കൊച്ചി: പാവക്കുളം മഹാദേവക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം കാപ്പുകെട്ടോടുകൂടി ഏപ്രില്‍ 27ന് ആരംഭിച്ച് മെയ് 4 പൊങ്കാലസമര്പ്പണത്തോടുകൂടി സമാപിക്കുന്നു. രാവിലെ മഹാഗണപതിഹോമത്തിനുശേഷം പാര്‍വ്വതിദേവിക്ക് പൂമൂടല്‍ നടക്കും.
വിവിധ നിറത്തിലുള്ള 300 പറ പൂവാണ് ഇതിനുപയോഗിക്കുന്നത്. ഇന്ന് വൈകിട്ട് 5 മണിക്ക് പുന്നയ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് പാവക്കുളത്തമ്മക്ക് പൊങ്കാല ദിവസം ചാര്‍ത്താനുള്ള ദിവ്യതാലിയും വഹിച്ചുകൊണ്ടുള്ള ശോഭയാത്രയും 101 അമ്മമാരുടെ താലപ്പൊലിയും വിവിധ നിശ്ചലദൃശ്യങ്ങളും, വാദ്യമേളങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദിവ്യതാലി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നാല്‍ ക്ഷേത്രം മേല്‍ശാന്തി മൂക്കന്നൂര്‍ മോഹനന്നമ്പൂതിരിഏറ്റുവാങ്ങി പാവക്കുളത്തമ്മക്ക് ചാര്‍ത്തി ദീപാരാധന നടത്തും. തിങ്കളാഴ്ച രാവിലെ 6 മണിമുതല്‍ പൊങ്കാലകിറ്റുകള് ഭക്തജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറുകളില്‍ നിന്നും ലഭിക്കുന്നതാണ്. പൊങ്കാല നിവേദ്യം തയ്യാറാക്കുന്നതിനുള്ള കലം, ഇഷ്ടിക, കൊതുമ്പ് തുടങ്ങിയ എല്ലാ സാധനങ്ങളും ക്ഷേത്രപരിസരത്ത് ലഭ്യമാണ്.
വാട്ടര്‍ അതോറിറ്റിയുമായി സഹകരിച്ച് പൊങ്കാലകക് ആവശ്യമായ വെള്ളം ലഭ്യമാക്കിയിട്ടുണ്ട്.
പൊങ്കാല അര്‍പ്പിക്കുന്ന ഭക്തജനങ്ങള്‍ക്ക് മിനറല്‍ വാട്ടര്‍ബോട്ടിലുകളും സംഭാരവും വിതരണം ചെയ്യുന്നതാണ്. ഡോക്ടറുടെ നേതൃത്വത്തില്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്സ്, പോലീസ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവരുടെ സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ട്. പൊങ്കാല അര്‍പ്പിക്കാന്‍ എത്തിച്ചേരുന്ന ഭക്തജനങ്ങള്‍ക്ക് നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ച് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മെട്രോയുടെ പണി നടക്കുന്നതിനാല്‍ ബാനര്‍ജി റോഡില്‍ പൊങ്കാല ഇടാന്‍ അനുവദിക്കുന്നതല്ല. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടു വരാത്തരീതിയില്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള പേരണ്ടൂര്‍ റോഡില്‍ മാത്രമേ പൊങ്കാല അര്‍പ്പിക്കാവൂ എന്ന് പൊങ്കാലസമിതി കണ്‍വീനര്‍ കെ.പി.മാധവന്‍കുട്ടിയും ക്ഷേത്രം പ്രസിഡന്റ് കെ.എ.എസ്.പണിക്കരും അറിയിച്ചു.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ 9 മണിമുതല്‍ നൃത്തോത്സവം നടന്നു.
കലാമണ്ഡലം മോഹനതുളസി നൃത്തോത്സവം ഉദ്ഘാടനം ചെയ്തു. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് കുട്ടികള്‍ പങ്കെടുത്തു. ഭരതനാട്യവും, നാടോടിനൃത്തവും ആയിരുന്നു മത്സരയിനങ്ങള്‍. വൈകിട്ട് നടന്ന സമാപനസമ്മേളനത്തില്‍ ചലച്ചിത്രതാരം ഊര്‍മ്മിളഉണ്ണി സമ്മാനവിതരണം ചെയ്തു. പ്രൊഫ.സരള എസ്.പണിക്കര്‍, പൊങ്കാല സമിതി പ്രസിഡന്റ് പത്മം രാജശേഖരന്, സെക്രട്ടറി അഡ്വ.ഷൈലജ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: