അഷ്‌ടൈശ്വര്യസ്വരൂപിണിയും ദേവീദേവന്മാരാലും വസുക്കളാലും സ്തുതിച്ച് പൂജിക്കപ്പെടുന്ന സന്താനവരദായിനിയായ ശ്രീബാലദുര്‍ഗ്ഗ വാണരുളുന്ന പുണ്യക്ഷേത്രമാണ് അണിയൂര്‍ ശ്രീദുര്‍ഗ്ഗാഭഗവതി ക്ഷേത്രം.
കേരളത്തിലെ 108 ദുര്‍ഗ്ഗാക്ഷേത്രങ്ങളില്‍ ഒന്നായ അണിയൂര്‍ ക്ഷേത്രം ശ്രീകാര്യം- പോത്തന്‍കോട് റോഡില്‍ ചെമ്പഴന്തിക്കു സമീപമാണ് സ്ഥിതിചെയ്യുന്നത്. കേരള നവോത്ഥാനത്തിന്റെ സൂര്യശോഭയായി മാറിയ വിഖ്യാത ആദ്ധ്യാത്മിക ആചാര്യന്മാരായ ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണ ഗുരുദേവന്റെയും ആദ്യ സംഗമ ഭൂമിയാണ് ഈ ക്ഷേത്രാങ്കണം.്.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള അണിയൂര്‍ ശ്രീ ദുര്‍ഗ്ഗാഭഗവതി ക്ഷേത്രം ചരിത്രപരമായ പല സന്ദര്‍ഭങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലഘട്ടത്തില്‍ എട്ടുവീട്ടില്‍ പിള്ളമാര്‍ വിശേഷ അവസരങ്ങളിലൊക്കെയും അണിഞ്ഞൊരുങ്ങിയിരുന്നത് ഈ ക്ഷേത്രസന്നിധിയിലാണ്. അതിനാലാണ് ഇവിടം അണിയൂര്‍ എന്ന് അറിയപ്പെട്ടത്. കൂടാതെ പണ്ട് ഈ ഭാഗങ്ങളിലൊക്കെ തന്നെയും കുശപ്പുല്ല് ധാരാളം വളരുന്ന പ്രദേശം എന്ന നിലയിലും (കുശ എന്നാല്‍ ദര്‍ഭ) അണികുശവൂര്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കാലക്രമേണ ആ പദം ലോപിച്ച് അണിയൂര്‍ എന്ന് നാമകരണം ചെയ്യപ്പെട്ടു.
മറ്റൊരു പ്രധാന ചടങ്ങ് വൃശ്ചികമാസ (മണ്ഡലമാസം) ത്തില്‍ നടത്തപ്പെടുന്ന കളമെഴുത്തും പാട്ടുമാണ്. വൃശ്ചിക മാസത്തിലെ കാര്‍ത്തികനാളാണ് ദേവിയുടെ ജന്മദിനമായി ആഘോഷിക്കുന്നത്. ആയതിനാല്‍ തൃക്കാര്‍ത്തിക സമുചിതമായി ആഘോഷിക്കുന്നു. കൂടാതെ കഴിഞ്ഞ രണ്ടുവര്‍ഷമായി ക്ഷേത്രത്തില്‍ കാര്‍ത്തികയോടനുബന്ധിച്ച് ഭാഗവത സപ്താഹ യജ്ഞവും നടന്നുവരുന്നു.
ക്ഷേത്രത്തില്‍ മഹാ ഗണപതി പ്രതിഷ്ഠ കൂടാതെ ശ്രീധര്‍മ്മ ശാസ്താവ് ഉപദേവനാണ്. ശ്രീ ചാമുണ്ഡിദേവിയുടെയും ശ്രീനാഗരാജാവിന്റെയും ശ്രീ ഭൂതത്താന്റെയും ആലയങ്ങളുമുണ്ട്. വിനായക ചതുര്‍ത്ഥി, കന്നിമാസ ആയില്യം, വിദ്യാരംഭം എന്നീ വിശേഷ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പ്രധാന പൂജാ ചടങ്ങുകള്‍ നടത്തപ്പെടുന്നു.
ഐതീഹ്യം
ക്ഷേത്രത്തിന്റെ ഐതീഹ്യം ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മത്തോട് ബന്ധപ്പെട്ടിരിക്കുന്നു. ആമ്പാടിയില്‍ യശോദയ്‌ക്ക് പെണ്‍കുഞ്ഞ് പിറന്ന സമയം തന്നെ മഥുരയില്‍ ദേവകിക്ക് ശ്രീകൃഷ്ണന്‍ പിറന്നു. കാരാഗൃഹത്തില്‍ പിറന്ന ശ്രീകൃഷ്ണനെ യശോദയുടെ ചാരത്തും പെണ്‍കുഞ്ഞിനെ ദേവകിയുടെ അരുകിലും മാറ്റി കിടത്തുകയുണ്ടായി. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് കാരാഗൃഹത്തിലെത്തിയ കംസന്‍ കുഞ്ഞ് ആണോ, പെണ്ണോ എന്ന് നോക്കാതെ ആ കുഞ്ഞിന്റെ കാലില്‍ പിടിച്ച് തൂക്കി പാറയിലടിക്കാന്‍ നോക്കിയ സമയം കംസന്റെ നെഞ്ചില്‍ ചവിട്ടി വായുവില്‍ ഉയര്‍ന്നു പൊങ്ങിയ കുഞ്ഞ് കംസനെ വധിക്കുവാനുള്ളവന്‍ ജന്മമെടുത്തുവെന്നും മറ്റൊരിടത്ത് അവന്‍ വളരുന്നുണ്ടെന്നും വെളിപ്പെടുത്തി.
ശ്രീകൃഷ്ണന്റെ മാതാവായ ദേവകി ഇതുകേട്ട് കോപിച്ച് തന്റെ പുത്രന്റെ ജന്മരഹസ്യം വെളിപ്പെടുത്തിയ നീ നിത്യകന്യകയായിതീരട്ടെ എന്ന് ശപിച്ചു. അങ്ങനെ ബാലദുര്‍ഗ്ഗാദേവി അണിയൂരില്‍ വാണരുളുന്നു.കുഞ്ഞുങ്ങളോട് വാത്സല്യമുള്ള ദേവി സന്താന വരദായിനിയാണ്. അതുകൊണ്ടുതന്നെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ‘ചെങ്കാല്‍ അഴക്’ എന്ന ചടങ്ങ് നടക്കുന്ന ഏകക്ഷേത്രം കൂടിയാണിത്. കുഞ്ഞുങ്ങള്‍ ഇല്ലാത്ത ദമ്പതികള്‍ ദേവിക്കുമുന്നിലെത്തി ചെങ്കാല്‍ അഴക് നേരുന്നു.
ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്ന് ഒരു വയസ്സ് ആകുന്നതിനു മുമ്പ്, അതായത് കുഞ്ഞുങ്ങള്‍ പിച്ചവച്ച് നടന്നു തുടങ്ങുന്നതിന് മുമ്പ്, ആ കുഞ്ഞിന്റെ ചുവന്ന പാദങ്ങള്‍ ദേവിയെ കാണിക്കുന്ന ചടങ്ങാണ് ചെങ്കാല്‍ അഴക്.പഞ്ചവാദ്യത്തിന്റെയും അഷ്ടമംഗല്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടി ക്ഷേത്രത്തില്‍ എത്തുന്ന കുഞ്ഞിനെ ക്ഷേത്രം വലംവച്ച് മൂന്നു പ്രാവശ്യം കുഞ്ഞിന്റെ കാല്‍പാദം ദേവിയെ കാണിച്ചശേഷം ദേവിക്കു മുന്നില്‍ പിടിപ്പണം വാരി ചടങ്ങ് അവസാനിക്കുന്നു. ദമ്പതികളുടെ സമ്പൂര്‍ണ്ണ വിവാഹ ജീവിതത്തിനും കുടുംബ ഐശ്വര്യത്തിനുമായി എല്ലാപേരും ഈ ചടങ്ങുകളില്‍ പങ്കാളികളാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: