കൊച്ചി: ബാര്‍ ലൈസന്സിെന്റ മറവില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കോടികള്‍ പിരിച്ചതായി സൂചന. ലൈസന്‍സ് പുതുക്കി നല്കുന്നതിെന്റ പേരിലായിരുന്നു ഈ പിരിവ്.
കെപിസിസിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പത്തുലക്ഷം രൂപ വീതം നല്‍കാനായിരുന്നു ബാറുകള്‍ക്കുള്ള നിര്‍ദ്ദേശം. ബാറുടമകള്‍ ഇത് നിരസിച്ചതോടെയാണ് ലൈസന്‍സ് പുതുക്കി നല്‍കുന്നത് വൈകിപ്പിച്ചത്. സംസ്ഥാനത്തെ എണ്ണൂറോളം ബാറുടമകളില്‍നിന്ന് പത്തുലക്ഷം വീതം പിരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം പദ്ധതിയിട്ടത്. പണം നല്‍കാത്തവര്‍ക്ക് ലൈസന്‍സ് നല്‍കില്ല എന്നായിരുന്നു ഭീഷണി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലിനെത്തുടര്‍ന്ന് ബാറുകള്‍ക്ക് താല്‍ക്കാലികമായി പ്രവര്‍ത്തനാനുമതി ലഭിച്ചെങ്കിലും ഭീഷണി ഇപ്പോഴുമുണ്ട്.
പകുതിയോളം ബാറുടമകള്‍ ഇതിനകം പണം നല്കാന് തയ്യാറായതായാണ് വിവരം. ഇവര്‍ക്ക് ലൈസന്‍സ് അനുവദിക്കാനും പണം നല്കാത്തവരെ ഒഴിവാക്കാനുമാണ് ഗൂഢാലോചന . ബാറുകളുടെ നിലവാര പരിശോധന എന്ന പേരില്‍ നടക്കുന്ന ഗ്രേഡിംഗ് ഇതിനുവേണ്ടിയാണെന്നും ആക്ഷേപമുണ്ട്.
എക്സൈസ് ജീവനക്കാര്‍ക്ക് ഇല്ലാത്ത അധികാരം നല്‍കിയാണ് ബാറുകളുടെ ഗുണനിലവാര പരിശോധന നടത്തുന്നത്. പണം നല്കാന് തയ്യാറല്ലാത്ത ചില ബാറുടമകള്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് കോടതിയില്‍ നിയമയുദ്ധത്തിനൊരുങ്ങുകയാണ്. എക്സൈസ് സംഘം നടത്തുന്ന പരിശോധന കുറ്റമറ്റതല്ലെന്നും നിലവാരമില്ലാത്ത പല ബാറുകള്‍ക്കും ഇവര്‍ സര്‍ട്ടിഫിക്കറ്റ് നല്കുമ്പോള് തന്നെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പല ബാറുകളേയും ഒഴിവാക്കുന്നതായും ചൂണ്ടിക്കാണിക്കുന്നു.
കെപിസിസിയുടെ ഒരു വൈസ് പ്രസിഡന്റും എറണാകുളം ജില്ലക്കാരനായ മന്ത്രിയും ചേര്‍ന്നാണ് പിരിവിന് നേതൃത്വം നല്‍കുന്നത്. പണം നല്‍കിയില്ലെങ്കില്‍ ലൈസന്‍സ് ഫീ ‘രണ്ട്’ലക്ഷത്തില്‍നിന്ന് ’15’ ലക്ഷമായി ഉയര്‍ത്തുമെന്നായിരുന്നു ആദ്യ ഭീഷണി. ഇത് ഫലിക്കാതെ വന്നതോടെയാണ് ലൈസന്‍സ് പുതുക്കി നല്‍കാതിരിക്കുക എന്ന തന്ത്രം പയറ്റുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം മുന്‍കൂട്ടിക്കണ്ട് സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്ത്തീകരിക്കേണ്ടതായിരുന്നുവെന്നും അതിന് തയ്യാറാകാതെ മനഃപൂര്‍വം നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നുമാണ് ബാറുടമകളുടെ പരാതി. പകുതിയിലേറെ ബാറുടമകള്‍ പണം നല്കാന് തയ്യാറായതോടെ ഇന്ന് ഇവര്‍ക്കനുകൂലമായ തീരുമാനം ഉണ്ടായേക്കും. മറ്റുള്ളവര്‍ നിയമനടപടികളുമായി മുന്നോട്ടുപോയാല്‍ സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും വെട്ടിലാകും.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: