കഴിവുകള്‍ കാലാതീതമായ മാറ്റങ്ങള്‍ക്ക് പാഥേയമൊരുക്കി പദാന്യാസം ചെയ്യുമ്പോള്‍ ഒപ്പം തന്നെ സഞ്ചരിക്കുന്നവരാണ് ചരിത്രത്തിന്റെ ഭാഗമായി മാറുകയെന്നുളളത് ഇവിടെ അന്വര്‍ത്ഥമാകുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ഈ വര്‍ഷത്തെ പരിസ്ഥിതി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുളള ലോഗോ രൂപകല്‍പ്പന ചെയ്ത് കെ. കെ. ഷിബിന്‍ അന്താരാഷ്ട്ര പുരസ്ക്കാരം നേടി ഭാരതത്തിന് അഭിമാനമായി. കണ്ണൂര്‍ തലശേരി ചിറക്കര ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ കമ്പ്യൂട്ടര്‍ അദ്ധ്യാപകനായ പാനൂര്‍ കൂരാറ സ്വദേശിയായ ഷിബിന്‍ ലോഗോയിലൂടെ ലോകത്തിന്റെ നെറുയില്‍ എത്തിയിരിക്കുകയാണ്.
ഏഴുബില്യണ്‍ സ്വപ്നങ്ങള്‍, ഒരേ ഒരു ഭൂമി, കരുതലോടെ ഉപഭോഗം ഇതായിരുന്നു യുഎന്നിന്റെ ഈ വര്‍ഷത്തെ പരിസ്ഥിതി സന്ദേശം. 70 രാജ്യങ്ങളില്‍ നിന്നായി മുന്നൂറിലേറെ സൃഷ്ടികള്‍. എല്ലാം പ്രൊഫഷണലുകള്‍ രൂപകല്‍പ്പന ചെയ്തത്. അതില്‍ മികച്ചത് തന്റെ സൃഷ്ടിയാണെന്നറിഞ്ഞപ്പോള് ഇഷ്ടദേവനായ ഗുരുവായൂര്‍ കണ്ണനെ മനസ്സില്‍ ധ്യാനിച്ച് ഒരു ചെറുപുഞ്ചിരിയോടെ സന്തോഷ വാര്‍ത്തയെ സ്വീകരിച്ചു. ജൂണ്‍ 1 ന് പരിസ്ഥിതി ദിനത്തില്‍ ഇറ്റലിയിലെ മിലാനിലേക്ക് ഷിബിനിനെ ഐക്യരാഷ്ട്ര സംഘടന ക്ഷണിച്ചിരിക്കുകയാണ്. അവിടെ നടക്കുന്ന വേള്‍ഡ് എക്സ്പോ 2015 ലും ഇദ്ദേഹം പങ്കെടുക്കും.
ഏത് കാര്യം ചെയ്യുമ്പോഴും അവസാനവട്ട സമയം ഏറെ നിര്‍ണ്ണായകമാണെന്ന് ഷിബിന്‍ പറയുന്നു. ഏപ്രില്‍ 19 നായിരുന്നു സൃഷ്ടികള്‍ അയക്കേണ്ട അവസാന തീയ്യതി. ആ ദിനത്തില്‍ തന്റെ മനസില്‍ വന്ന സര്‍ഗാത്മക സൗന്ദര്യത്തെ രൂപപ്പെടുത്തിയെടുത്ത് അവസാന മണിക്കൂറിലാണ് ലോഗോ ഇദ്ദേഹം അയച്ചു കൊടുത്തത്. പുരസ്ക്കാരത്തിന് സാധ്യത ഉണ്ടായിരുന്നതായി പറയുമ്പോള്‍ത്തന്നെ ലോഗോയിലെ അര്‍ത്ഥ സമ്പുഷ്ടത അത്ര മഹിതമായിരുന്നുവെന്ന് മനസിലാക്കാം.
നീല,പച്ച,ഓറഞ്ച്,മഞ്ഞ എന്നീ വര്‍ണ്ണങ്ങള്‍ ജലം, വായു, സൂര്യന്, പരിസ്ഥിതി എന്നിവയെ സൂചിപ്പിക്കുന്നു. ഇതിലെ വിഭവങ്ങള്‍ മനുഷ്യന് കരുതലോടെ ഉപയോഗിക്കുക.പാഗ്മാന്‍ എന്ന വൈറസ് രൂപവും, മനുഷ്യനും , 7ബില്യണ്‍ സ്വപ്നവുമെല്ലാം ഭൂമിയുടെ മാതൃകയില്‍ രൂപപ്പെടുത്തിയ ലോഗോയില്‍ കാണാം. ചെറുപ്പം മുതലെ ചിത്രരചനയില്‍ നൈപുണ്യം നേടിയ ഷിബിന്‍ പൂര്‍ണ്ണ പിന്തുണ നല്കാന് കുടുംബാംഗങ്ങള്‍ മുന്നിലാണ്. ഇന്ത്യന്‍ റുപ്പേ രൂപകല്‍പ്പനയില്‍ അഞ്ച് സ്ഥാനക്കാരില്‍ ഷിബിനുമുണ്ടായിരുന്നു.
നേരിയ വ്യത്യാസത്തില്‍ സ്ഥാനം നഷ്ടപ്പെട്ടപ്പോള്‍ നിരാശ തോന്നിയെങ്കിലും രാജ്യമറിയുന്ന പ്രതിഭയായി ഉയരാന്‍ കഴിഞ്ഞുവെന്ന സന്തോഷത്തെ ഉള്‍ക്കൊളളാന്‍ ഷിബിനെ പ്രേരിപ്പിച്ചത് കുടുംബം തന്നെ. റിട്ട. ഫാര്‍മസിസ്റ്റ് കൂനങ്കണ്ടിയില് കരുണന്- പ്രസന്നകുമാരി ദമ്പതികളുടെ മകനാണ്. പെരളശേരി ഗവ. ഹയര്‍സെക്കണ്ടറി അദ്ധ്യാപിക മായയാണ് ഭാര്യ. ഏകമകന് ശലഭ് എന്നിവരടങ്ങുന്നതാണ് കുടുംബം.
അംഗീകാരങ്ങള്‍ കരഗതമാവുമ്പോഴും എളിമ നിറഞ്ഞ ചെറുപുഞ്ചിരിയാണ് ഷിബിനെ വ്യത്യസ്തനാക്കുന്നതും. നിരവധി രചനകള്‍ ഷിബിന്‍ ചെയ്തിട്ടുണ്ട്. കൃഷിവകുപ്പ് എറണാകുളത്ത് സംഘടിപ്പിച്ച ഗ്ലോബല്‍ മീറ്റ്, അദ്ധ്യാപകര്‍ക്കുളള ഗുരുമുദ്ര, വിക്ടേര്‍സ് ചാനല്‍, തലശേരിയിലെ അമ്മയും കുഞ്ഞും ആശുപത്രി തുടങ്ങിയവയുടെ ലോഗോ ഷിബിനിന്റെ സര്‍ഗ്ഗ വാസനയില്‍ വിരിഞ്ഞവയാണ്. ലോഗോയിലൂടെ ലോകമറിഞ്ഞവന് എന്ന ഖ്യാതിയും ഷിബിന്‍ സ്വന്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: