കിണിയുടെ തല കണികാണണമെന്ന് ശക്തന് തമ്പുരാന്. കേരള ചരിത്രത്തിന്റെ പഴമയുടെ ആഴത്തില്‍ പരതുമ്പോള്‍ അത്രയ്ക്കൊന്നും വെളിച്ചം കാണാത്ത ആയിരക്കണക്കിനു ഏടുകളില്‍ ഇങ്ങനേയും ഒന്നു കാണാം. സ്വന്തം സമുദായത്തിനു വേണ്ടി ശക്തനുമുന്നില് നേരും നെറിവും ഉയര്‍ത്തിപ്പിടിച്ചതിന് തന്റേയും മകന്റേയും തലപോയ ദേവരേശ കിണിയുടെ കഥ. അത്തരമൊരു പാരമ്പര്യത്തിന്റെ ഇങ്ങേത്തലമുറക്കാരനായതുകൊണ്ടാവണം വിധി നടപ്പാക്കുന്നതില്‍ ആര്‍ക്കോ പറ്റിയ പിഴവിന് സ്വന്തം കീശയില്‍ നിന്ന് നഷ്ടപരിഹാരം നല്കി ഇന്ത്യന്‍ നീതിപീഠത്തിന്റെ ചരിത്രത്തില്‍ പുതിയൊരധ്യായം തീര്‍ക്കാന്‍ എസ്. മനോഹര്‍ കിണി എന്ന ജഡ്ജിക്കായത്.
ഇക്കഴിഞ്ഞിടെ പത്രങ്ങള്‍ മുഴുവന്‍ റിപ്പോര്‍ട്ടു ചെയ്ത മനോഹര്‍ കിണിയുടെ മനുഷ്യസ്നേഹത്തിലും കാരുണ്യത്തിലും കരുതലായ കഥ കോടതി വ്യവഹാരങ്ങള്‍ക്കിടയില്‍ ചിലപ്പോള്‍ ഞെരുങ്ങിപ്പോകുന്ന അനുകമ്പാ വികാരങ്ങള്‍ക്കു ഉയിര്ത്തെഴുന്നേല്ക്കാന് വരും തലമുറകള്‍ക്കു കൂടി പ്രചോദനമാവുകയാണ്. വാഹനാപകടത്തില്‍ മരിച്ച മകന്റെ ജീവന് കോടതി വിധിച്ച നഷ്ടപരിഹാരത്തുക കോടതിയുടെ തന്നെ കഌറിക്കല്‍ തകരാറില്‍ ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ട പുതുപ്പരിയാരം വാക്കില്‍ പറമ്പില്‍ സുന്ദരനും ഭാര്യക്കുമാണ് പാലക്കാട് മോട്ടോര്‍ ആക്സിഡന്റ് കഌയിം ട്രൈബ്യൂണല്‍ ജഡ്ജി എസ്.മനോഹര്‍ കിണി സ്വന്തം ശമ്പളത്തില്‍ നിന്നും ഒരു ലക്ഷം രൂപ നല്‍കിയത്.
എല്ലാത്തരം നാടകീയതയും തോറ്റു പോകുന്നത്ര പിരിമുറുക്കമുള്ളതാണ് സങ്കടത്തിന്റെ അങ്ങേയറ്റമെത്തുന്ന സുന്ദരന്റേയും കുടുംബത്തിന്റേയും ദുരിതം. 1993 മെയ്10 നായിരുന്നു സുന്ദരന്റെ ഏഴുവയസുകാരന് മകന് ശ്രീകുമാര്‍ വാഹനാപകടത്തില്‍ മരിച്ചത്. നഷ്ട പരിഹാരത്തിന് പാലക്കാട് മോട്ടോര്‍ ആക്സിഡന്റ് കഌയിം ട്രൈബ്യൂണലില്‍ ഒ പി എം വി1195-93ആയി കേസ് നല്കി. 1996 ഏപ്രില്‍ 16ന് വിധിയായി. 12ശതമാനം പലിശ സഹിതം 98700 രൂപ നഷ്ടപരിഹാരവും ചെലവിലേക്ക് 700രൂപയുമായിരുന്നു വിധി.
തുക കോടതിയുടെ പേരില്‍ നിക്ഷേപിച്ചു. പിന്നെയാണ് ആന്റിക്ലൈമാക്സുപോലെ കോടതിയുടെ കഌറിക്കല്‍ തകരാറെന്ന രൂപത്തില്‍ എല്ലാം തകിടം മറിഞ്ഞത്. കോടതിയില്‍ നിന്ന് സുന്ദരന്റെ പേരിലേക്ക് നിക്ഷേപം മാറ്റുമ്പോള്‍ 1195-93 എന്നതിനു പകരം 1105-93 എന്ന് അബദ്ധത്തില്‍ ചേര്‍ക്കുകയായിരുന്നു. 1105-93 ഹര്‍ജിക്കാരനായ രാമകൃഷ്ണന് തന്റെ അക്കൗണ്ടില്‍ വന്നുകൂടിയ തുക മൂന്ന് അഭിഭാഷകരുടെ സഹായത്തോടെ മൂന്നുതവണയായി പിന്‍വലിച്ചു. നഷ്ടപരിഹാരത്തുകയ്ക്കായി സുന്ദരന്‍ കോടതിയെ സമീപിച്ചപ്പോഴാണ് പ്രഹേളികയായി അഴിയാക്കുരുക്കിലകപ്പെട്ട് എന്നന്നേയ്ക്കുമായി പണം നഷ്ടപ്പെട്ടതറിയുന്നത്.പിന്നെ സംഭവിച്ചത് കോടതിക്കുപോലും അഴിക്കാനാവാത്ത നിയമത്തിന്റെ അഴിയാക്കുരുക്കുകള്‍.
പക്ഷേ ജഡ്ജ് മനോഹര്‍ കിണി തന്റെ മനസാക്ഷികൊണ്ട് അത് അഴിച്ചതാണ് നല്ലകാലത്തിന്റെ വാര്‍ത്തയായി നാട് വായിച്ചത്. പക്ഷേ ഇതൊന്നും വലിയ അതിശയമായി ഈ ജഡ്ജ് കാണുന്നില്ല. കോടതിയിലുള്ള വിശ്വാസം ജനങ്ങള്‍ക്കു നഷ്ടപ്പെടാതിരിക്കാന്‍ ചിലതു ചെയ്തുവെന്നു മാത്രം. ഇത്തരമൊരു വിശ്വാസം കാക്കാന്‍ ഒരു പക്ഷേ ഇങ്ങനെയൊരു മനോഹര്‍ കിണി മാത്രമേ കാണു എന്നുമാത്രം.
വലിയതു ചെയ്തെന്ന ഒരു ഭാരവുമില്ലാതെ സര്‍വസാധാരണക്കാരനായി സംസാരിക്കുമ്പോള്‍ കാറ്റിലും കോളിലും ഒഴുകിപ്പോകാത്ത ഇത്തരം നന്മത്തുരുത്തുകള്‍ ഇനിയുമുണ്ടല്ലോയെന്നാശ്വാസം. ഈ നന്മക്കടല്, പലതും ചേര്ന്നൊഴുകിയുണ്ടായതാണ്. അങ്ങനെയൊരന്തരീക്ഷത്തിലാണ് മനോഹര്‍ കിണി ജനിച്ചു വളര്‍ന്നത്.
തല പോകുമെന്നറിഞ്ഞിട്ടും നെഞ്ചുവിരിച്ചു കാര്യം പറഞ്ഞ ദേവരേശ കിണിയെന്ന മുതുമുത്തച്ഛന് തന്നെ ആദ്യ ആവേശം. ആലപ്പുഴ സബ് ജഡ്ജിയായിരുന്ന അച്ഛന് റോള്‍ മോഡല്‍. കുടുംബത്തിന്റെ സാമൂഹ്യ സേവനപാരമ്പര്യവുമൊക്കെയായി രൂപപ്പെട്ടതാണ് മനോഹര്‍ കിണിയെന്ന കരുണാമയന്‍.
തിരക്കിനിടയിലെ വിശ്രമവേളകളില്‍ പുസ്തകങ്ങളാണ് കൂട്ട്. ചെറുപ്പത്തിലേ തുടങ്ങിയതാണ് പുസ്തക പ്രണയം. ഇംഗഌഷും സംസ്കൃതവും മുഖ്യം. ഹക്സിലിയെ വായിച്ചപ്പോള്തൊട്ടുള്ളതാണ് ഇംഗഌഷ് പ്രേമം. അതിനുംമുമ്പേ സംസ്കൃതം ഉള്ളില്ക്കേറി.
കൊച്ചി ചെറളായി പ്രദേശത്തെ ജന്മികുടുംബമാണ് മനോഹര്‍ കിണിയുടേത്. മനുഷ്യത്വം കൂടുതലുള്ളതുകൊണ്ട് പഴയ ആസ്തി ഇന്നില്ല. ഇരുന്നൂറു വര്‍ഷം പഴക്കമുള്ള തറവാടു കണ്ടാല്‍ ക്ഷേത്രമാണെന്നേ തോന്നൂ. പുറത്തും അകത്തും ക്ഷേത്രാനുഭവം. തിരുമല ക്ഷേത്രത്തിലെ ഉത്സവ നാളില്‍ പല്ലക്കിലെത്തുന്ന മൂര്‍ത്തിയെ ഒരു മണിക്കൂര്‍ വീട്ടിനകത്തുകേറ്റി പൂജിക്കും. മറ്റൊരു കുടുംബത്തിനും കിട്ടാത്ത അനുഗ്രഹം.
ആദ്യം പറഞ്ഞ കഥയുടെ ഉള്‍പ്പിരിവുകളിലേക്ക്. കാലം 1790. കൊങ്ങിണികള്‍ ഗോവയില്‍ നിന്നും ജീവന് കൈയില്‍ പിടിച്ച് പലായനം ചെയ്ത് കൊച്ചിയിലെത്തുന്ന സമയം. അവര്‍ക്ക് കരമൊഴിവായിക്കിട്ടുന്ന ആനുകൂല്യങ്ങള്‍. പക്ഷേ ശക്തന് തമ്പുരാന്റെ ബ്രിട്ടീഷുകാരുമായുള്ള ഗൂഢ ഉടമ്പടി പ്രകാരം നികുതിക്കായി സെന്‍സസ് നടക്കുന്നു. തലയൊന്നും എണ്ണണ്ട, തമ്പുരാനെത്ര നികുതി വേണമെന്ന് മട്ടാഞ്ചേരിയില്‍ പട്ട് കച്ചവടം നടത്തുന്ന ദേവരേശ കിണി. അത്രയ്ക്കായോ ധിക്കാരമെന്നും കിണിയുടെ തല കണികാണണമെന്നും ശക്തന്.
അന്നൊരു ദീപാവലി നാള്. കിണിയെത്തേടി ശക്തന്റെ ആള്‍ക്കാരെത്തുന്നു. പട്ടുവേണമെന്ന് വന്നവര്‍. കണ്ടുകണ്ട് നല്ല പട്ടിനായി മുകള്ത്തട്ടിലെത്തുന്നു. കിണി നല്ലൊരു പട്ടുകൊടുക്കുന്നു. അടുത്ത നിമിഷം കിണിയുടേയും അടുത്തു നിന്ന മകന്റേയും തലവെട്ടി പട്ടില്‍ പൊതിഞ്ഞ് ശക്തന്റെ ആള്ക്കാര് വഞ്ചിയില്ക്കേറി നേരെ തൃപ്പൂണിത്തുറയ്ക്ക്. ദീപങ്ങളുടെ തെളിച്ചം അങ്ങനെ വാളിന്േയും ചോരയുടേയും നിലവിളിക്കുന്ന തെളിച്ചമായി. ആ മുത്തച്ഛന്റെ ത്രസിപ്പിക്കുന്ന ധീരതയാണ് നെറിവിനോട് ചേര്‍ന്നു നില്‍ക്കാനുള്ള കിണിക്കുടുംബത്തിന്റെ ആസ്തികളില്‍ ഒന്ന്.
കൊച്ചി ടിഡി സ്കൂളിലും എറണാകുളം മഹാരാജാസ് കോളേജിലുമായി പഠനം. പത്രപ്രവര്‍ത്തനമായിരുന്നു കമ്പം. വന്നുപെട്ടത് കോടതിയിലും. കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ നിന്നും എല്‍എല്‍എം. മുന്‍സിഫ് ടെസ്റ്റ് പാസായശേഷം നെയ്യാറ്റിന്‍കര, മഞ്ചേരി, കാസര്‍കോഡ്,തലശേരി എന്നിങ്ങനെ കേരളത്തിലെ വിവിധയിടങ്ങളില്‍ സേവനം. ഇപ്പോള്‍ പാലക്കാട്. അച്ഛന് ശ്രീനിവാസക്കിണി ഓര്‍മയായെങ്കിലും ആ നാമമാണ് ഇന്നും ഊര്‍ജം. അമ്മ ജാഹ്നവി. ശ്രീകുമാറും യോഗീന്ദുനാഥും സഹോദരങ്ങള്‍. ആശയാണ് ഭാര്യ. എല്‍എല്‍ബി പാസായ അശോകും ബികോമിനു പഠിക്കുന്ന സ്മൃതിയും മക്കള്‍.
മനുഷ്യത്വമാണു മനഷ്യജാതി. കോടതിക്കാര്യങ്ങളില്‍ കാലതാമസവും തകരാറുകളും പറ്റാം. പക്ഷേ നിയമവും നീതിയും തോല്‍ക്കരുത്. സിനിമാ താരങ്ങളേയും ക്രിക്കറ്റു ദൈവങ്ങളേയും വാഴ്ത്തി ചെറുതായിപ്പാകുന്ന നമുക്ക് ജഡ്ജ് മനോഹരക്കിണിയെപ്പോലുള്ള മഹത്തുക്കളെ അറിഞ്ഞ് വീണ്ടും വലുതാകാം. നമ്മുടെ കാലത്താണ് ഈ ജഡ്ജ് ജീവിക്കുന്നത് എന്നതിനേക്കാള്‍ അദ്ദേഹത്തിന്റെ കാലത്താണ് നമ്മള് ജീവിക്കുന്നതെന്നോര്‍ത്ത് അഭിമാനിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: