വിദ്യാഭ്യാസത്തില്‍ ഒരഭ്യാസം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് നമുക്കറിയാം. ഓരോരുത്തരും അത് ഓരോ രീതിയില്‍ പ്രയോഗിക്കുന്നു എന്നേയുള്ളു. മൊത്തക്കച്ചവടം നടത്തുന്നവര്‍ അഭ്യാസത്തിന്റെ സകല പൂഴിക്കടകന്‍ അടവും പയറ്റിത്തെളിഞ്ഞവരത്രെ.
അല്ലാത്തവര്‍ ആയതിന് കഠിന ശ്രമം നടത്തും. ചിലപ്പോള്‍ കരകയറും, മറ്റുചിലപ്പോള്‍ നിലയില്ലാക്കയത്തില്‍ താണ് കൈകാലിട്ടടിക്കും. രക്ഷപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചാലും നടക്കില്ല. രക്ഷിക്കാന്‍ ശ്രമിച്ചവര്‍ തന്നെ ശിക്ഷിക്കപ്പെടും. വല്ലാത്തൊരു അഭ്യാസത്തിന്റെതാണ് ഈ വിദ്യാഭ്യാസ മേഖല. ഇതിനെ വരുതിയിലാക്കിയാല്‍ ശേഷിച്ചവയെപ്പറ്റി പിന്നെ ചിന്തിക്കേണ്ട കാര്യമേയില്ല. അക്കാര്യത്തില്‍ നമ്മുടെ റബ്ബ്ക്ക ഒരു മാതിരിയൊക്കെ ചെയ്തു കഴിഞ്ഞു.
മറ്റൊരു വിദ്വാന് അഭ്യാസത്തിന്റെ കുറുക്കുവഴിയിലൂടെ പോകാന്‍ നോക്കുമ്പോഴാണ് അടിതെറ്റിയത്. ആള് വല്യ പുള്ളിയാണെങ്കിലും ഇപ്പോല്‍ നാലാളുകാണെ പുറത്തിറങ്ങാന്‍ പറ്റാത്ത പരുവത്തിലായി. നാടൊട്ടുക്കും ആരോപണപ്രത്യാരോപണങ്ങള്‍ കൊടികുത്തി വാഴുമ്പോഴും നമ്മുടെ സരിതാമാഡം ഒരു പ്രശ്നവും കൂടാതെ നെഞ്ചുവിരിച്ചു നടന്നിരുന്നു.
പോരാത്തതിന് മാധ്യമങ്ങളെ പോരു വിളിക്കുകയും ചെയ്തിരിരുന്നു. എന്നാല്‍ കാക്കിക്കുള്ളില്‍ കാര്യം കാണാന്‍ കയറിയിരിക്കുന്ന വിദ്വാന് ആയതിനൊന്നും കഴിയുന്നില്ല. അമ്മാതിരി പണിയാണല്ലോ ലവന് ഒപ്പിച്ചുവെച്ചിരിക്കുന്നത്. കോപ്പിയടി എന്ന സംഗതി ആധുനികമൊന്നുമല്ല. വിദ്യാഭ്യാസത്തിന്റെ പ്രൈമറിഘട്ടം മുതല്‍ അത് സജീവമാണ്.
കോപ്പിയടിക്കുക എന്നത് മ്ലേച്ഛമായ ഒരു സംഗതിയാണെന്ന് പറഞ്ഞുകൂട. പ്രത്യേകിച്ചും ഐപിഎസ് കിട്ടിയവര്‍ ആ പരിപാടിക്ക് ഇറങ്ങിത്തിരിച്ചിരിക്കുന്ന സ്ഥിതിക്ക് ചുള്ളന് മാന്യതയൊക്കെ മേപ്പടി സംഗതിക്ക് കിട്ടിക്കഴിഞ്ഞു. ഐജിയായാലും അതിനപ്പുറത്തുള്ളയാളായാലും ചില സംഗതികളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയാറാവില്ല. നേരത്തെ കോപ്പിയടി പിടിക്കാനുള്ള സര്‍വകലാശാലയുടെ ബന്ധപ്പെട്ട വിഭാഗത്തിന്റെ തലവനായിരുന്നു ഐപിഎസ് കോപ്പിയടിക്കാരന്. അന്ന് ഒരുപാട്പേരെ കുത്തിന് പിടിച്ച് കണക്കിന് കൊടുത്തിട്ടുണ്ട്.
അപ്പോഴും ഒരു കാര്യം ടിയാനെ സദാ അലട്ടിക്കൊണ്ടിരുന്നു. എങ്ങനെയാണീ കോപ്പിയടി? എല്ലാ തലത്തിലും ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തുന്ന ആളായതിനാല്‍ ടി കാര്യത്തിലും വിട്ടുവീഴ്ച പാടില്ലെന്ന് ശഠിച്ചു.അതിന്റെ റിഹേഴ്സല്‍ എന്ന നിലയില്‍ എല്‍എല്‍എം പരീക്ഷതന്നെയാകട്ടെ എന്നു കരുതി. സാധാരണ പരീക്ഷയെ പോലെ അല്ലല്ലോ മേപ്പടി സംഗതി. ഒരു മാന്യത ആരാണ് ആഗ്രഹിച്ചുപോകാത്തത്. വളരെ ശാസ്ത്രീയമായി കോപ്പിയടിക്കുന്നത് എങ്ങനെ കണ്ടെത്താം എന്ന പരീക്ഷണമാണ് ജോസച്ചായന്‍ നടപ്പിലാക്കാന്‍ നോക്കിയത്. സംഗതിവശാല്‍ ഇന്‍വിജിലേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് കാര്യം പിടികിട്ടിയില്ല. ഫലമോ? എല്ലാ പരീക്ഷണവും തകിടം മറിഞ്ഞു.
ഒരു പക്ഷേ, സര്‍വകലാശാലകളുടെ സുവര്‍ണാവസരമാവുമായിരുന്ന സ്ഥിതിഗതികള്‍ക്കാണ് ഉടനടി സ്തംഭനം വന്നത്. കോപ്പിയടിയുടെ സമവാക്യങ്ങള്‍ നിര്‍ധാരണം ചെയ്ത് നല്ല സ്വയമ്പന്‍ റിപ്പോര്‍ട്ട് ജോസ്ച്ചായന് സര്‍വകലാശാലക്ക് സമര്‍പ്പിക്കുമായിരുന്നു. ഇത്തരം സ്ഥാപനങ്ങളുടെ വസന്തകാലത്തിന്റെ വേരിലാണിപ്പോള്‍ തീകോരിയിട്ടിരിക്കുന്നത്? ഐപിഎസ് കിട്ടിയ ഒരുദ്യോഗസ്ഥനാണെന്ന പരിഗണന പോലുമില്ലാതെ ആ പാവത്തിനെ നിര്‍ത്തിപ്പൊരിക്കാന്‍ സര്‍വരും അഹമഹമികയാ വരുന്നതു കാണുമ്പോള്‍ കാലികവട്ടത്തിന് കണ്ണുനിറയുന്നു. ഈ ജനാധിപത്യ രാജ്യത്ത് മാനം മര്യാദയായി ഒരു കോപ്പിയടിപോലും നടത്താന്‍ കഴിയില്ലെങ്കില്‍ പിന്നെന്തോന്ന് ജനാധിപത്യം? ഒന്നുമില്ലെങ്കിലും ചോദ്യത്തിന്റെ ഉത്തരം കണിശമായി എഴുതണമെന്ന് കരുതിയതുകൊണ്ടാണല്ലോ ടിയാന് തുണ്ടുപേപ്പറില് എന്തൊക്കെയോ കുത്തിക്കുറിച്ചുകൊണ്ടു വന്നത് ! അതും ഒരു കഴിവല്ലേ? ഇന്ന ചോദ്യം ഉണ്ടാവുമെന്ന്് കരുതി അതിന്റെ ഉത്തരം മുന്‍കൂട്ടി തയാറാക്കുക എന്നുവെച്ചാല്‍ പ്രവചന സ്വഭാവം രക്തത്തില്‍ തിടംവെച്ചുതുള്ളുന്ന ഒരു ഓഫീസറാണ് അദ്യം എന്നല്ലേ കരുതേണ്ടത്? അതിന് ഇങ്ങനെ അപമാനിക്കുന്നത് ശരിയാണോ? എന്തെന്തൊക്കെ കഴിവുകളുള്ള വ്യക്തിയെയാണ് ഇങ്ങനെ മാറ്റിനിര്‍ത്തി അപമാനിക്കുന്നത്.
അതുകൊണ്ട് വിദ്യാഭ്യാസത്തിലെ അഭ്യാസം ശരിക്കും സ്വായത്തമാക്കിയ മേപ്പടി പുമാന് താമസംവിനാ ആ വകുപ്പിന്റെ പൂര്‍ണചുമതല കൈമാറണം. കഴിവുള്ളവനെ കാര്യമേല്‍പ്പിക്കണമെന്ന ആപ്തവാക്യം അത്ര പെട്ടെന്ന് മറക്കാനാവുമോ? മേലിലും ഇത്തരം കേമന്മാര് പുതുപുതു ശൈലികളുമായി പരീക്ഷാ ഹാളുകളില്‍ തങ്ങളുടെ കലാപരിപാടികള്‍ അഭംഗുരം തുടരട്ടെ. അതില്‍ നിന്നുള്ള മിടുക്കന്മാര്ക്ക് ആസ്ഥാന വിദ്വാന്‍പട്ടം നല്കി നമുക്കു ബഹുമാനിക്കാം. അങ്ങനെ നന്ദികെട്ടവരാവരുതല്ലോ നാം.
പരീക്ഷകളും പരീക്ഷണങ്ങളും സമൂഹത്തില്‍ എന്നും ഉണ്ടായിരുന്നു. ചിലര്‍ പതറി വീഴും മറ്റുചിലര്‍ പാറിപ്പോകും. വിപാസനധ്യാനം എന്ന പരീക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ കുമാരന് ഇപ്പോള്‍ കടുംവെട്ട് നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് കേള്‍വി. കര്‍ഷകര്‍ക്കു വേണ്ടി നാടു മുഴുക്കെ നടക്കുകയാണത്രെ. എങ്ങനെയെങ്കിലും നാലു വോട്ടു തേടാനുള്ള തന്ത്രത്തിന്റെ ഭാഗമായി നരേന്ദ്രഭായിക്കെതിരെ കത്തിക്കയറുന്നുണ്ട്.
വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് മൂലധനം മുടക്കാന്‍ കഴിവുള്ളവരെ ഭാരതത്തിലേക്ക് ക്ഷണിക്കുമ്പോള്‍ രാജകുമാരന് തീരെ സഹിക്കുന്നില്ല. കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കുകയാണ് സര്‍ക്കാര്‍ എന്ന ആരോപണവുമായി തേരാപാരാ കറങ്ങുകയാണ്. എവിടെയും ക്ലച്ചുപിടിക്കുന്നില്ല. മോദിയുടെ കോട്ട്വിവാദം വഴി ജനശ്രദ്ധ തിരിക്കാന്‍ നോക്കി. തനിക്ക് സമ്മാനമായി കിട്ടിയ കോട്ടു തന്നെ സമാജത്തിന്റെ ആവശ്യത്തിനു നല്കി മോദി തന്റെ സംസ്കാരം അനാവരണം ചെയ്തു. ഇപ്പോഴിതാ മറ്റൊരു കോട്ടിന്റെ പേരില്‍ രാജകുമാരന്റെ മമ്മി വിവാദത്തിലായിരിക്കുന്നു. പണ്ട് രാജീവിനൊപ്പം റഷ്യ സന്ദര്‍ശിച്ചപ്പോള്‍ വാങ്ങിയ കോട്ടാണ് വിവാദാസ്ത്രമായിരിക്കുന്നത്. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നൊക്കെ പറയുന്നത് ഇതിനെയാണാവോ ?
പ്രവചന സ്വഭാവമുണ്ടോ നമ്മുടെ പിസിച്ചായന്? ഈ സര്‍ക്കാര്‍ ഈ മഴക്കാലം വരെ എന്നാണ് അദ്യം മൊഴിയുന്നത്. കഴിഞ്ഞയാഴ്ചത്തെ കലാകൗമുദി യുടെ മുഖലേഖനമായി വന്ന പി.സി. ജോര്‍ജുമായുള്ള കൂടിക്കാഴ്ചയില്‍ അങ്ങനെ പറയുന്നു. അജയ് മുത്താനയുമായാണ് പിസി സംസാരിക്കുന്നത്. വെട്ടൊന്ന്, മുറി രണ്ട് പരുവത്തിലാണ് ടിയാന്റെ മറുപടികള്‍. ഇതാ ഒരു തീക്കൊള്ളി മറുപടി.
താങ്കള്‍ കൂടി മുന്‍കൈയെടുത്ത് ശക്തിപ്പെടുത്തിയ സര്‍ക്കാരിന്റെ ഭാവി പ്രവചിക്കാമോ എന്ന് ചോദ്യം. മറുപടി ഇങ്ങനെ: അന്ന് സര്‍ക്കാരിന് പ്രാണവായു പകരാന്‍ നീക്കം നടത്തിയ ഞാന്‍ തന്നെ പറയുന്നു, ഈ സര്‍ക്കാരിന് ഈ മഴക്കാലത്തിനപ്പുറം ആയുസ്സില്ല. ജൂലൈയ്ക്കപ്പുറം സര്‍ക്കാര്‍ പോകില്ല. ഞാന്‍ തന്നെയാണ് പറയുന്നത്. എഴുതിവച്ചോളു. അധികം കാലമില്ലല്ലോ. തണുപ്പുകാലത്ത് നമുക്കൊരു ചൂടുവാര്‍ത്തയ്ക്ക് സ്കോപ്പ്!
തൊട്ടുകൂട്ടാന്‍
നരചിന്തയിലേക്ക്
പ്രവേശിക്കുമ്പോള്‍
നാം വല്ലാതെ വയസ്സാകും
ഒരു ഊന്നുവടിക്കും
ഒരു തത്വശാസ്ത്രത്തിനും
രക്ഷിക്കാനാവാത്ത വിധം
ഹരിദാസ് ബാലകൃഷ്ണന്
കവിത. : നര
കലാകൗമുദി (മേയ് 10)
പ്രതികരിക്കാൻ ഇവിടെ എഴുതുക: