അഭൗമ സൗന്ദര്യമായി..വള്ളുവനാടിന്റെ മണ്ണും മനസ്സും തൊട്ട് നിള താളത്തില്‍ തുള്ളിയൊഴുകുന്നത് എന്നും കാഴ്ച്ചയായിരുന്നു. വെറും കാഴ്ചയല്ല, കണ്ണെടുക്കാതെ ആരും നോക്കി നിന്നു പോകുന്ന അതിസുന്ദരമായ കാഴ്ച. ആരെയും കൂസാതെ വര്‍ഷക്കാലത്ത് ഇളകിമറിഞ്ഞും വേനല്‍ക്കാലത്ത് അവിടവിടെയായി ചെറിയ നീര്‍ച്ചോലകളാല്‍ ചിത്രപ്പണി നടത്തിയും നീണ്ടുപരന്ന ചുടു മണല്പ്പരപ്പായുമൊക്കെ മാറുന്ന നിള ഇവിടെ രേഖപ്പെടുത്തിക്കഴിഞ്ഞ സംസ്കാരം എത്രയോ തലമുറകള്‍ ഉള്ളുകൊണ്ട് തൊട്ടറിഞ്ഞതാണ്. വെറുമൊരു നദിയെന്ന ചിന്ത മാത്രമല്ല നിള നമുക്ക് നല്‍കിയത്.
നിളയൊഴുകുമ്പോള് ആ വഴിയിലെ മണല്‍ത്തരികളും മനുഷ്യരും വിഭിന്നമായ നാടിന്റെ സംസ്കാരവുമെല്ലാം നദിയുമായി കൂടുതല്‍ അടുക്കുകയായിരുന്നു. നാടും ഭൂപ്രകൃതിയും കടന്ന് നിള പരന്നൊഴുകിയപ്പോള്‍ അത് നമ്മുടെ സുന്ദര കേരളത്തിന്റെ നെറുകയില്‍തൊട്ട മായാസിന്ദൂരമായി. വേര്‍പെടുത്താനാകാത്ത അനേകം ഹൃദയ ബന്ധങ്ങള്‍ നിളയുടെ കരകളില്‍ കൈകോര്‍ത്തു. ആ സ്നേഹവും പരിഗണനയും നിളയ്ക്ക് നല്‍കിയത് വലിയ തണലായിരുന്നു. പിന്നൊരുനാള്‍ മനുഷ്യന്റെ ആര്ത്തിയാകുന്ന കൈകള്‍ നിളയുടെ നീരൊഴുക്കിനെ കീറിമുറിച്ചു.
പണമെന്ന രണ്ടക്ഷരത്തിനായ് പാഞ്ഞോടിയ മനുഷ്യന് ഈ സമൃദ്ധമായ പോഷകസമ്പത്തിനെ പലയിടത്തായി പലകുറി ഊറ്റിയെടുത്തു. ആ കണ്ണീര്‍ച്ചാലുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള തീവ്രശ്രമത്തിലാണ് ഈ പുഴയും അതിനെ സ്നേഹിക്കുന്നവരും. നിളാ സംരക്ഷണത്തിന്റെ ഭാഗമായി ചെറുതുരുത്തി നിളാതീരം ഒരു വലിയ സംഗമത്തിന് സാക്ഷിയാവുകയാണ്. ദേശീയ നദീ മഹോത്സവമെന്ന മഹാസംരംഭം മെയ് 10 മുതല്‍ 17 വരെ ഇവിടെ നടക്കുമ്പോള്‍ അത് നിളയുടെ നീരൊഴുക്കിന് നിലപാടെടുക്കുക എന്ന വലിയ സന്ദേശം കൂടിയാണ് നല്‍കുന്നത്.
മെയ് 10ന് വൈകിട്ട് അഞ്ച് മണിയോടെ ചെറുതുരുത്തി നിളാതീരത്ത് ദേശീയ നദീ മഹോത്സവത്തിന് തുടക്കം കുറിയ്ക്കും. മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതോടെ നിളാ വിചാരവേദി നേതൃത്വം നല്കുന്ന ഈ വലിയ സംഗമത്തിന് തിരശ്ശീല ഉയരും. കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി അനേകം പ്രമുഖരാണ് ദേശീയ നദീ മഹോത്സവത്തിനായി എത്തുന്നത്. എട്ട് ദിവസം നീളുന്ന പരിപാടിയില്‍ നാടന്‍ പാട്ട്, ഫോക്ലോര്, ഷോര്‍ട്ട് ഫിലിം, ഗസല്‍ സന്ധ്യ, അനുഷ്ഠാന കലാരൂപങ്ങള്‍, സാംസ്കാരിക സമ്മേളനം എന്നിവ നടക്കും.
നിളാ നദിയുടെയും ഈ തീരത്ത് ഉയര്‍ന്നു വന്ന സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും സംരക്ഷണം മുന്നില്‍ക്കണ്ട് മഹാകവി അക്കിത്തത്തിന്റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച സംരംഭമാണ് നിളാ വിചാരവേദി. പാരിസ്ഥിതിക-സാംസ്കാരിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്കുന്നതില് കഴിഞ്ഞ അഞ്ച് വര്‍ഷമായി നിളാ വിചാരവേദി പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. നിളാ വിചാര സദസ്സ്, നിളാ പരിക്രമ, നിളാ സാഹിത്യ സദസ്സ്, മണ്മറഞ്ഞ സാഹിത്യ കുലപതികളുടെ അനുസ്മരണ സദസ്സ്, നിളായനം പ്രദര്‍ശനം തുടങ്ങി വിവിധ പരിപാടികളാല്‍ നിളാ വിചാരവേദി ഇന്ന് സജീവമാണ്.
നിളയുടെ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധിക്കുകയും അതിനായി അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്യുന്ന ഈ സാംസ്കാരിക വേദി, നിള നേരിട്ടു കൊണ്ടിരിക്കുന്ന സാമൂഹിക പാരിസ്ഥിതിക വിഷയങ്ങളില്‍ നിന്നും നദിയ്ക്ക് അതിജീവനം നല്‍കുക എന്ന ലക്ഷ്യം കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഭാരതത്തിന്റെ പല പ്രദേശങ്ങളില്‍ നിന്നായി നദീ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഞ്ഞൂറില്‍പ്പരം സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തകരാണ് ദേശീയ നദീ മഹോത്സവത്തില്‍ പങ്കെടുക്കുവാന്‍ എത്തുക.
മലയാള ഭാഷ, കഥകളി, കേരളീയ വാദ്യങ്ങള്‍ തുടങ്ങിയവയെല്ലാം നിളയെ കേന്ദ്രീകരിച്ച് വളര്‍ന്നതാണ്. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ഇത്തരം കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങളെ ജനങ്ങളിലേക്ക് കൂടുതല്‍ എത്തിക്കുക എന്നതാണ് നിളാ വിചാരവേദിയുടെ പ്രധാന ലക്ഷ്യമെന്ന് ജനറല്‍ കണ്‍വീനര്‍ വിപിന്‍ കൂടിയേടത്ത് പറയുന്നു. നിളയുടെ നദീതീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രങ്ങള്‍ കൂടി കേന്ദ്രീകരിച്ച് നദീ സംരക്ഷണമെന്ന മറ്റൊരു ആശയം കൂടി നിളാ വിചാരവേദി മുന്നോട്ട് വെയ്ക്കുന്നു.
നിളയുടെ തീരത്തെ പ്രധാന ക്ഷേത്രങ്ങളായ തിരുവില്വാമല, തിരുവഞ്ചിക്കുഴി, തിരുമിറ്റക്കോട്, തൃത്താല, തിരുനാവായ എന്നീ അഞ്ച് ക്ഷേത്രങ്ങളില്‍ ഒരുമിച്ച് പിതൃതര്‍പ്പണം നടത്തുന്ന ചടങ്ങ് മുമ്പുണ്ടായിരുന്നു. കാലക്രമേണ നിന്നു പോയ ഇത്തരം ആചാരങ്ങള്‍ തിരിച്ചു കൊണ്ടുവരുന്നതിലൂടെ നിളയുമായി കൂടുതല്‍ അടുക്കുവാനും അതിലൂടെ നിളയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തിന് മനസ്സിലാക്കുവാനും കഴിയുമെന്ന് വിപിന്‍ പറയുന്നു.
ദേശീയ നദീ മഹോത്സവത്തിന്റെ ഭാഗമായി 11ന് വൈകിട്ട് 6.30ന് പുഴയെ പശ്ചാത്തലമാക്കി ചിത്രീകരിച്ച ഷോര്‍ട്ട് ഫിലിമുകളുടെ പ്രദര്‍ശനം, 12ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭാരതപ്പുഴ സംരക്ഷണവും എന്ന വിഷയത്തില്‍ തൃശ്ശൂര്‍ കിലയുടെ നേതൃത്വത്തില്‍ നടക്കുന്ന സെമിനാര്‍, 13ന് വൈകിട്ട് 6 മണിയ്ക്ക് പുഴയുടെ തീരത്ത് രൂപാന്തരപ്പെട്ട വാദ്യ ഉപകരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും അവതരണവും-നിളയുടെ വാദ്യം അരങ്ങേറും. 14ന് പുഴയുടെ തീരത്ത് വികാസം പ്രാപിച്ച സംഗീതശാഖകളെക്കുറിച്ചുള്ള ചര്‍ച്ചയും അവതരണവും-നിളയുടെ സംഗീതം നടക്കും.
മെയ് 15ന് വൈകിട്ട് 4ന് നിളായനം ഫോട്ടോ പ്രദര്‍ശനം, പമ്പാനദിയെ ആസ്പദമാക്കി വരച്ച എണ്ണഛായാ ചിത്രങ്ങളുടെ പ്രദര്‍ശനം എന്നിവ പഴയ കലാമണ്ഡലത്തില്‍ നടക്കും. വൈകിട്ട് 7 മണിക്ക് കഥകളി, മെയ് 16ന് രാവിലെ 10ന് നിളയുടെ ആയുര്‍വ്വേദ ശാസ്ത്ര പാരമ്പര്യം എന്ന വിഷയത്തില്‍ പഴയ കലാമണ്ഡലം ക്യാമ്പസില്‍ സെമിനാര്‍, ഉച്ചയ്ക്ക് 2ന് നിളയുടെ പാരിസ്ഥിതിക നേതൃത്വം വിഷയത്തില്‍ സെമിനാര്‍, രാത്രി 7ന് വയലി ആറങ്ങോട്ടുകരയുടെ മുളവാദ്യ സംഗീതം എന്നിവ നടക്കും. മെയ് 17ന് രാവിലെ 10ന് നദീമഹോത്സവ പ്രതിനിധികള്‍ പങ്കെടുക്കുന്ന ചര്‍ച്ച പഴയ കലാമണ്ഡലം ക്യാമ്പസില്‍ നടക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 2ന് ഇതേ വേദിയില്‍ നടക്കുന്ന സമാപന സദസ്സോടെ എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തിരശ്ശീല വീഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: