ആലപ്പുഴ: ജില്ലയില്‍ ഓട്ടോറിക്ഷകള്‍ അമിതചാര്‍ജ് ഈടാക്കുന്നതു തടയാന്‍ മോട്ടോര്‍വാഹന വകുപ്പ് നടപടിയാരംഭിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബര്‍ 17ന് സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം അനുസരിച്ച് നിലവില്‍ വന്ന പുതുക്കിയ ഓട്ടോറിക്ഷ യാത്ര നിരക്ക് അറിയിപ്പ് സ്റ്റിക്കറായി മോട്ടോര്‍വാഹനകുപ്പ് പുറത്തിറക്കി. എല്ലാ ഓട്ടോറിക്ഷകളിലും ഇതു പതിക്കാനാണു തീരുമാനം. ഇതോടെ വ്യാപകമായി ഉയരുന്ന പരാതികള്‍ക്കു പരിഹാരമാകുമെന്നാണ് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
1.5 കി.മീറ്ററാണു മിനിമം ചാര്‍ജിനു പരിഗണിക്കുന്നത്. ഈ ദൂരത്തിന് 20 രൂപയാണു നിരക്ക്. 1.5 കി.മീറ്ററിനുശേഷം ഓരോ കിലോമീറ്ററിനും 10 രൂപ വീതമാണു നിരക്ക്. മടക്ക യാത്രയില്ലാതെ ഒരു ഭാഗത്തേക്കു മാത്രം യാത്ര ചെയ്യാന്‍ മീറ്ററില്‍ കാണുന്ന തുകയില്‍നിന്ന് മിനിമം ചാര്‍ജ് കുറച്ചുള്ള തുകയുടെ പകുതി കൂടി നല്‍കണം. രാത്രി 10 മുതല്‍ രാവിലെ അഞ്ചുവരെയുള്ള സമയത്ത് മീറ്ററില്‍ കാണുന്ന തുകയുടെ പകുതികൂടി നല്‍കാനും മോട്ടോര്‍വാഹന വകുപ്പ് നിര്‍ദേശിക്കുന്നു. നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന നിരക്ക് ഇപ്രകാരമാണ്. കിലോമീറ്റര്‍, യാത്രാനിരക്ക് എന്നീ ക്രമത്തില്‍:
1.5-20 രൂപ, 22-5, 2.5-30, 3.5-40, 4-45, 4.5-50, 5-55, 5.5-60, 6-65, 6.5-70, 7-75, 7.5-80, 8-85, 8.5-90, 9-95, 9.5-100, 10-105, 10.5-110, 11-115, 11.5-120, 12-125, 12.5-130, 13-135, 13.5-140, 14-145, 14.5-150, 15-155, 15.5-160, 16-165, 16.5-170, 17-175, 17.5-180, 18-185, 18.5-190, 19-195, 19.5-200, 20-205, 20.5-210, 21-215.
യാത്രാ സംബന്ധമായ പരാതികള്‍, വാഹനത്തിന്റെ നമ്പര്‍, തീയതി, യാത്ര ചെയ്ത സ്ഥലം, ദൂരം എന്നീ വിവരങ്ങള്‍ സഹിതം അടുത്തുള്ള പോലീസ് സ്റ്റേഷനിലോ മോട്ടോര്‍വാഹനവകുപ്പ് ഓഫീസിലോ പരാതിക്കാരുടെ മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം അറിയിക്കാനാണു സ്റ്റിക്കറിലെ അറിയിപ്പ്. ആലപ്പുഴ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ 0477 2253160 എന്ന ഫോണ്‍ നമ്പര്‍ പരാതികള്‍ അറിയിക്കാനായി ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. സ്റ്റിക്കറുകള്‍ പതിക്കാനായി മോട്ടോര്‍വാഹനവകുപ്പ് രംഗത്തിറങ്ങിക്കഴിഞ്ഞു. ഇതിന്റെ ജില്ലാതല ഉദ്ഘാടനം കഴിഞ്ഞദിവസം അമ്പലപ്പുഴ കച്ചേരിമുക്കിലെ ഓട്ടോറിക്ഷകളില്‍ സ്റ്റിക്കര്‍ പതിച്ചുകൊണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സജു നിര്‍വഹിച്ചു.
യാത്രക്കാര്‍ ഇരിക്കുന്ന സീറ്റിനരികിലാണ് ഇത് പതിക്കുന്നത്. ഓട്ടോറിക്ഷകളില്‍ മീറ്റര്‍ നിര്‍ബന്ധമായിരിക്കണം. യാത്ര തുടങ്ങുന്നതിന് മുമ്പ് മീറ്റര്‍ പ്രവര്‍ത്തിപ്പിക്കണം. മീറ്ററില്ലാത്ത ഓട്ടോറിക്ഷകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. ടെസ്റ്റിനുശേഷം മീറ്റര്‍ അഴിച്ചുമാറ്റിയാല്‍ സ്റ്റാന്‍ഡിലെത്തിയും റോഡില്‍ വെച്ചും പിടികൂടി കര്‍ശന നടപടിയെടുക്കും. എന്നാല്‍ ഭൂരിഭാഗം ഓട്ടോറിക്ഷകളിലും മീറ്റര്‍ ഘടിപ്പിക്കുകയോ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ നടപടികൊണ്ടു പ്രയോജനമുണ്ടാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: