സാധാരണക്കാരനെപ്പോലെ നമ്മോടൊപ്പം നടന്ന്; തന്റെ വാക്കിലും വരികളിലും ദാര്‍ശനികതയുടെ വിജ്ഞാനക്കയങ്ങളെ സൃഷ്ടിച്ച കവിയാണ് കുഞ്ഞുണ്ണി. താന്‍ പറഞ്ഞുവെച്ചതിനെ പിന്തുടരുന്ന അനുവാചകന് ആശയ പ്രപഞ്ചങ്ങളുടെ മാസ്മരിക ചരടുകളില്‍ ഊഞ്ഞാലാടിയാനന്ദിക്കുവാനനുവാദം തന്ന കുഞ്ഞുണ്ണി മാഷ്. നമ്മുടെ മുന്നിലെന്നും അദ്ദേഹം കാലാതീതനായി നിലകൊള്ളുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ഒരു കവിത ഇവിടെ പുനര്‍ വായനയ്ക്കെടുക്കുന്നു.
ഞാനൊരു കാക്കവി
പെണ്ണര കണ്ടിട്ടില്ലാത്തതിനാലാവാം
കണ്ടുകഴിഞ്ഞാല്‍
ഞാനൊരരക്കവിയാമോ
അഥവാ
വെറുമൊരരയ്ക്കാക്കവിയാമോ”
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി ഉപനിഷദ് തത്വങ്ങളില്‍ ഊളിയിട്ടിറങ്ങിയെഴുതിയ കുറിപ്പുകളിലൂടെ രസകരമായി ചിന്തിപ്പിക്കുന്ന അദ്ദേഹം പറയുന്നത് “ഞാനൊരു കാക്കവി” എന്നാണ്. മഹാജ്ഞാനിയായ കവിയുടെ മനസ്സിന്റെയെളിമ നമുക്കിവിടെ ബോദ്ധ്യമാകുന്നു. ഭാഷാപിതാവായ കവി തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്‍ രാമായണത്തിലൂടെ നമ്മോട് പറഞ്ഞിട്ടുണ്ട്. “പാദ സേവകനായ ഭക്തനാം ദാസന് ബ്രഹ്മപാദജനജ്ഞാനിനാമാദ്യനായുള്ളോരു ഞാന്‍”. അതായത് ബ്രഹ്മജ്ഞാനിയായിരുന്നിട്ടും, ആചാര്യനിവിടെ ആത്മഗതം ചെയ്യുന്നത് പാദസേവകനും ഭക്തനും ദാസനും അറിവില്ലാത്തവരില്‍ മുമ്പനുമാണ് ഞാന്‍ എന്നാണ്. ഇത് ഋഷിമനസ്സുള്ളവര്‍ക്കെ പറയാന്‍ കഴിയൂ. കുഞ്ഞുണ്ണിയും ഇതുതന്നെ പറയുന്നു.
പെണ്ണര കണ്ടിട്ടില്ലാത്തതിനാലാകാം എന്ന അടുത്തവരിയില്‍ പെണ്‍പാതിയേയും, പെണ്ണിനേയും, പെണ്ണിന്റെ ജൈവ ഘടനയേയും, പെണ്‍സത്തയേയും, എന്തിനേറെ പെണ് ദാര്‍ശനികതയെ അപ്പാടെ ആവാഹനം നടത്തി ആ കവിതയിലാകെയൊരു മാന്ത്രിക സ്പന്ദനം സൃഷ്ടിക്കുകയാണ് കവി.
പെണ്ണ്! അവള് ജീവ നിലനില്പിന്റെ ആധാരം, അതിനാല്‍ പെണ്ണിനെ മാനിക്കണമെന്ന് മാനവരോട് ഭാരതീയാചാര്യന്മാര് പറഞ്ഞു. അവിടെ തുടങ്ങി സനാതന ധര്‍മ്മത്തിന്റെ തായ്വേര്. സ്ത്രീ ഭാരതീയന് അമ്മയാണ്. അതിനുശേഷമാണ് മറ്റെന്തും. അതുകൊണ്ട് ചിന്ന നാരിയെവരെ അമ്മയെന്നു വിളിച്ചു. അമ്മയെന്ന വാക്കിനര്‍ത്ഥം എല്ലാം അറിയുന്നവള്‍ എന്നാണ്. എങ്കില്‍ ആ അമ്മ ഗുരുവാണ്. ഗുരു പരിപൂര്‍ണ്ണയാണ്. ഇങ്ങനെയുള്ള അമ്മ നമുക്ക് നഷ്ടമായാല്‍ പെണ്ണ് പാതിയായി മാറും. പെണ്ണരയാകും.”
മനുഷ്യരായി പിറന്നാല്‍ ആണായാലും പെണ്ണായാലും രണ്ട് തലമുണ്ട്. ഒന്ന് എല്ലാ ജീവജാലങ്ങളെപ്പോലെ ജൈവസ്വഭാവത്താല്‍ ആഹാര നിദ്രാ മൈഥുനാദികളോടെയുള്ള ജീവിതം. രണ്ടാമത്തേത് തന്നില്‍ തന്നെയുള്ള പൂര്‍ണ്ണതയെ സാക്ഷാത്കരിച്ച് ആനന്ദമനുഭവിക്കുക. ഒന്നാമത്തേത് എല്ലാവര്ക്കും എളുപ്പം നേടാനാകുമെങ്കില്‍, അടുത്തത് നേടാനത്രയെളുപ്പമല്ല. എങ്കിലും ഇതുരണ്ടും എന്താണെന്ന് മനസ്സിലാക്കിയവരാണ് ജൈവപൂര്‍ണ്ണതയിലെത്തിയവര്‍. അവര്‍ തികച്ചും സംസ്കാര സമ്പന്നരാണ്. ഇത്തരം ജൈവ പൂര്‍ണ്ണരാകണം നമ്മുടെ അമ്മമാര്‍. അപ്പോള്‍ ഓരോ കുടുംബത്തിലും അമ്മ ഗുരുവായി മാറും. അവിടെ ശുചിത്വം, അച്ചടക്കം, അനുസരണ, പൂര്‍ണ്ണാരോഗ്യം, ദയ, കാരുണ്യം, ഭക്തി, സ്നേഹം, സന്തോഷം, സത്യം, ധര്‍മ്മം, ആനന്ദം തുടങ്ങിയ നല്ല ഭാവങ്ങളെ ഉണ്ടാക്കിയെടുക്കുവാന്‍ കഴിയും. ഇതിനുപകരം ജൈവസ്വഭാവത്തില്‍ മാത്രം നാം ജീവിച്ചാല്‍; ഇന്ദ്രിയ പൂര്‍ത്തീകരണത്തിനുള്ള കാമക്രോധമോഹാദി പ്രകടനങ്ങളാല്‍ ദുരിത പൂര്‍ണ്ണമായിരിക്കും ഗൃഹാന്തരീക്ഷം.
അവിടെ ശാന്തിയും സമാധാനവും നഷ്ടപ്പെട്ട് അസ്വസ്ഥതകളും മരണവുമായിരിക്കും ഫലം. ഇവിടെ പെണ്ണരയും ആണരയുമാണുണ്ടാകുന്നത്; പെണ്‍പൂര്‍ണ്ണതയും ആണ്‍പൂര്‍ണ്ണതയും ഇല്ലാതാകുന്നു. ഇത് നമുക്ക് അരോചകമാണ്. സമൂഹത്തെ ഇത് നാശത്തിലേയ്ക്ക് നയിക്കും. ഇത് സംസ്കാരമല്ല. പ്രകൃതിയെ വികൃതിയാക്കലാണ്. അതുകൊണ്ട് പെണ് പൂര്‍ണ്ണതയെ-ഗുരുവിനെ-അമ്മയെ നമുക്ക് നഷ്ടമായിടത്തുനിന്ന് നാം വീണ്ടെടുക്കണം. അതാണ്
ഭാരതീയസംസ്കാരം.
ഞാനൊരു കാക്കവി
പെണ്ണര കണ്ടിട്ടില്ലാത്തതിനാലാവാം
കണ്ടുകഴിഞ്ഞാല്‍
ഞാനൊരരക്കവിയാമോ”
എന്ന് കവി പറയുന്നിടത്ത് തന്നെത്തന്നെ സമൂഹത്തിന്റെ പ്രതീകമാക്കുകയാണ്. അതായത് അല്പജ്ഞാനിയായ ഒരാള്‍ക്ക് വിജ്ഞാനിയാകണമെങ്കില്‍ പെണ്‍പൂര്‍ണ്ണതയ്ക്കുകീഴില്‍ വളരണമെന്നൊരു സൂചന ഇതിലുണ്ട്. അങ്ങനെയാകുമ്പോഴെ സ്ത്രീത്വത്തെ മാനിച്ച് ജീവിക്കുന്നവരായി അവര്‍ മാറുകയുള്ളു. അത്തരക്കാര്‍ക്കെ സമൂഹത്തിന് നേര്‍വഴി കാണിക്കാന്‍ കഴിയൂ. “പെണ്ണര കണ്ടുകഴിഞ്ഞാല്‍ ഞാനൊരരക്കവിയാമോ” എന്ന കവി ചോദ്യം.
ഭൗതിക തൃഷ്ണയുള്ള ആണ്‍മനസ്സിന്റെ അപകര്‍ഷതാ ബോധത്തിലേയ്ക്കും, സര്‍ഗ്ഗ ചേതനയാലുണ്ടാകുന്ന ജ്ഞാനാനുഭൂതിയിലേയ്ക്കും ഒരേ സമയം വൈരുദ്ധ്യാത്മകമായി നമ്മെ നയിക്കുന്നു. ഈ രണ്ട് വ്യത്യസ്ത ചിന്തകളെ കൂട്ടിയിടിപ്പിച്ച് ഒരാശയ വിസ്ഫോടനത്തിന്റെ പ്രകമ്പനങ്ങളുണ്ടാക്കുകയാണ് കവിയുടെ അടുത്തവരി ചെയ്യുന്നത്. അതായത് “അഥവാ വെറുമൊരരയ്ക്കാക്കവിയാമോ” എന്നത്. ഇതിലൂടെ ഭൗതിക തൃഷ്ണയാല് ഒരു തകര്‍ച്ച വേണോ ജ്ഞാനാനുഭൂതി കൊണ്ടൊരുയര്‍ച്ച വേണോ. ഇതിലേതാണ് നാം തെരഞ്ഞെടുക്കേണ്ടതെന്ന് കവി സമൂഹത്തോട് ചോദിക്കുന്നു.
ആനുകാലിക സംഭവങ്ങളിലേയ്ക്കൊരെത്തിനോട്ടം നടത്തിയാല്‍ ഭൗതിക ദുരാഗ്രഹം കൊണ്ടൊരു തകര്‍ച്ച നാം സ്വയം തെരഞ്ഞെടുക്കുന്നതായി കണ്ടുവരുന്നുണ്ട്. അതില്‍ പെണ്ണരയും ഇടം പിടിക്കുന്നു വെന്നത് ഏറെ ദുഃഖകരമാണ്. ഒരു പെണ്‍കുട്ടി രജസ്വലയാകുന്നത് മംഗളകര്‍മ്മമായി ആഘോഷത്തോടെ ആചരിക്കുന്ന സമൂഹമാണ് നമ്മുടേത്. അതിനുമുമ്പ് ബാലികയ്ക്കൊരു ഉടുത്തുകല്യാണം നടത്തി അവളെ മാനസികമായി പരിപക്വമാക്കാന്‍ സഹായിക്കുന്ന മറ്റൊരു മംഗളകര്‍മ്മവും പണ്ട് മുതല്‍ നാം നടത്തിവരാറുണ്ട്. ഇത് രണ്ടും ശുചിത്വബോധത്തോടെ മനസ്സും ശരീരവും കാത്തുസൂക്ഷിച്ച് സ്വയം പെണ് ശാക്തീകരണത്തിലേയ്ക്ക് – മാതൃഭാവത്തിലേയ്ക്ക് ചവിട്ടിക്കയറാനുള്ള അടിയുറപ്പുള്ള ചുവടുകളായിരുന്നു.
ആ ചുവടുകളിലെ മഹത്തരമായ ആശയങ്ങളെ ഇന്ന് വിവരദോഷം കൊണ്ട് ചിലര്‍ മാന്തിപ്പൊളിക്കുകയാണ്. ആധുനിക ജീവിതം നമുക്കാവശ്യമാണ്. അതുകൊണ്ട് ശൗചത്തെ നാം അന്യവല്‍ക്കരിക്കേണ്ടതുണ്ടോ?ഭാരതീയ സംസ്കാരത്തില്‍ ശുചിത്വത്തിന് ഏറെ പ്രാധാന്യമുണ്ട്. മനുഷ്യന് തൃഷ്ണയില്‍ നിന്ന് പൂര്‍ണ്ണതയിലേക്കെത്തണമെങ്കില്‍ മനുഷ്യന്റെ ശരീരം, ആഹാരം, കര്‍മ്മം, ഇന്ദ്രിയകാമം, അഹങ്കാരം, ബുദ്ധി, മനസ്സ്, ചിത്തം എന്നിവയ്ക്ക് ബാഹ്യാന്തരിക ശുചിത്വം ആവശ്യമാണ്. ഇതിലധിഷ്ഠിതമാണ് നമ്മുടെ ജീവിതചര്യകള്‍. ഇതിനെ വെല്ലുവിളിച്ചുകൊണ്ടാകരുത് നമ്മുടെ സംവാദങ്ങളൊന്നും. ഈ വര്‍ഷം ജനുവരിയില്‍ കേരളത്തിലെ ചില ദൃശ്യശ്രാവ്യ-അച്ചടി മാധ്യമങ്ങള്‍ ചര്‍ച്ചയ്ക്കെടുത്തത് “ആര്‍ത്തവം ആര്‍ക്കാണശുദ്ധി”? പോലുള്ള വിഷയങ്ങളായിരുന്നു.
അവിടെ പലരും ആവേശം കാണിച്ചത് ഭാരതീയ സംസ്കാരത്തിനുനേരെ ചെളിയെറിയാനാണ്; അതിനുപകരം സ്ത്രീകള്‍ വിദ്യാഭ്യാസ-തൊഴിലിടങ്ങളില്‍ അനുഭവിക്കുന്ന ദുരിത സാഹചര്യങ്ങളെ ക്രിയാത്മകമായി പരിഹരിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചായിരുന്നില്ല. ഇത്തരം അധമബോധത്തില് നിന്നുള്ള ചര്‍ച്ചകള്‍ ആധുനിക സാംസ്കാരിക ഭാരതത്തിന് ഉചിതമാവുകയില്ല. ശരീരത്തിലെ ഏതു വിസര്‍ജ്ജ്യവും ശൗചം ചെയ്ത് നാം ശുദ്ധമാകുമ്പോഴെ അന്നവസ്ത്രാദി സ്വീകരിച്ച് നമുക്ക് കര്‍മ്മനിരതരാകുവാന്‍ സാധിക്കൂ.
മാതൃത്വത്തെ മാനിക്കുന്നതുപോലെ ശുചിത്വത്തേയും നാം ആദരിക്കണം.
ഭാരതീയ സംസ്കാരം മുറുകെപിടിച്ച് ആധുനിക ശുചിത്വഭാരതത്തെ സൃഷ്ടിക്കുവാന്‍ കര്‍മ്മനിരതനായിരിക്കുന്നു നരേന്ദ്രമോദിയെന്ന്”, നമ്മുടെ പ്രധാനമന്ത്രിയെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ടൈംസ് മാഗസിനിലൂടെ ലോകത്തോടു വിളിച്ചു പറയുമ്പോള്‍ നമുക്കും അധമബോധം മാറ്റിവെച്ച് ഈ മാറ്റത്തിനുവേണ്ടി പ്രയത്നിച്ചുകൂടെ; കവിയുടെ ആശയത്തോടൊപ്പം.
അരയറിയില്ലെന്നറിയിച്ച കവിയുടെ വാക്കിനോടും
അറിയാത്തയരയറിഞ്ഞു മുഴുവനറിയണ-
മെന്നറിയിച്ച കവിയുടെ ആശയത്തോടും
നമുക്കിനിയും മനസ്സാക്ഷികൊണ്ടൊന്നു സംവദിക്കാം.
(കുറിപ്പ്: അരയ്ക്കാ = കാല്‍ഭാഗത്തിന്റെ പകുതി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: