പട്ടാമ്പി: മുതുതല പഞ്ചായത്തിലെ ഒന്നാംവാര്‍ഡിലെ വാണിയംപറമ്പത്ത് കുടിവെള്ളപദ്ധതി വാഗ്ദാനം മാത്രമായി ഒതുങ്ങിയിട്ട് രണ്ടുവര്‍ഷം. 2013ലെ കളക്ടറുടെ വരള്‍ച്ചാദുരിതാശ്വാസ പദ്ധതിപ്രകാരം അനുവദിച്ചതായിരുന്നു ഇത്. കെഡബ്ല്യുഎ പിഎച്ച് സെക്ഷന്‍ പട്ടാമ്പി അനുവദിച്ച തുക 4,6000രൂപയാണ്.
കെഡബ്ല്യുഎ പിഎച്ച് സെക്ഷന്‍ ഷൊര്‍ണൂര്‍ എക്സി-എഞ്ചിനിയര്‍ പ്രസ്തുത എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ കുഴല്‍കിണര്‍, ടാങ്ക്, മോട്ടോര്‍,ഷെഡ്, ഇലക്ട്രിസിറ്റി കണക്ഷന് എന്നിവയൊക്കെ ചെയ്തിട്ടും ഇതുവരെ പ്രദേശവാസികള്‍ക്ക് പ്രയോജനമൊന്നും ലഭിച്ചിട്ടില്ല.
ഏറ്റവുമധികം കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണിത്. മുതുതല പഞ്ചായത്തിനും, ജില്ലാകളക്ടര്‍ക്കും, വാട്ടര്‍ അതോറിറ്റിക്കും നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നാളിതുവരെ ഒരു പ്രയോജനവും നാട്ടുകാര്‍ക്ക് ലഭിച്ചിട്ടില്ല.
നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റിയുടെ പട്ടാമ്പി ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ പൈപ്പ് ലെയിന്‍ നീട്ടുന്നതിനായി 2,56,000 രൂപ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.
പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: