടിക്ക് മറുപടിയായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പങ്കെടുപ്പിച്ച് ഔദ്യോഗിക വിഭാഗം പരിപാടി നടത്തിയെങ്കിലും ഇത് വേണ്ടത്ര വിജയിച്ചില്ല. ഇതോടെ മുഖം നഷ്ടപ്പെട്ട ഔദ്യോഗിക വിഭാഗം എതിരാളികളെ നിശബ്ദരാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടിയെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ മാന്നാറില്‍ സിപിഎമ്മിലെ വിഭാഗീയത ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: