കൊടുങ്ങല്ലൂര്‍: മതിലകത്ത് സിപിഎം അക്രമിസംഘം അഴിഞ്ഞാടി. ബൈക്കിലെത്തിയ സംഘം ഗുരുദേവമണ്ഡപം അടിച്ചുതകര്‍ത്തു.മതിലകം ഓണച്ചമ്മാവ് എസ്എന്‍ഡിപി ശാഖായോഗം കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന പ്രതിമക്കുനേരെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആദ്യഅക്രമണം നടന്നത്. അക്രമത്തിനു പിന്നില്‍ സിപിഎം സംഘമാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
എന്നാല്‍ രണ്ടു ബൈക്കുകളിലെത്തിയ അക്രമിസംഘം പരിസരവാസികള്‍ എത്തും മുമ്പേ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ എസ്എന്‍ഡിപി യൂണിയന് പ്രസിഡണ്ട് ഉമേഷ് ചള്ളിയില്‍ സെക്രട്ടറി പി.കെ.രവീന്ദ്രന് എന്നിവര്‍ പ്രതിഷേധിച്ചു.
സംഭവത്തിന്റെ തുടര്‍ച്ചയെന്നോണം വെള്ളിയാഴ്ച രാത്രി ബിജെപി പ്രവര്‍ത്തകനായ പൊയ്യാറ ഉണ്ണികൃഷ്ണന്റെ വീട്ടിലെ രണ്ട് ബൈക്കുകളും അക്രമികള്‍ അഗ്നിക്കിരയാക്കി. ബൈക്കുകള്‍ കത്തിയതിനെതുടര്‍ന്ന് വീടിന്റെ ഭിത്തിക്ക് വിള്ളല്‍ വീണിട്ടുണ്ട്. ജനലുകളും കത്തിനശിച്ചു. ശബ്ദംകേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് തീ കെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ഒന്നര വര്‍ഷം മുമ്പും ഉണ്ണിയുടെ വീടിനു നേര്‍ക്ക് ആക്രമണം നടന്നിരുന്നു. ഇതുസംബന്ധിച്ച് പോലീസ് നിഷ്ക്രിയ നിലപാടാണ് സ്വീകരിച്ചിരുന്നത്. മതിലകം മേഖലയില്‍ നിരവധിപേര്‍ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതില്‍ വിളറിപൂണ്ട്. സിപിഎം അക്രമം അഴിച്ചുവിടുന്നതെന്ന് ബിജെപി കൈപ്പമംഗലം മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ആക്രമണപരമ്പരക്ക് നേതൃത്വം നല്കുന്ന കുറ്റവാളികളെ പിടികൂടണമെന്ന് ബിജെപി നേതാക്കളായ എ.ആര്.ശ്രീകുമാര്‍, കെ.പി.ഉണ്ണികൃഷ്ണന്, കെ.എ.മനോജ്, കെ.പി.മുരളീധരന് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: