ഏലൂര്‍: രോഗികള്‍ക്ക് ആശ്വാസമാകേണ്ട ഇഎസ്ഐയുടെ റഫറല്‍ ആശുപത്രി ദുരിതം മാത്രം സമ്മാനിക്കുന്നതായി പരാതി. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ജനങ്ങള്‍ ആശ്രയിക്കുന്ന പാതാളത്തെ ഇഎസ്ഐയുടെ റഫറല്‍ ആശുപത്രിക്ക് സൗകര്യങ്ങള്‍ ഏറെയുണ്ടെങ്കിലും പ്രായോഗികമായി പ്രയോജനപ്പെടുത്തുന്നതില്‍ ബന്ധപ്പെട്ടര്‍ പരാജയപ്പെട്ടിരിക്കയാണ്. ഇവിടെ വരുന്ന രോഗികളെ അക്ഷരാര്‍ത്ഥത്തില്‍ വട്ടം കറക്കുന്ന സമീപനമാണ് ആശുപത്രി അധികൃതര്‍ സ്വീകരിക്കുന്നത്.
പാതാളം ജംഗ്ഷനില്‍ നിന്ന് 500 മീറ്റര്‍ മാറിയുളള ഇഎസ്ഐ ഡിസ്പെന്സറിയില് പോയി സ്പെഷലിസ്റ്റിനുളള കാര്‍ഡ് എടുത്ത് വീണ്ടും പാതാളത്തുളള ഇഎസ്ഐ ആശുപത്രിയില്‍ വന്ന് മണിക്കൂറുകളോളം കാത്തു നിന്നാല്‍ മാത്രമേ ഡോക്ടറെ കാണാന്‍ സാധിക്കുകയുള്ളു. ഡോക്ടര്‍ എഴുതിക്കൊടുത്ത മരുന്ന് വാങ്ങാന്‍ വീണ്ടും ഡിസ്പെന്സറിയില് ചെല്ലേണ്ട അവസ്ഥയാണ് ഇപ്പോഴുളളത്.
ഇഎസ്ഐ ലീവിനും മറ്റു കാര്യങ്ങള്‍ക്കും വീണ്ടും ഡിസ്പെന്സറിയില് നിന്ന് അര കിലോമീറ്റര്‍ യാത്ര ചെയ്ത് ലോക്കല്‍ ഓഫീസില്‍ എത്തണം. ഈ അവസ്ഥ പ്രായം ചെന്ന പല രോഗികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഏക്കര്‍ കണക്കിന് സ്ഥലവും, മുറികളും വെറുതെ കിടക്കുന്ന പാതാളം ഇഎസ്ഐ യിലേക്ക് ലോക്കല്‍ ഓഫീസും ഡിസ്പെന്‍സറിയും മാറ്റിയാല്‍ ഏറെ ഉപകാരമായിരിക്കുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ദിനംപ്രതി നൂറുക്കണക്കിന് രോഗികള്‍ വരുന്ന പാതാളം ഇഎസ്ഐയില്‍ ഡോക്ടര്‍മാരുടെയും സ്റ്റാഫിന്റെയും എണ്ണവും വളരെ കുറവാണ്.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടത്ര സ്ഥലം ഇവിടെ ഒരുക്കിയിട്ടുമില്ല. ഇത്രയും വലിയ ഇഎസ്ഐ ആശുപത്രിയായിട്ടും ഇവിടെ ഒരു മോര്ച്ചറിയില്ലാത്തതും അധികൃതരുടെ വീഴ്ച യായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആശുപത്രിയുടെ വിവിധ ഭാഗങ്ങളില്‍ പലതരത്തിലുളള മാലിന്യക്കൂമ്പാരങ്ങളും കാണാം. പാതാളം ഇഎസ്ഐ ആശുപത്രിയെ മികച്ച റഫറല്‍ കേന്ദ്രമാക്കാന്‍ ആരോഗ്യവകുപ്പും ബന്ധപ്പെട്ട അധികാരികളും അടിയന്തര നടപടിയെടുക്കണമെന്ന് ജനങ്ങളും രോഗികളും ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: