പാലക്കാട്: സംസ്ക്കാരം കലകളില്‍ മാത്രം ഒതുങ്ങിയതാണ് മാനുഷിക ബന്ധങ്ങളില്‍ വിള്ളലും അകല്‍ച്ചകളും സംഭവിക്കുന്നതെന്ന് സ്വാമി ഉദിത് ചൈതന്യ പറഞ്ഞു. വടക്കന്തറ ശ്രീ തിരുപുരായ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന ഭാഗവത ജ്ഞാന സപ്താഹ യജ്ഞത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വ്യക്തികള്‍ തമ്മിലുള്ള ബന്ധം നിലനില്ക്കുന്നതും നിലനിര്‍ത്തുന്നതും പെരുമാറ്റ സംസ്ക്കാരങ്ങളെ ആധാരമാക്കിയാണ്. ഇന്നത്തെ വിദ്യാഭ്യാസം പേഴ്സണാലിറ്റി ഡവലപ്മെന്റ് എന്നപേരില്‍ മനുഷ്യനെ കപട സംസ്ക്കാരകാരനാക്കി മാറ്റുന്നു. പ്രവര്‍ത്തനമേഖലയില്‍ ഒരു സംസ്ക്കാരവും വ്യക്തി ജീവിതത്തില്‍ മറ്റൊരു സംസ്ക്കാരവും കൊണ്ടുനടക്കുന്ന മനുഷ്യന് പുറമേയുള്ളവര്‍ക്കു നല്ലവനും വീട്ടിലുള്ളവര്‍ക്ക് ക്രൂരനുമായി തീരുന്നു. മനുഷ്യന്റെ പെരുമാറ്റം സംബന്ധിച്ച് സംസ്ക്കാരത്തിലൂന്നിയ മനുഷ്യബന്ധങ്ങളിലുണ്ടാവുന്ന സംസ്ക്കാരത്തിലൂന്നിയ ഒരു വിദ്യാഭ്യാസം അനിവാര്യമായിരിക്കുന്നു.
ഉറ്റ സുഹൃത്തുക്കളെ പോലും ചതിക്കുവാനും മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും പേരില്‍ ദ്രോഹിക്കുവാനും യുവസമൂഹം വഴിതെറ്റിപോകുവാന്‍ കാരണം ഈ രംഗത്ത് വിദ്യാഭ്യാസ മേഖലയിലുണ്ടായ അധപതനമാണ്. പ്രകൃതിയിലെ മൂലകങ്ങളെക്കുറിച്ചുള്ള രസതന്ത്രവിജ്ഞാനം ഓരോ വസ്തുക്കളുടേയും സ്വഭാവത്തെക്കുറിച്ച് വര്‍ണ്ണിക്കുമ്പോള്‍ മനുഷ്യസംസ്ക്കാരത്തെ അവഗണിക്കുന്ന വിദ്യാഭ്യാസത്തെ നാം എന്ത് പേരുവിളിക്കണം. ഇവിടെയാണ് ഭാഗവതസപ്താഹത്തിന്റെ പ്രസക്തി.
അച്ഛനോടും അമ്മയോടും സഹജീവികളോടും സമൂഹത്തോടുമൊക്കെയുള്ള പെരുമാറ്റം ഒരു മനുഷ്യന്റെ ജീവിതവിജയത്തിന് എത്രകണ്ട് അനിവാര്യമാണെന്ന് ഭാഗവതം കാണിച്ചുതരുന്നു. അത്തരം വ്യക്തികളെ സമൂഹം എന്നും ആദരിക്കുകയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. മനുഷ്യമനസ്സുകളില്‍ നല്ല പെരുമാറ്റ സംസ്ക്കാരം വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്നിടത്താണ് അക്രമവും തീവ്രവാദവും ക്രൂരതയും ഇല്ലാത്ത ഒരു സമൂഹത്തെ നമുക്ക് വാര്‍ത്തെടുക്കുവാന്‍ സാധിക്കുക.
പണമോ പ്രതാപമോ, സ്ഥാനമോ, അധികാരമോ അല്ല ഒരു മനുഷ്യനെ മനുഷ്യമനസ്സുകളില്‍ പ്രതിഷ്ഠിക്കുന്നത്. വിനയവും ആദരവും നിറഞ്ഞ സ്വഭാവസംസ്ക്കാരം തന്നെയാണ്. ദൈവത്തിന്റെ പേരില്‍ മനുഷ്യനെ ഭയപ്പെടുത്തുകയും ക്രൂരത കയ്യിലെടുക്കുവാന്‍ സ്വതന്ത്ര്യവും അനുവദിക്കുന്ന ഈകാലഘട്ടത്തില് സ്വഭാവ സംസ്ക്കാര സംഹിതയ്ക്ക് ഏറെ പ്രസക്തിയുണ്ട്. തളരുന്ന തന്റെ മാതാവിന്റെ മനസ്സിനെ സ്നേഹാദര ആത്മീയ ശക്തികൊണ്ട് ഉയര്‍ത്തിയ സംസ്ക്കാര സമ്പന്നനായ കപിലന്റെ കഥാഭാഗം വര്‍ണ്ണിച്ചുകൊണ്ട് സ്വാമി പ്രഭാഷണം നടത്തുകയായിരുന്നു.
ഇന്ന് യജ്ഞവേദിയില്‍ തന്റെ മക്കള്‍ക്ക് യഥാര്‍ത്ഥ ജീവിത ദര്‍ശനം പകരുന്ന ഋഷഭന്റെ അച്ഛനും മക്കളും തമ്മിലുള്ള സംവാദം, ഭരതന്റെ ചരിതം, അജാമ്യളചരിതം, നരസിംഹാവതാരം എന്നിഭാഗങ്ങളാണ് പാരായണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: