മാവേലിക്കര: രഹസ്യയോഗത്തിനിടെ 2012 ഡിസംബറില്‍ മാവേലിക്കര പോലീസ് അറസ്റ്റുചെയ്ത സംഘത്തിനും രൂപേഷുമായി ബന്ധമുണ്ടെന്ന് സൂചന. രൂപേഷിന്റെ രണ്ടുപെണ്മക്കള് ഉള്‍പ്പെടെ ഏഴുപേരെയാണ് പിടികൂടിയത്. മാവേലിക്കര മാങ്കാംകുഴി ചാരുവേലില്‍ (രാജേഷ് ഭവനം) രാജേഷ് (34), കഴക്കൂട്ടം മണ്ണാവിള തറയില്‍ ഫിയാസ് (23), തിരുവനന്തപുരം ചിറയിന്‍കീഴ് ചരുവിള ബാഹുലേയന് (50), കൊല്ലം മയ്യനാട് കൈപ്പുഴ ദേവരാജന്‍ (50), ചെന്നൈ രാജാക്കില് പാക്കം നമ്പര്‍ ആറ് ഗോപാല്‍ (42) എന്നിവരാണ് പിടിയിലായവര്‍. സ്പെഷ്യല്‍ ബ്രാഞ്ചിനു ലഭിച്ച രഹസ്യ വിവരത്തിന്റടിസ്ഥാനത്തിലായിരുന്നു പോലീസ് ലോഡ്ജില്‍ പരിശോധന നടത്തിയത്. ഇവരില്‍ നിന്നും ഒരു ലാപ് ടോപ്പ്, പെന്‍ഡ്രൈവ്, ആറ് മൊബൈല്‍ എന്നിവയും പോലീസ് പിടിച്ചെടുത്തിരുന്നു.
നിരോധിത സംഘടനകളുമായി ബന്ധമുള്ള രാജേഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. നിയമവിദ്യാര്‍ത്ഥിയായിരിക്കെ പാതിവഴിയില്‍ പഠനം നിര്‍ത്തി നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് ഇയാള്‍ പ്രവൃത്തിക്കുകയായിരുന്നു. കൂടംകുളം സമരവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സാംസ്ക്കാരിക കൂട്ടായ്മയിലാണ് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്പരം പരിചയപ്പെട്ടത്. പിന്നീട് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ നല്കിയ സന്ദേശത്തിനെ തുടര്‍ന്നാണ് ഇവര്‍ മാവേലിക്കരയില്‍ ഒത്തുകൂടിയത്.
എന്നാല്‍ ഈ കേസില്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ മാവോയിസ്റ്റുകള്‍ മനുഷ്യാവകാശ സംഘടനകളുടെ ലേബലില്‍ പിടിയിലായ രൂപേഷിന്റെ മക്കളെ ഉപയോഗിക്കാന്‍ നീക്കം നടത്തി. മാവേലിക്കര പോലീസ് സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുവന്ന ഇവരെ വനിത പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണവുമായി ഇക്കൂട്ടര്‍ രംഗത്തെത്തി. പോലീസ് മാനസികമായി പീഡിപ്പിച്ചതായി വിദ്യാര്‍ത്ഥിനികളെ കൊണ്ട് ദൃശ്യമാധ്യമങ്ങളില്‍ ആരോപണം ഉന്നയിച്ചു. ചില ദൃശ്യമാധ്യമങ്ങള്‍ ഏറ്റുപിടിച്ചു. ഇതോടെ മാവോയിസ്റ്റുകളെ അറസ്റ്റു ചെയ്ത സ്റ്റേഷന് ചാര്‍ജ്ജുണ്ടായിരുന്ന അഡീഷണല്‍ എസ്ഐ: ചെന്നിത്തല ചെറുകോല്‍ ഷേര്‍ലി ഭവനില്‍ കെ.വൈ. ഡാമിയന്‍ (52) ആത്മഹത്യ ചെയ്തു.
മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചരണവും ഇതിനെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ശാസനയും ഭീഷണിപ്പെടുത്തലുമാണ് എഎസ്ഐയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ഈ കേസ് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: