കൊച്ചി: നാലു ജില്ലകളുടെ പൊതുവികസനത്തിന് ഊന്നല്‍ നല്കുന്ന ശബരി റെയില്‍പാതയുടെ അനിശ്ചിതാവസ്ഥ അവസാനിപ്പിച്ച് പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭത്തിന് രൂപം നല്കാന് ശബരി റെയില്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
അഡ്വ. ജോയ്സ് ജോര്‍ജ്ജ് എംപി ക്യാപ്റ്റനായുള്ള ബഹുജന മാര്‍ച്ച് കരിങ്കുന്നം മുതല്‍ കാലടി വരെ കാല്‍നട ജാഥ നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ച്ചേര്‍ന്ന സമര പ്രഖ്യാപന കണ്‍വെന്‍ഷനില്‍ അറിയിച്ചു. ഈമാസം 17 ന് ആരംഭിക്കുന്ന പദയാത്ര 21 ന് കാലടിയില്‍ സമാപിക്കും. ചാലക്കുടി എംപി ഇന്നസെന്റും ജാഥയോടൊപ്പമുണ്ടാകും.
ജില്ലാ അതിര്‍ത്തിയായ നെല്ലാപ്പാറ മുതല്‍ ശബരി റെയില്‍ കടന്നു പോകുന്ന തൊടുപുഴ, വാഴക്കുളം, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍ വഴി കാലടിയില്‍ ജാഥ സമാപിക്കും. 1998 ലാണ് അങ്കമാലി ശബരി റെയില്‍പ്പാതയുടെ പ്രഖ്യാപനമുണ്ടായത്. അങ്കമാലിയില്‍ നിന്ന് നിര്‍മ്മാണം ആരംഭിക്കുകയും ഇതിനായി 130 കോടിയോളം രൂപ ചിലവഴിക്കുകയും ചെയ്തു.
എന്നാല്‍ കഴിഞ്ഞ 15 വര്‍ഷത്തിലധികമായി പദ്ധതി കടുത്ത അവഗണനയില്‍ നില്‍ക്കുകയാണ്. ലക്ഷക്കണക്കായ തീര്‍ത്ഥാടകര്‍ക്ക് ശബരിമലയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ലോകശ്രദ്ധയിലേക്ക് മാറാന്‍ കഴിയുന്ന ശബരി റെയില്‍പാതയെ അധികാരികള്‍ സമ്പൂര്‍ണ്ണമായും തഴയുകയാണ്. 1650 കോടി രൂപ മാത്രമാണ് ശബരി പാതയുടെ നിര്‍മ്മാണച്ചെലവ്. ഇതില്‍ പകുതി തുക സംസ്ഥാന ഗവണ്മെന്റ് വഹിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. സംസ്ഥാന ഗവണ്മെന്റ് ഇതിന് തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളോടും ലോകതീര്‍ത്ഥാടന കേന്ദ്രമായ ശബരി മലയോടും സംസ്ഥാന ഗവണ്മെന്റ് നിര്‍ബാധം തുടര്‍ന്നു വരുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് വമ്പിച്ച ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. 26.59 കി.മീ. മാത്രം വരുന്ന കൊച്ചി മെട്രോയ്ക്ക് ആയിരക്കണക്കിന് കോടി രൂപ സര്‍ക്കാര്‍ ചിലവഴിക്കുന്നു. തിരുവനന്തപുരത്തിനും കോഴിക്കോടിനുമായി ലൈറ്റ് മെട്രോകള്‍ക്കും സര്‍ക്കാര്‍ വന്‍തുക നീക്കി വക്കുന്നു.
എന്നാല്‍ 4 ജില്ലകളിലൂടെ കടന്നു പോകുന്ന ശബരി റെയില്‍വേ ഒഴിവാക്കുന്നത് നീതികരിക്കാനാവില്ലെന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ 15 വര്‍ഷമായി ശബരി പാതയ്ക്ക് സ്ഥലം വിട്ടുകൊടുത്ത ആയിരക്കണക്കിന് ആളുകള്‍ പ്രതിസന്ധിയിലാണ്. ഏറ്റെടുത്ത സ്ഥലത്തിനാകട്ടെ ഇതുവരെയും നഷ്ട പരിഹാരത്തുക നല്‍കിയിട്ടില്ല. 15 വര്‍ഷമായി ഭൂമിക്കുമേല്‍ ഉടമസ്ഥന് ഒരവകാശവുമില്ല. സ്ഥലം വില്‍ക്കാനോ വാങ്ങാനോ വീടു വയ്ക്കാനോ കഴിയുന്നില്ല. മക്കളുടെ വിവാഹാവശ്യങ്ങള്‍ക്കോ വിദ്യാഭ്യാസ ആവശ്യത്തിനോ ഭൂമി പണയപ്പെടുത്തി ലോണ്‍ എടുക്കാന്‍ കഴിയുന്നില്ല. സ്വന്തം ഭൂമിക്കുമേല്‍ നിയമപരമായ അവകാശമില്ലാത്ത അരക്ഷിതാവസ്ഥയിലാണ് ജനങ്ങള്‍. അനിശ്ചിതാവസ്ഥ ഒഴിവാക്കി നിര്‍മ്മാണം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് ബഹുജന പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നത്.
പദ്ധതി പ്രദേശത്തെ എംഎല്‍എമാര്‍ രക്ഷാധികാരികളും അഡ്വ. ജോയ്സ് ജോര്‍ജ്ജ് എംപി ചെയര്‍മാനും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് മാരിയില്‍ കൃഷ്ണന് നായര്‍, ഉപരക്ഷാധികാരിയുമായ സമരസമിതിയാണ് ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. മൂവാറ്റുപുഴ മുന്‍ മുന്‍സിപ്പല്‍ ചെയര്മാന് പി.എം. ഇസ്മയില്‍ ജനറല്‍ കണ്‍വീനറും, മൂവാറ്റുപുഴ മുന്‍ എംഎല്‍എ ബാബു പോള്‍ കണ്‍വീനറും എസ്എന്‍ഡിപി യോഗം മുന്‍പ്രസിഡന്റ് അഡ്വ.സി.കെ. വിദ്യാസാഗര്‍, സമര സമിതിയുടെ ട്രഷററുമാണ് ഗോപി കോട്ടമുറിക്കലാണ് ബഹുജന മാര്‍ച്ചിന്റെ മാനേജര്‍. വിവിധ രാഷ്ട്രീയ സാമൂഹിക സാമുദായിക സംഘടനകള്‍ ബഹുജന മാര്‍ച്ചില്‍ അണി നിരക്കുമെന്നും സമര സമിതി ചെയര്മാന് അഡ്വ. ജോയ്സ് ജോര്‍ജ്ജ് എംപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: