കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ കല്യാണ്‍ ജൂവലേഴ്സിന്റെ എംബ്രേയര്‍ ലെഗസി 650 വിമാനത്തിന് പരമ്പരാഗത രീതിയില്‍ വാട്ടര്‍ സല്യൂട്ട് നല്കി. .
200 കോടി രൂപ മുതല്‍മുടക്കില്‍ 25 ടണ്‍ ഭാരവും 26 മീറ്റര്‍ നീളവും 21 മീറ്റര്‍ ചിറകുവിരിവുമുള്ള വിമാനത്തിന് എട്ടുമണിക്കൂര്‍ വരെ മണിക്കൂറില്‍ 834 കിലോമീറ്റര്‍ വേഗത്തില്‍ തുടര്‍ച്ചയായി പറക്കാന്‍ സാധിക്കും. എംബ്രേയര്‍ ലെഗസി കേരള ബിസിനസ് സമൂഹത്തിലെ ഏറ്റവും വലിയ വിമാനമാണ്. കൊച്ചിയില്‍ നിന്ന് യൂറോപ്പിലേക്കോ ദുബായിലേക്കോ സിംഗപ്പൂരിലേക്കോ നിര്‍ത്താതെ പറക്കാം.
40 സീറ്റര്‍ വിമാനമായ ലെഗസിയില്‍ കസ്റ്റമൈസ് ചെയ്ത 13 സീറ്റുകളാണുള്ളത്. മൂന്നു കാബിനുകളും ഒരു അടുക്കളയും സജ്ജമാക്കിയിരിക്കുന്നു. ഒരു കാബിന് ബോര്‍ഡ് റൂമായി ഉപയോഗിക്കാം. വൈ-ഫൈ ഇന്റര്‍നെറ്റ് സഹിതം ആധുനിക സൗകര്യങ്ങളെല്ലാമുണ്ട്. സീറ്റുകള്‍ കിടക്കകളാക്കി മാറ്റാം. ആഗോളതലത്തില്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് കല്യാണ്‍ ലെഗസി 650 വിമാനം സ്വന്തമാക്കിയത്.
കഴിഞ്ഞ വര്‍ഷമാണ് കല്യാണ്‍ ലെഗസി ബുക്ക് ചെയ്തത്. ഈ ബ്രാന്‍ഡിലുള്ള ഇന്ത്യയിലെ പതിനൊന്നാമത് വിമാനമാണിത്. ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ജാക്കി ചാന്, ഫോര്‍മുല വണ്‍ ഡ്രൈവര്‍ റൂബന്‍സ് ബാരിചെല്ലോ തുടങ്ങിയവരാണ് മറ്റ് ലെഗസി ഉടമകള്‍.
കന്നിപ്പറക്കലില്‍ വിമാനം കൊച്ചിയിലിറങ്ങിയപ്പോള്‍ കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്, രമേഷ് കല്യാണരാമന് എന്നിവര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം വിമാനത്താവളത്തില്‍ സ്വീകരിക്കാനായി എത്തിയിരുന്നു. രാവിലെ പത്ത് അഞ്ചിനാണ് വിമാനം കൊച്ചിയിലിറങ്ങിയത്.
സ്വകാര്യവിമാനങ്ങള്ക്കായി പണം മുടക്കുന്ന കേരളത്തില്‍നിന്നുള്ള ആദ്യത്തെ കോര്‍പ്പറേറ്റ് സ്ഥാപനമാണ് കല്യാണ്‍ ജൂവലേഴ്സ്. മൂന്നു വര്‍ഷം മുമ്പ് ഒരു വിമാനവും കഴിഞ്ഞ വര്‍ഷം ഒരു ഹെലിക്കോപ്റ്ററും കല്യാണ്‍ സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: