ചാത്തന്നൂര്‍: നഗരഗ്രാമ വ്യത്യാസമില്ലാതെ സ്വകാര്യ സിബിഎസ്ഇ സ്കൂളുകളിലും അണ് എയ്ഡഡ് സ്കൂളുകളിലും ഫീസ് മുപ്പതു മൂതല്‍ അന്‍പത് ശതമാനംവരെ വര്‍ധിപ്പിച്ചുകൊണ്ട് പകല്‍ക്കൊള്ള തുടങ്ങി.ബാഗ്, കുട, മഴക്കോട്ട്, യൂണിഫോം, പഠന ഉപകരണങ്ങള്‍ എന്നിവയ്ക്കെല്ലാം ആനുപാതികമായി വിലയും കൂട്ടിയിട്ടുണ്ട്.
ഫീസ്നിരക്ക് വര്‍ഷംതോറും വര്‍ധിപ്പിക്കുന്ന സ്കൂളുകള്‍. ഡീസല്‍ വില താഴുമ്പോഴും ബസ് ഫീ വര്‍ധിപ്പിക്കുന്നു. യാത്രാച്ചെലവായി ദൂരമനുസരിച്ച് പ്രതിമാസം 1200 രൂപവരെയാണ് ഈടാക്കുന്നത്. അണ് എയ്ഡഡ് സ്കൂളുകളില്‍ സ്പെഷ്യല്‍ ഫീസിനു പുറമെ സംഭാവനത്തുക കൂടി നല്‍കണം. അന്തമില്ലാതെയുള്ള വിലക്കയറ്റത്തില്‍ കുട്ടികളുടെ പഠനം അച്ഛനമ്മമാര്‍ക്ക് പരീക്ഷണമാവുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു കുട്ടിയുടെ വിദ്യാഭ്യാസച്ചെലവ് 20 ശതമാനത്തിലധികമാണ് ഈ വര്‍ഷം ഉയര്‍ന്നത്. സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മാത്രമാണ് ആശ്വാസത്തിനു വകയുള്ളത്. പുസ്തകങ്ങളും പ്രൈമറിതലത്തില്‍ യൂണിഫോമും മറ്റും സൗജന്യമായതിനാല്‍ ആ ഇനത്തില്‍ പണം ലാഭിക്കാം. എന്നാലും വിപണിയിലെ മറ്റിനങ്ങളുടെ വിലക്കയറ്റത്തിന് ഇവര്‍ക്കും മാറിനില്‍ക്കാനാവില്ല.
സ്കൂള്‍ ബാഗുകള്‍ക്കാണ് വലിയ വില. പ്രാദേശികമായി ബാഗുകള്‍ തയ്ച്ച് വില്പ്പനശാലകളിലേക്കു നല്കുന്ന സംഘങ്ങളുണ്ട്. ഇവരുണ്ടാക്കുന്ന ബാഗുകള്‍ക്ക് തന്നെ 350 മുതല്‍ 700 രൂപ വരും.
ബ്രാന്‍ഡഡ് ബാഗുകള്‍ക്ക് 500 മുതല്‍ 1200 രൂപവരെയുണ്ട്. ബാഗുകള്‍ക്ക് 100 രൂപമുതല്‍ 350 രൂപവരെ വില കൂടിയതായി രക്ഷിതാക്കള്‍ പറയുന്നു. റെയിന്‍കോട്ട് അത്യാവശ്യം ഒരു മഴക്കാലം കഴിയുംവരെയെങ്കിലും ഈടുനില്ക്കണമെങ്കില് കുറഞ്ഞത് 750 രൂപ നല്‍കണം. കുടയ്ക്ക് 180 മുതല്‍ മുകളിലേക്കാണ് വില. ഇന്‍സ്ട്രമെന്റ് ബോക്സ്, പെന്‍സില്‍, ഇറേസര്‍, പെന്‍സില്‍ ഷാര്പ്നര്, പേന തുടങ്ങിയവയ്ക്കെല്ലാം 50 പൈസ മുതല്‍ 20 രൂപവരെ വര്‍ധിച്ചു. എല്ലാത്തരം തുണികള്‍ക്കുമൊപ്പം യൂണിഫോം തുണികളുടെയും വിലകൂടി. സര്‍ക്കാര്‍ സ്കൂളുകളൊഴികെയുള്ള ചില സ്കൂളുകള്‍ ഇക്കുറി യൂണിഫോം മാറ്റി നിശ്ചയിച്ചു.
മൂന്നു ജോഡി യൂണിഫോമെങ്കിലും ഒരു അധ്യയനവര്ഷംം ഒരു കുട്ടിക്ക് വേണ്ടിവരും. മിക്ക സ്വകാര്യ സ്കൂളുകളിലും ബുധനാഴ്ചകളില്മാത്രം പ്രത്യേക യൂണിഫോമുണ്ട്. ഇങ്ങനെ തുണിക്കുമാത്രം 1000 രൂപയെങ്കിലും മുടക്കണം.തയ്യല്‍ക്കൂലി മുന്‍വര്‍ഷത്തേക്കാള്‍ നൂറുരൂപവരെ അധികമായി ഈടാക്കുന്നുണ്ട്. കുറഞ്ഞത് 1500നും രണ്ടായിരത്തിനുമിടയില്‍ രൂപ യൂണിഫോമിനത്തില്‍ മാത്രം ചെലവുണ്ട്. സിബിഎസ്ഇ സ്കൂളുകളില്‍ മിക്കവയിലും ടൈയും ഷൂവും സോക്സുമൊക്കെ യൂണിഫോമിന്റെ ഭാഗമാണ്.
ഒരു കുട്ടിക്ക് ഒരു അധ്യയനവര്‍ഷം കുറഞ്ഞത് രണ്ടുജോഡി സോക്സെങ്കിലും വേണം. കോട്ടണ്‍ സോക്സിന് 120 മുതല്‍ 180 രൂപവരെ നല്‍കണം. ഷൂവിന് 500, 700 രൂപയെങ്കിലുമാകും. സിബിഎസ്ഇ അണ്‍എയ്ഡഡ് സ്കൂളുകളിലൊന്നിലും ഏകീകൃത ഫീസില്ല. പഠന നിലവാരവും സ്കൂളുകളുടെ സൗകര്യവും മറ്റും കണക്കിലെടുത്താണ് ഫീസ് നിശ്ചയിക്കുന്നതെന്നാണ് ഇവരില്‍ ഭൂരിപക്ഷവും അവകാശപ്പെടുന്നത്.എല്ലാംകൂടി കണക്ക് കൂട്ടുമ്പോള്‍ രണ്ടു കുട്ടികളുള്ള രക്ഷിതാവിന്റ കീശ കാലിയാകും. പുതിയ അധ്യയനവര്‍ഷം ആരംഭിക്കാന്‍ ഒരു മാസം ബാക്കിനില്‍ക്കെ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവിനുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് രക്ഷാകര്ത്താക്കള്.ബ്ലേഡ് മാഫിയ തന്നെ ശരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: