എറണാകുളം ജില്ലയില്‍ പഴന്തോട്ടത്തിനടുത്ത് വെമ്പിളിയില്‍ വീപ്പനാത്ത് പത്രോസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് വര്‍ഷം 11 കഴിഞ്ഞിരിക്കുന്നു.പരിസ്ഥിതിയും അത് നേരിടുന്ന വെല്ലുവിളിയും ആണല്ലോ ഇന്നത്തെ പ്രശ്നം. 1980 കാലഘട്ടം മുതല്ക്കേ സാധാരണ കര്‍ഷകനായിട്ടിരിക്കുമ്പോഴും പത്രോസ് പരിസ്ഥിതിയുടെ അപ്പോസ്തലനായിരുന്നു. ഭൂമിയിലുള്ള സസ്യജന്തുജാലങ്ങളും മറ്റു അചേതന വസ്തുക്കളും മുഴുവന്‍ ഈശ്വരസൃഷ്ടിയാണെന്നും ഇവയെ നശിപ്പിക്കുവാനുള്ള അവകാശം മനുഷ്യര്‍ക്ക് കൈവന്നിട്ടില്ല എന്നും അദ്ദേഹം വാദിച്ചിരുന്നു.
ശ്രീബുദ്ധന്റെയും വര്‍ദ്ധമാന മഹാവീരന്റെയും ജീവിതദര്‍ശനം സ്വന്തം ജീവിതത്തില്‍ പകര്‍ത്തുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു പത്രോസിന്റേത്. സ്വന്തം കൃഷിയിടങ്ങളില്‍ രാസവസ്തുക്കളും കീടനാശിനികളും ഉപയോഗിക്കാത്ത, കര്‍ഷകനാകാന്‍ അന്ന് കഴിഞ്ഞിരുന്നു. പത്രോസിന്റെ വാക്കുകളില്‍ പരിസ്ഥിതിയുടെ തനതായ സംരക്ഷണം നിറഞ്ഞുനിന്നിരുന്നു. കീടനാശിനികള്‍ ഉപയോഗിച്ച് കൃഷി നടത്തുന്നതിനെ ചോദ്യം ചെയ്തിരുന്ന, പത്രോസിനെ നാം ഓര്‍ക്കുന്നുണ്ടാവും.
ഇന്ന് ലോകമെമ്പാടും കീടനാശിനികള്‍ ഉപയോഗിക്കാതെയുള്ള ജൈവകൃഷിയിലേക്കു നീങ്ങുന്ന കാഴ്ചയാണല്ലോ നാം കാണുന്നത്. ചിപ്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകനായിട്ടുള്ള സുന്ദര്‍ലാല്‍ ബഹുഗുണയുടെ ആരാധകനായിരുന്ന പത്രോസ്, ഈ പ്രസ്ഥാനത്തിന്റെ പരിപാടികളില്‍ സജീവമായി നിന്നിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ ‘പ്രാണിരക്ഷക്.’ എന്ന് നാമകരണം ചെയ്ത് വിളിച്ചു.
വനങ്ങള്‍, കോടാനുകോടി വരുന്ന സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രങ്ങളാണെന്നുള്ള ശാസ്ത്രസത്യം മനസ്സിലാക്കി കേരളത്തില്‍ വനങ്ങള്‍ വെട്ടിനശിപ്പിക്കുന്നതിനെതിരെയുള്ള സമരങ്ങളില്‍ പത്രോസ്-മുന്‍നിരയിലുണ്ടായിരുന്നു. സ്വന്തം പുരയിടത്തില്‍, സര്‍പ്പക്കാവുകള്‍ വച്ചുപിടിപ്പിച്ച് നിലനിര്‍ത്തി. ഇപ്പോള്‍ ശാസ്ത്രലോകം സര്‍പ്പക്കാവുകളുടെ പ്രസക്തിയെപ്പറ്റി പറയുന്നു. ഇഴജന്തുക്കള്‍, പക്ഷികള്‍, സസ്യങ്ങള്‍ ഇവ പ്രകൃതിയുടെ പ്രതിബിംബങ്ങളാണെന്നും അവ സംരക്ഷിക്കപ്പെടണം എന്ന വൈദിക കാലം മുതല്‍ ഭാരതീയര്‍ക്ക് ഉണ്ടായിരുന്ന ജ്ഞാനം ഈ സാധാരണക്കാരന് മനസ്സിലാക്കിയിരുന്നു.
ഇന്നിപ്പോള്‍ കാര്‍ഷിക ഭാരതത്തില്‍ കീടങ്ങളെ നിയന്ത്രിക്കല്‍ ഏറ്റവും വലിയ ഭീഷണിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഉരഗങ്ങളും കാട്ടുപക്ഷികളും കീടങ്ങളെ കൊന്ന് നശിപ്പിച്ചിരുന്നു. കുരങ്ങുകള്‍, വവ്വാലുകള്‍ ഇവയൊക്കെ ഈ കാവുകളിലെ പ്രധാന താമസക്കാരാണ്. വിളകളെ നശിപ്പിക്കുന്ന ജീവികളെ പറ്റമായി വന്ന് ഇത്തരം കാവുകളിലെ പക്ഷികള്‍ ആഹാരമാക്കിയിരുന്നു.
പശ്ചിമഘട്ടത്തിലെ സ്വാഭാവിക വനപ്രദേശമായ സൈലന്റ്വാലിയില് ലോകത്തിലെ ഏറ്റവും കൂടുതല്‍ ജൈവസമ്പത്തുള്ള പ്രദേശമാണ്. സൈലന്റ് വാലി വെട്ടി നശിപ്പിക്കുന്നതിനെതിരെയുള്ള പ്രക്ഷോഭങ്ങളിലും കോടതി വ്യവഹാരങ്ങളിലും പത്രോസ് കക്ഷിയായിരുന്നു. വനങ്ങളെ കണക്കില്ലാതെ വെട്ടിനശിപ്പിച്ചതിന്റെ ഭവിഷ്യത്ത് ഇന്ന് ലോകം കാണുന്നു. ഭൂമിയുടെ ആവരണമായ ‘ഓസോണ്‍’ പാളിയിലുണ്ടായിട്ടുള്ള വിള്ളലുകള്‍.
സൂര്യനിന്നുള്ള അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ ഭൂമിയില്‍ പതിക്കുവാന്‍ ഇടവരുത്തുന്നു. അത് ഭൂമിയുടെ നാശത്തിലേക്കാണ് എത്തിക്കുന്നത്. ആധുനികതയുടെ സംഭാവനകളായ വ്യവസായശാലകള്‍, വാഹനങ്ങള്‍ എന്നിവയില്‍ക്കൂടി അന്തരീക്ഷത്തില്‍ വര്‍ധിക്കുന്ന കാര്‍ബണ്‍ഡൈഓക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ് എന്നീ വാതകങ്ങള്‍ ആഗോള താപീകരണത്തിലേക്ക് വഴിവയ്ക്കുന്നു. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകി, കര കടലാകുന്നത് ഇന്ന് ശാസ്ത്രലോകത്തിന് ഭീഷണിയാണല്ലോ.
ഭാരത ചരിത്രത്തില്‍ ”അശോകചക്രവര്‍ത്തിയുടെ ഭരണകാലത്ത് ശിലാലിഖിതങ്ങളില്‍ ”സംരക്ഷിക്കപ്പെടേണ്ടതായ പക്ഷികള്‍, മൃഗങ്ങള്‍, വൃക്ഷങ്ങള്‍ എന്നിവയെ രാജശാസനയായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരത ഭരണഘടനയുടെ അനുച്ഛേദം ’48 എ’ല്‍ വനസംരക്ഷണം പൗരന്മാരുടെ ധര്‍മമായി എഴുതിവച്ചിരിക്കുന്നു.ഇന്ന് ഭാരത സര്‍ക്കാര്‍ പരിസ്ഥിതിയുടെ നിലനില്‍പ്പിനും പഠനത്തിനുമായി വകുപ്പ് രൂപീകരിച്ച് ലക്ഷക്കണക്കിന് രൂപ അതിന് മാത്രം ചെലവഴിക്കുന്നു. അടുത്തകാലത്ത് കേന്ദ്രഗവണ്മെന്റ് നിയമിച്ച ഗാഡ്ഗില്‍ കമ്മീഷനും പിന്നീട് കസ്തൂരിരംഗന്‍ കമ്മീഷനും പരിസ്ഥിതിലോല പ്രദേശങ്ങളുടെ സംരക്ഷണമാണല്ലോ കര്‍ക്കശമായി നിര്‍ദ്ദേശിക്കുന്നത്.
പത്രോസ് എന്ന് അധികം അറിയപ്പാടാതിരുന്ന ആ മനുഷ്യന്, വര്‍ഷങ്ങള്‍ക്ക് മുമ്പേ ലോകത്തിന് മുമ്പേ ഈ സന്ദേശം പകര്‍ന്നുകൊടുത്തിരുന്നത്, കുറെ മനുഷ്യര്‍ക്കെങ്കിലും ബോധ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ബഹുമതികളുടേയും അവാര്‍ഡുകളുടേയും കാലഘട്ടമാണല്ലോ. പ്രതിഫലേച്ഛ കൂടാതെ പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതി ഉപാസനയ്ക്കുംവേണ്ടി ജീവിച്ചിരുന്നു. പത്രോസ്, ഇന്ന് പരിസ്ഥിതി പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡിനര്‍ഹരാകുന്ന ശ്രേണിയില്‍ തീര്‍ച്ചയായും ഒന്നാമനാണെന്നതിനാല്‍ സംശയം വേണ്ട.
മരിക്കുന്നതിന് മുമ്പ് മഹാത്മാ അമൃതോദേവിയുടെ ഒരു ക്ഷേത്രം പിണര്‍വുകുടിയില്‍ പത്രോസ് മുന്‍കൈ എടുത്ത് സ്ഥാപിച്ചിരുന്നു. മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തിന്റെ ഉദാത്തമായ ആള് രൂപമായിരുന്നു എം.പി.പത്രോസ്. തുളസിയുടെ മാഹാത്മ്യം ബോധ്യപ്പെടുത്താന്‍, ചെവിയില്‍ തുളസിക്കതിര് ചൂടാന്‍. ആ മനുഷ്യന് മടിയുണ്ടായിരുന്നില്ല. മോക്ഷത്തിനായിരുന്നില്ല, മറിച്ച് പ്രകൃതിയിലെ വരദാനങ്ങളായ ഔഷധസസ്യങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുക എന്നതായിരുന്നു ദൗത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: